വിവാഹിതരും ജംബോപട്ടികയും; കെ.എസ്.യു ഭാരവാഹിപട്ടിക വിവാദത്തിൽ
text_fieldsതിരുവനന്തപുരം: മുൻധാരണ പാലിക്കാതെ ജംബോ പട്ടികയും അതിൽ വിവാഹിതർക്ക് ഇടവും; കെ.എസ്.യു ഭാരവാഹിപട്ടികയെ ചൊല്ലി വിവാദം. പുനഃസംഘടനയിൽ കെ.പി.സി.സി നേതൃത്വം ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിച്ചു. കെ.എസ്.യു ചുമതലയുണ്ടായിരുന്ന കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാമും ജനറൽ സെക്രട്ടറി കെ. ജയന്തും സ്ഥാനം ഒഴിഞ്ഞതായാണ് വിവരം.
കെ.എസ്.യു ദേശീയ പ്രസിഡന്റ് ശൗര്യവീർ സിങ്ങാണ് പട്ടിക പ്രഖ്യാപിച്ചത്. രണ്ട് സീനിയർ വൈസ് പ്രസിഡന്റുമാരും നാല് വൈസ് പ്രസിഡന്റുമാരും 30 ജനറല്‍ സെക്രട്ടറിമാരും അടങ്ങുന്നതാണ് പട്ടിക. 14 ജില്ല പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചു. സംസ്ഥാന എക്സിക്യൂട്ടിവിൽ 43 പേരുണ്ട്. 21 കൺവീനർമാർ ഉൾപ്പെടെ ജംബോ പട്ടികയാണ് പുറത്തിറക്കിയത്. വിദ്യാർഥിപ്രസ്ഥാനത്തിൽ വിവാഹിതരും കയറിപ്പറ്റിയെന്ന് സംഘടനാവൃത്തങ്ങൾ ആരോപിക്കുന്നു.
നേരേത്ത ധാരണയിലെത്തിയ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പുനഃസംഘടനയെന്നാണ് കെ.പി.സി.സി നേതൃത്വത്തിന്റെ പരാതി. വിദ്യാർഥിസംഘടനയായതിനാൽ വിവാഹിതരെ ഒഴിവാക്കണമെന്നായിരുന്നു നിലപാട്. ഭാരവാഹികളുടെ എണ്ണം 40ന് താഴെയാക്കാനും നിർദേശിച്ചു. എന്നാൽ 90ലധികം പേരുടെ പട്ടികയാണ് ദേശീയ നേതൃത്വം പുറത്തിറക്കിയത്. ഗ്രൂപ് സമവാക്യങ്ങൾ പാലിക്കാതെയാണ് പുനഃസംഘടന. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അടക്കം പട്ടികയിൽ അതൃപ്തരാണ്.
ഇത് വരുംദിവസങ്ങളിൽ കെ.എസ്.യുവിലും കോൺഗ്രസിലും പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കും. മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ എന്നിവരാണ് സീനിയർ വൈസ് പ്രസിഡന്റുമാർ. അനന്ദനാരായണൻ, അരുൺ രാജേന്ദ്രൻ, വിശാഖ് പത്തിയൂർ, യദു കൃഷ്ണൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
ജില്ല പ്രസിഡന്റുമാർ: തിരുവനന്തപുരം- ഗോപു നെയ്യാർ, കൊല്ലം-അൻവർ സുൽഫിക്കര്‍, ആലപ്പുഴ-തോമസ് എ.ഡി, പത്തനംതിട്ട- അലൻ ജിയോ മൈക്കിൾ, കോട്ടയം- നൈസാം കെ.എൻ., ഇടുക്കി-നിതിൻ ലൂക്കോസ്, എറണാകുളം-കൃഷ്ണലാൽ കെ.എം., തൃശൂർ-ഗോകുല്‍ ഗുരുവായൂർ, പാലക്കാട്-നിഖിൽ കണ്ണാടി, മലപ്പുറം-അൻഷിദ് ഇ.കെ., വയനാട്- ഗൗതം ഗോകുൽദാസ്, കോഴിക്കോട്- സൂരജ് വി.ടി, കണ്ണൂർ-അതുൽ എം.സി., കാസർകോട്-ജവാദ് പുത്തൂർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.