തട്ടിപ്പ് മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന സംഘടനയായി എസ്.എഫ്.ഐ മാറിയെന്ന് കെ.എസ്.യു
text_fieldsകൊച്ചി: തട്ടിപ്പ് മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന സംഘടനയായി എസ്എഫ്ഐ മാറിയെന്ന് കെ.എസ്.യു. വ്യാജ രേഖ തയാറാക്കിയ കെ. വിദ്യ സംസ്ഥാനത്തെ മുതിർന്ന എസ്.എഫ്.ഐ നേതാക്കളുടെയും സി.പി.എം നേതാക്കളുടെയും പിന്തുണയോടെ നടത്തിയ തട്ടിപ്പുകൾ ഓരോന്നോരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണെന്നും സംസ്ഥാന വൈസ് പ്രസിഡണ്ട് പി. മുഹമ്മദ് ഷമ്മാസ് കോഴിക്കോട് ഡിസിസി ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എസ്.എഫ്.ഐ സംസ്ഥാന നേതാക്കളുമായി ആത്മ ബന്ധമുള്ള കെ.വിദ്യ 2018 ഡിസംബർ മുതൽ 2019 ഡിസംബർ വരെയാണ് കാലടി സംസ്കൃത സർവകലാശാല സെന്ററിൽ എം.ഫിൽ ചെയ്തത്. അതൊരു ഫുൾടൈം കോഴ്സാണ്. അതേ കാലയളവിൽ തന്നെ 2019 ജൂൺ മുതൽ നവംബർ വരെ കാലടി ശ്രീശങ്കര കോളജിൽ മലയാളം വകുപ്പിൽ താൽക്കാലിക അധ്യാപകയായി ജോലി ചെയ്തു. സർവകലാശാല നിയമങ്ങൾ പാലിക്കാതെ ഒരിടത്ത് വിദ്യാർഥിയായും മറ്റൊരു സ്ഥലത്ത് അധ്യാപികയായും പ്രവർത്തിച്ചു. യൂനിവേഴ്സിറ്റിയിൽ നിന്ന് ഫെലോഷിപ്പ് കോളേജിൽ നിന്ന് ശമ്പളം ഒരേ സമയം കൈപ്പറ്റി.
സി.പി.എം നേതാക്കളും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോയും ആവർത്തിച്ച് പറയുന്നതും വെല്ലുവിളിക്കുന്നതും ന്യായീകരിച്ചതുമായ കാര്യം വിദ്യ എസ്.എഫ്.ഐക്കാരി ആയിരിക്കുമ്പോൾ അല്ലല്ലോ ഇത്തരം തട്ടിപ്പുകൾ ഒന്നും കാണിച്ചത് എന്നാണ്. സംസ്കൃത സർവകലാശാല യൂനിവേഴ്സിറ്റി യൂനിയൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത് വരെ അധ്യാപികയായി വിദ്യ തുടർന്നു.
അങ്ങനെ യൂനിവേഴ്സിറ്റി യൂനിയൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന 2019- 20 കാലഘട്ടത്തിൽ തന്നെയാണ് പിൻവാതിൽ വഴി പി.എച്ച്.ഡി പ്രവേശനം നേടി. അവിടെയും സംവരണ അട്ടിമറി നടത്തി. വിദ്യയുടെ തട്ടിപ്പ് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പി. മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ്, സംസ്ഥാന ജനറൽ സെക്രട്ടറി പി.സനൂജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.