കെ.എസ്.യു: അഭിജിത്തിനെ നിലനിർത്താനും തെറിപ്പിക്കാനും ചരടുവലി സജീവം
text_fieldsതിരുവനന്തപുരം: കെ.എസ്.യു അധ്യക്ഷ പദവിയിൽ കെ.എം. അഭിജിത്തിനെ നിലനിർത്താനും തെറിപ്പിക്കാനും ചരടുവലി സജീവം. പുതിയ സംസ്ഥാന കമ്മിറ്റി ഫെബ്രുവരി അവസാനത്തോടെ നിലവിൽ വരുമെന്നുറപ്പായതോടെ പ്രസിഡന്റിന്റെ കാര്യത്തിൽ അണിയറയിൽ കൊണ്ടുപിടിച്ച ചർച്ചയാണ് നടക്കുന്നത്. കൂടിയാലോചനകൾക്കും തീരുമാനത്തിനും കെ.പി.സി.സി ഭാരവാഹികളായ വി.ടി. ബലറാം, കെ. ജയന്ത് എന്നിവരെ പാർട്ടി നേതൃത്വം ചുമതലപ്പെടുത്തി.
ഭാരവാഹിത്വത്തിന് പ്രായവും വിവാഹജീവിതവും മാനദണ്ഡമായ കെ.എസ്.യുവിൽ, അഭിജിത്ത് ഒഴികെ മുഴുവൻ സംസ്ഥാന ഭാരവാഹികളും പദവിയിൽ അയോഗ്യരാകും. അതിനാൽ തന്നെ തങ്ങൾക്കൊപ്പം പ്രസിഡന്റും മാറണമെന്ന നിലപാടുകാരാണ് ഗ്രൂപ്പുകൾക്കതീതമായി മുഴുവൻ ഭാരവാഹികളും. അഭിജിത്ത് മാറണമെന്നതുൾപ്പെടെ സംഘടനയുടെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിൽ നടന്ന ചർച്ചയും അത് പുറത്തായതുമെല്ലാം അതിന്റെ ഭാഗമായാണ്.
പ്രായപരിധിൽ നിൽക്കുന്ന, വിവാഹിതനല്ലാത്ത അഭിജിത്ത് സംസ്ഥാന പ്രസിഡൻറായി തുടരണമെന്ന അഭിപ്രായമാണ് കോൺഗ്രസ് നേതൃനിരയിലെ നല്ലൊരു പങ്കും പ്രകടിപ്പിക്കുന്നത്. ഉമ്മൻ ചാണ്ടിയോട് കൂറുപുലർത്തുന്ന അഭിജിത്ത് തുടരണമെന്ന് ശക്തമായി വാദിക്കുന്നതും അവരാണ്. അഭിജിത്തിനെ നിലനിർത്തി സംഘടന പുനഃസംഘടിപ്പിക്കണമെന്നാണ് അവരുടെ പക്ഷം. അഭിജിത്തിനെ മാറ്റിയാൽ സ്വന്തം പക്ഷത്തുള്ള ഒരാൾതന്നെ തലപ്പത്ത് വരുമെന്നുറപ്പിക്കാൻ കഴിയാത്തതും എ പക്ഷത്തിന്റെ ഈ നിലപാടിന് പിന്നിലുണ്ട്.
യോഗ്യതയുടെ അടിസ്ഥാനത്തിൽ അധ്യക്ഷ പദവിയിൽ അർഹതയുള്ള അഭിജിത്തിന് പകരക്കാരനായി ഉയർത്തിക്കാട്ടാൻ മറ്റൊരു യുവമുഖമില്ലെന്നതും മുഴുവൻ ഭാരവാഹികളും ഒഴിയുന്ന സാഹചര്യത്തിൽ അഞ്ചുവർഷത്തെ അദ്ദേഹത്തിന്റെ പ്രവർത്തന പരിചയവും ഗുണകരമാണെന്നും അവർ വാദിക്കുന്നു. അതേസമയം, എല്ലാവരും മാറുമ്പോൾ ഒരാളെ മാത്രം യോഗ്യതയുടെ മാത്രം പേരിൽ നിലനിർത്തുന്നത് ശരിയല്ലെന്നാണ് മറുവാദം. അഞ്ചുവർഷം നയിച്ച അഭിജിത്ത് തുടർന്നാൽ പുനഃസംഘടനയിലൂടെ സംഘടനക്ക് പുതിയ മുഖം ലഭിക്കില്ലെന്നതും അവർ പറയുന്നു. കഴിവുള്ള പെൺകുട്ടിയെ കണ്ടെത്തി സംഘടനാനേതൃത്വം ഏൽപിക്കണമെന്ന നിർദേശവും ചില കേന്ദ്രങ്ങളിൽനിന്ന് ഉയരുന്നുണ്ട്.
നിലവിലെ സംസ്ഥാന കമ്മിറ്റി ഉടൻ വിളിച്ച് അഭിപ്രായം കേട്ടശേഷം മുതിർന്ന നേതാക്കളുമായും കൂടിയാലോചിച്ച് പുനഃസംഘടന സംബന്ധിച്ച് റിപ്പോർട്ട് നൽകാനാണ് കെ.പി.സി.സി ചുമതലക്കാരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.