കെ.എസ്.യു വനിത ഭാരവാഹിയെ അടക്കം ക്രൂരമായി മർദിച്ച സംഭവത്തിൽ മൂന്ന് കേസ് രജിസ്റ്റർ ചെയ്തു -VIDEO
text_fieldsതിരുവനന്തപുരം: ലോ കോളജിൽ വനിതയുൾപ്പെട്ട കെ.എസ്.യു ഭാരവാഹികളെ ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് മൂന്ന് കേസ് രജിസ്റ്റർ ചെയ്തു. എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ രണ്ടും എതിർ പരാതിയിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തത്. കോളജിലെ സംഘട്ടനത്തിന് പിന്നാലെ മെഡിക്കൽ കോളജ് ആശുപത്രിയിലും കെ.എസ്.യു പ്രവർത്തകർ താമസിക്കുന്ന വീടുകളിലും എത്തി എസ്.എഫ്.ഐ ആക്രമണം നടത്തിയതായി പരാതിയുണ്ട്.
ചൊവ്വാഴ്ച രാത്രി എട്ടോടെ കെ.എസ്.യു യൂനിറ്റ് പ്രസിഡന്റ് സഫ്ന യാക്കൂബിനെ വളഞ്ഞിട്ട് ക്രൂരമായി മർദിച്ച എസ്.എഫ്.ഐ പ്രവർത്തകർ വീട്ടിലെത്തിയും അതിക്രമം കാട്ടിയെന്ന് കെ.എസ്.യുക്കാർ പരാതിപ്പെട്ടു. സഫ്നക്ക് പുറമെ കെ.എസ്.യു യൂനിറ്റ് ജനറൽ സെക്രട്ടറി ആഷിഖ് അഷ്റഫ്, നിതിൻ തമ്പി, എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി അംഗം അനന്തു എന്നിവർക്കും പരിക്കേറ്റു.
കോളജ് യൂനിയൻ ഉദ്ഘാടന ഭാഗമായി കലാപരിപാടി നടക്കുന്നതിനിടെ കെ.എസ്.യു ഭാരവാഹി ആഷിഖിനെ ഇരുപതോളം എസ്.എഫ്.ഐക്കാർ വളഞ്ഞിട്ട് തല്ലുകയായിരുന്നെന്ന് കെ.എസ്.യു ആരോപിച്ചു.
മന്ത്രി പി.എ. മുഹമ്മദ് റിയാസും വി.കെ. പ്രശാന്ത് എം.എൽ.എയടക്കമുള്ള നേതാക്കളും ഉദ്ഘാടനത്തിൽ പങ്കെടുത്ത് മടങ്ങിയതിന് പിന്നാലെയായിരുന്നു സംഘർഷം.
യൂനിയൻ തെരഞ്ഞെടുപ്പ് നടന്ന ദിവസവും സംഘർഷമുണ്ടായിരുന്നു. യൂനിയൻ ഭരണം എസ്.എഫ്.ഐ നേടിയെങ്കിലും വൈസ് ചെയർപേഴ്സണായി കെ.എസ്.യു സ്ഥാനാർഥി മേഘ സുരേഷാണ് ജയിച്ചത്. ഇതേച്ചൊല്ലി വാക്കുതർക്കം ഉണ്ടായിരുന്നു. അതിെൻറ തുടർച്ചയായാണ് അക്രമമുണ്ടായത്. ഒപ്പമുള്ളവരെ മർദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് സഫ്നക്ക് നേരെ ആക്രമണമുണ്ടായത്.
സഫ്നയെ തള്ളി വലിച്ചിടുന്നതും അവിടെയിട്ട് മർദിക്കുന്നതും നിതിനെ മതിലിൽ ചേർത്തുനിർത്തി മർദിക്കുന്നതും വിഡിയോ ദൃശ്യങ്ങളിൽ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.