കെ.എസ്.യു വനിത നേതാവിനെ പുരുഷ പൊലീസുകാർ കൈയേറ്റം ചെയ്തതിൽ ഡി.ജി.പിക്ക് പരാതി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയെ തടഞ്ഞ കെ.എസ്.യു വനിത നേതാവിനെ പുരുഷ പൊലീസുകാർ കൈയേറ്റംചെയ്ത സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഡി.ജി.പി അനിൽ കാന്തിന് കത്ത് നൽകി. ബജറ്റിലെ നികുതി വർധനക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായ കൊച്ചി കളമശ്ശേരിയിൽ മുഖ്യമന്ത്രിയെ തടഞ്ഞ് കരിങ്കൊടി കാണിക്കാൻ ശ്രമിച്ച കെ.എസ്.യു വനിത നേതാവ് മിവ ജോളിയെ അപമാനിച്ചുവെന്നാണ് പരാതി.
സ്ത്രീയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ പുരുഷ പൊലീസുകാർ കോളറിന് പിടിക്കുകയും അസഭ്യം പറയുകയും ചെയ്തത്രെ.
വനിതകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ ലംഘിച്ച പൊലീസുകാർക്കെതിരെ മാതൃകപരമായ നടപടി വേണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
‘പൊലീസ് മോശമായി പെരുമാറി’
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കളമശ്ശേരിയിൽ ശനിയാഴ്ച നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ പുരുഷ പൊലീസിൽനിന്ന് തനിക്ക് നേരെയുണ്ടായത് മോശം പെരുമാറ്റമെന്ന് കെ.എസ്.യു ജില്ല സെക്രട്ടറി മിവ ജോളി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തൃക്കാക്കര അസി. കമീഷണറോട് ആവശ്യപ്പെട്ടതായി കൊച്ചി സിറ്റി ഡി.സി.പി എസ്. ശശിധരൻ പറഞ്ഞു.
കരിങ്കൊടി പ്രതിഷേധവുമായി തങ്ങളെത്തുമ്പോൾ വനിത പൊലീസ് ഉദ്യോഗസ്ഥർ അവിടെയുണ്ടായിരുന്നില്ലെന്ന് മിവ ജോളി പറഞ്ഞു. പുരുഷ പൊലീസുകാരാണ് പിടിച്ചുമാറ്റാൻ ശ്രമിച്ചത്. മോശമായ രീതിയിലാണ് പൊലീസ് പെരുമാറിയത്. കോളറിൽ പിടിച്ച് കൊണ്ടുപോയി. ശേഷം അറസ്റ്റ് ചെയ്ത് നീക്കുന്ന സമയം സി.ഐ മോശമായി പെരുമാറി. ഈസമയം വനിത പൊലീസുകാർ എത്തിയെങ്കിലും സി.ഐ അനാവശ്യമായി ഇടപെട്ടു. തല പിടിച്ച് അമർത്തുകയും മുടിയിൽ പിടിച്ചുവലിക്കുകയും ചെയ്തു. മോശം സംസാരമാണ് തനിക്ക് നേരെയുണ്ടായത്.
സമരമുറകളെ ഏതുരീതിയിലും അടിച്ചമർത്താനാണ് ശ്രമമെങ്കിൽ അത് നടക്കില്ലെന്നും മിവ പ്രതികരിച്ചു. താൻ വനിതയാണെന്ന് അറിഞ്ഞു തന്നെയാണ് ഇത്തരത്തിൽ അതിക്രമമുണ്ടായതെന്നും മിവ പറഞ്ഞു. ക്രൂരമായാണ് പെരുമാറിയത്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതുമായി മുന്നോട്ടുപോകും. ഒരിക്കലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും മിവ ജോളി പറഞ്ഞു. മിവ ജോളിയെ അപമാനിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.