കെ.എസ്.യു പ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോയ സംഭവം: മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് സസ്പെന്‍ഷന്‍
text_fieldsപൂത്തോട്ട: എസ്.എന്‍ ലോ കോളജില്‍ യൂനിയന്‍ തെരഞ്ഞെടുപ്പിന് മുമ്പായി കെ.എസ്.യു പാനലില്‍ വിജയിച്ച ക്ലാസ് പ്രതിനിധി പ്രവീണയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികളെ കോളജിൽനിന്ന് സസ്‌പെന്‍ഡ് ചെയ്തു. അറസ്റ്റിലായ എസ്.എഫ്.ഐ പ്രവര്‍ത്തകരായ അതുല്‍ ദേവ്, സിദ്ധാര്‍ഥ് ഷാജി, ഭരത് രാജീവന്‍ എന്നിവരെയാണ് രണ്ടു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പൽ ഉത്തരവിറക്കിയത്.
സസ്‌പെന്‍ഷന്‍ ആവശ്യപ്പെട്ട് അഞ്ചു ദിവസമായി കെ.എസ്.യു നേതാക്കളായ ബേസില്‍ വര്‍ഗീസ് പാറേക്കുടിയിലും ജിം ജെ. ജയിംസും കോളജിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരുന്നു.ജിം ജെ. ജയിംസിനെ കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ കോളജ് അധികൃതരുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, ഡി.സി.സി ജനറല്‍ സെക്രട്ടറി രാജു പി. നായര്‍, ജയന്‍ കുന്നേല്‍ എന്നിവര്‍ മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ തിങ്കളാഴ്ച തന്നെ തീരുമാനം എടുക്കാമെന്ന് കോളജ് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും സസ്പെന്‍ഷന്‍ പ്രഖ്യാപിക്കാതെ സമരം പിന്‍വലിക്കില്ലെന്ന് കെ.എസ്.യു നിലപാടെടുത്തു. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തീകരിച്ച് വൈകീട്ടോടെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങി. ജില്ല പഞ്ചായത്ത് അംഗം എല്‍ദോ ടോം പോള്‍ നാരങ്ങനീര് നല്‍കി നിരാഹാര സമരം അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.