എസ്.എഫ്.ഐ ക്രിമിനലുകളെ നിലക്ക് നിര്‍ത്തണമെന്ന് കെ. സുധാകരന്‍
text_fieldsതിരുവനന്തപുരം: എസ്.എഫ്.ഐ ക്രിമിനലുകളെ നിലക്ക് നിര്‍ത്താന്‍ സി.പി.എം തയാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. കാര്യവട്ടം കാമ്പസിലെ ഇടിമുറിയിലിട്ട് കെ.എസ്.യു ജില്ലാ ജോയിന്റ് സെക്രട്ടറിയും വിദ്യാർഥിയുമായ സഞ്ചോസിനെ ക്രൂരമായിട്ടാണ് ക്രിമിനലുകളായ കുട്ടിസഖാക്കള്‍ മർദിച്ചത്. പ്രതിഷേധ സ്ഥലത്തെത്തിയ എം. വിന്‍സന്റ് എം.എൽ.എയെയും എസ്.എഫ്.ഐക്കാര്‍ കൈയേറ്റം ചെയ്തു. ഈ സമയത്തെല്ലാം പൊലീസുകാര്‍ വെറും കാഴ്ചക്കാരായിരുന്നു.
കെ.എസ്.യു പ്രവര്‍ത്തകനെ മർദിച്ച എസ്.എഫ്.ഐക്കാര്‍ക്കെതിരെ കേസെടുക്കാത്തതിനെ തുടര്‍ന്നാണ് എം.എൽ.എമാരായ എം. വിന്‍സന്റ്, ചാണ്ടി ഉമ്മന്‍ എന്നിവര്‍ കുട്ടികളോടൊപ്പം പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചത്. അത് ജനപ്രതിനിധികളുടെ കടമകൂടിയാണ്. അതുകൊണ്ട് മാത്രമാണ് അക്രമം നടത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പേരിനെങ്കിലും കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരായത്. അതിന്റെ പ്രതികാരമാണ് യു.ഡി.എഫ് എം.എ.ല്‍എമാര്‍ക്കെതിരെയുള്ള പൊലീസിന്റെ കള്ളക്കേസ്. ക്രിമിനലുകളെ സംരക്ഷിക്കുന്ന സി.പി.എമ്മിന്റെയും അവര്‍ക്ക് സഹായം നല്‍കുന്ന പൊലീസിന്റെയും നിലപാട് പ്രതിഷേധാര്‍ഹമാണ്.
എസ്.എഫ്.ഐയുടെ ആക്രമണത്തില്‍ പൊലീസുകാരന് പരിക്കേറ്റതിന്റെ പേരില്‍ കെ.എസ്.യുവിന്റെ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത് അംഗീകരിക്കാനാവില്ല. അധ്യാപകന്റെ കാല്‍വെട്ടുമെന്ന് പരസ്യമായി ഭീഷണി മുഴക്കുകയും കാമ്പസുകളില്‍ അക്രമങ്ങള്‍ നടത്തുകയും നിരപരാധികളായ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്യുന്ന കുട്ടിസഖാക്കളെ സംരക്ഷിക്കുന്നതിലൂടെ സി.പി.എം ഭാവിയിലേക്കുള്ള ക്വട്ടേഷന്‍ സംഘത്തെ വാര്‍ത്തെടുക്കുകയാണ്. എസ്.എഫ്.ഐക്ക് സ്വാധീനമുള്ള കലാലയങ്ങളില്‍ ഇടിമുറികള്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. അതിന് ഇടതനുകൂലികളായ അധ്യാപകരുടെ സഹായവും ലഭിക്കുന്നുണ്ട്.
എസ്.എഫ്.ഐയുടെയും സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തെ വിദ്യാർഥികള്‍ പടിക്കുപുറത്താക്കുന്ന കാഴ്ചയാണ് കാമ്പസ് തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുന്നത്. തിരഞ്ഞെടുപ്പുകളില്‍ ജനവിധി എതിരായിട്ടും തിരുത്താന്‍ സി.പി.എം തയാറാകാത്തത് നിര്‍ഭാഗ്യകരമാണ്. സി.പി.എമ്മിന്റെ തെറ്റുതിരുത്തല്‍ എസ്.എഫ്.ഐയില്‍ നിന്ന് തുടങ്ങുന്നതാണ് ഉചിതം. അതല്ലാതെ അക്രമം തുടരാനാണ് ഉദ്ദേശമെങ്കില്‍ അതിന് വലിയ വില നല്‍കേണ്ടിവരും. അത് മുന്നില്‍ കണ്ട് സ്വയംതിരുത്താന്‍ എസ്.എഫ്.ഐയെ ഉപദേശിക്കുന്നതാണ് സി.പി.എമ്മിന് നല്ലതെന്നും കെ. സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.