ജനങ്ങളെ പട്ടിണിക്കിട്ട് മുഖ്യമന്ത്രിയും പരിവാരങ്ങളും ആഡംബരയാത്ര നടത്തുന്നുവെന്ന് കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ മുഖ്യമന്ത്രിയും പരിവാരങ്ങളും ആഡംബരയാത്ര നടത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നവകേരളയാത്ര എന്ന പേരിൽ പൊതുഖജനാവിലെ പണം കൊണ്ട് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണെന്നും അദ്ദേഹം അറിയിച്ചു.
കർഷകരും പാവങ്ങളും അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടതിനാൽ തിനാൽ ആത്മഹത്യ ചെയ്യുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും ധൂർത്തടിക്കുകയാണ്. കോടികളുടെ ആഡംബര ബസിൽ കേരളം ചുറ്റി വൻകിട മുതലാളിമാർക്ക് സൽക്കാരം ഒരുക്കുന്ന മുഖ്യമന്ത്രി നെൽകർഷകർക്ക് നെല്ല് സംഭരിച്ച പണം പോലും നൽകുന്നില്ല. ലൈഫ് പദ്ധതിയിൽ വീട് നിർമ്മിക്കാൻ പണം നൽകാത്ത സർക്കാരാണ് മുഖച്ഛായ വർദ്ധിപ്പിക്കാൻ നവകേരള സദസ് സംഘടിപ്പിക്കുന്നത്.
ആദ്യം പാവങ്ങളുടെ ക്ഷേമപെൻഷൻ എങ്കിലും കൊടുത്തു തീർക്കാൻ സർക്കാർ തയ്യാറാവണം. ജനങ്ങളുടെ മേൽ കെട്ടിവെച്ച നികുതിഭാരം കുറയ്ക്കാനുള്ള വീണ്ടുവിചാരം സർക്കാരിനുണ്ടാവണം. വൈദ്യുതി ചാർജും വെള്ളക്കവും കെട്ടിട നികുതിയും വർധിപ്പിച്ച നടപടി ഉടൻ മരവിപ്പിക്കണം. എന്നാൽ യാത്ര കഴിയുമ്പോഴേക്കും കേരള ജനതക്ക് സമ്മാനമായി അവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ആഡംബര ബസിന് കേരളത്തിലെ റോഡ് നിയമങ്ങളൊന്നും ബാധകമല്ല. ചില സ്വകാര്യ ബസുകൾക്ക് ഫൈൻ ഇടുന്ന എംവിഡിക്ക് മുഖ്യമന്ത്രിയുടെ ബസിൻ്റെ കാര്യത്തിൽ ഇരട്ടനീതിയാണ്. കോടികൾ കൊടുത്ത് വാങ്ങിയ ബസ് മ്യൂസിയത്തിൽ വെച്ചാൽ ആയിരങ്ങൾ കാണാൻ വരുമെന്നാണ് എ.കെ ബാലൻ പറയുന്നത്. ഇങ്ങനെ പോയാൽ ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ സി.പി.എമ്മിനെ കാണാൻ മ്യൂസിയത്തിൽ പോവേണ്ടി വരുമെന്നും കെ. സുരേന്ദ്രൻ പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.