വന്യജീവികളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ വന്യജീവികളിൽ നിന്നും സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരുമാസത്തിനിടെ അഞ്ചുപേരാണ് സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രണ്ട് ദിവസത്തിനിടെ മൂന്ന് പേർ കൊല്ലപ്പെട്ടിട്ടും സർക്കാർ ഉണർന്നു പ്രവർത്തിക്കുന്നില്ല.
വനംവകുപ്പ് മന്ത്രി രാജിവെക്കുകയാണ് വേണ്ടത്. കോതമഗംലത്തിനു പിന്നാലെ തൃശ്ശൂർ പെരിങ്ങൽ കുത്തിലും കാട്ടാനയുടെ ആക്രമത്തിൽ സ്ത്രീ മരിച്ചു. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിൻറെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കർഷകനും മരിച്ചു. ജനങ്ങളുടെ ജീവന് സംരക്ഷണം നൽകേണ്ട മുഖ്യമന്ത്രി വസ്ത്രത്തിൽ മൂത്രമൊഴിച്ച മരപ്പട്ടിയെ കുറിച്ച് വാചാലനാകുമ്പോൾ ജനങ്ങൾക്ക് വന്യജീവികളിൽ നിന്നും രക്ഷയില്ലാതായിരിക്കുകയാണ്.
നിയമങ്ങൾ ഉണ്ടായിട്ടും അത് കർക്കശമായി നടപ്പിലാക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയതാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണം. മറ്റു സംസ്ഥാനങ്ങൾ ന്യൂതനമായ രീതിയിൽ വന്യജീവികളുടെ ആക്രമണത്തെ പ്രതിരോധിക്കുമ്പോൾ കേരളം ഇപ്പോഴും പഴഞ്ചൻ രീതിയാണ് പിന്തുടരുന്നത്.
ജീവിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ട ജനങ്ങളുടെ പ്രതിഷേധത്തെ അടിച്ചമർത്താനാണ് സർക്കാരും പൊലീസും ശ്രമിക്കുന്നത്. ഇത്രയും പേർ ദാരുണമായി കൊല്ലപ്പെട്ടിട്ടും അവിടെയൊന്നും പോകാൻ തയ്യാറാവാതിരുന്ന മുഖ്യമന്ത്രി മനസാക്ഷിയില്ലാത്തയാളാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
മിൽമ പിടിച്ചെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ബിൽ രാഷ്ട്രപതി ഒപ്പിടാതിരുന്നത് സ്വാഗതാർഹമാണ്. വളഞ്ഞവഴിയിലൂടെ മിൽമയും പിടിച്ചെടുക്കാമെന്നായിരുന്നു സി.പി.എം കണക്കുകൂട്ടിയിരുന്നത്. അഴിമതി നടത്തി മിൽമയെ തകർക്കാനുള്ള ഗൂഢാലോചന പൊളിച്ച രാഷ്ട്രപതിയെ കേരളത്തിലെ ജനങ്ങളുടെ നന്ദി അറിയിക്കുന്നതായും സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.