Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറാഗിങ് തടയാൻ ബി.ജെ.പി...

റാഗിങ് തടയാൻ ബി.ജെ.പി പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് കെ.സുരേന്ദ്രൻ; ‘ഭീകരവാദ സംഘടനകളെ പോലും നാണിപ്പിക്കുകയാണ് എസ്.എഫ്.ഐ’

text_fields
bookmark_border
KSurendran
cancel

തിരുവനന്തപുരം: കേരളത്തിൽ പ്രാകൃതമായ റാഗിങ്ങിന് നേതൃത്വം നൽകുന്നത് സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് റാഗിംഗ് തടയാൻ ബി.ജെ.പി പ്രവർത്തകർ രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദ സംഘടനകളെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ള സാമൂഹ്യവിരുദ്ധ സംഘടനയായി എസ്.എഫ്.ഐ മാറിയെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

അതിഭീകരമായ രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് എസ്.എഫ്.ഐ നേതാക്കന്മാർ കേരളത്തിലെ കലാലയങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്നത്. പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാർത്ഥന്റെ ദാരുണമായ കൊലപാതകത്തിന് ശേഷവും ഇത്തരം പ്രാകൃതമായ നടപടികൾ തുടരുന്നത് മുഖ്യമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും ഒത്താശയോടുകൂടിയാണ്.

പൊലീസിന്റെ സഹായത്തോടുകൂടിയാണ് കേരളത്തിലെ ക്യാമ്പസുകളിൽ റാഗിങ് നടക്കുന്നത്. റാഗിങ് കേസുകളിലെ പ്രതികൾക്ക് പരീക്ഷ എഴുതാനുള്ള സംവിധാനം ഒരുക്കി കൊടുക്കുക, കേസുകളിൽ നിന്നും ക്രിമിനലുകളെ രക്ഷപ്പെടുത്തുക തുടങ്ങിയ സമീപനമാണ് കേരള പൊലീസ് നടത്തുന്നത്. പൊലീസിന്റെ ഇത്തരം സമീപനം കൊണ്ടാണ് കേരളത്തിൽ റാഗിംങ് തുടരുന്നത്. സാമൂഹ്യവിരുദ്ധ സംഘടനയായ എസ്.​എഫ്.ഐയെ ഒറ്റപ്പെടുത്താൻ കേരളത്തിലെ എല്ലാ ജനങ്ങളും ഒരുമിച്ചു വരണം എന്നാണ് ബി.ജെ.പിയുടെ അഭ്യർത്ഥന.

റാഗിങ് ഭീഷണിക്ക് ഇരയാകുന്ന വിദ്യാർഥികളെ സംരക്ഷിക്കുന്ന നടപടികൾ ബി.ജെ.പി കൈക്കൊള്ളും. എല്ലാ ജില്ലകളിലും ആന്റി റാഗിങ് ഹെല്പ് ഡെസ്ക്കുകൾ പാർട്ടി ആരംഭിക്കും. കോട്ടയം ജില്ലയിൽ ആദ്യത്തെ ഹെൽപ്പ് ഡെസ്ക് നിലവിൽ വന്നു കഴിഞ്ഞു. സാമൂഹ്യവിരുദ്ധർക്കെതിരെ ജനങ്ങളെ അണിനിരത്തി വലിയ പ്രതിരോധ സമരങ്ങൾക്ക് ബി.ജെ.പി നേതൃത്വം നൽകും. മനുഷ്യത്വ വിരുദ്ധമായ റാഗിംഗ് പോലെയുള്ള കാടത്തരം തുടർന്നാൽ സാമൂഹ്യവിരുദ്ധരെ ജനങ്ങൾ കൈകാര്യം ചെയ്യുമെന്നും കെ.സുരേന്ദ്രൻ ഓർമ്മിപ്പിച്ചു.

50 വർഷത്തേക്കുള്ള വായ്പ എന്നത് ഫലത്തിൽ ഒരു ഗ്രാൻഡ് തന്നെയാണെന്ന് വയനാടിന് കേന്ദ്രസർക്കാർ അനുവദിച്ച 530 കോടിയെ പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത് നിക്ഷേപ മൂലധന വായ്പ തന്നെയാണ്. വായ്പ 50 വർഷം കഴിഞ്ഞ് തിരിച്ചടയ്ക്കണമെന്ന് ഓർത്ത് പിണറായി വിജയനും ഇടതുപക്ഷവും വ്യാകുലപ്പെടേണ്ടതില്ല. രാഷ്ട്രീയ പ്രചരണം നടത്തുന്നതിന് പകരം 530 കോടി രൂപ ഫലപ്രദമായി ഉപയോഗിക്കാനുള്ള സത്ത്വരമായ നടപടിയാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളേണ്ടത്. വയനാടിനെ രക്ഷിക്കാനുള്ള പണമാണ് കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്. ഇനിയും കിടന്നുറങ്ങാതെ സംസ്ഥാന സർക്കാർ ഉണർന്ന് പ്രവർത്തിക്കണം. വയനാടിന്റെ പുനരധിവാസമാണ് അടിയന്തരമായി സർക്കാർ ചെയ്യേണ്ടതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RaggingK SurendranKottayam Nursing College
News Summary - K Surendran says BJP workers will take action to stop ragging
Next Story