പിന്നാക്ക സമുദായങ്ങളെ എൽ.ഡി.എഫും യു.ഡി.എഫും ചതിക്കുന്നുവെന്ന് കെ.സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: ദേവികുളം എം.എൽ.എയും സി.പി.എം നേതാവുമായ എ. രാജയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പിന്നാക്ക സമുദായങ്ങളെ കാലാകാലങ്ങളായി എൽ.ഡി.എഫും യു.ഡി.എഫും ചതിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്.
പട്ടികജാതി സംവരണ സീറ്റുകളിൽ പോലും കേരളത്തിൽ പട്ടികജാതിക്കാരല്ല തെരഞ്ഞെടുക്കപ്പെടുന്നത് എന്ന വസ്തുത പട്ടികജാതി ജനവിഭാഗങ്ങളോടുള്ള കേരളത്തിലെ ഭരണനേതൃത്വത്തിന്റെ മനോഭാവത്തെ തുറന്നു കാണിക്കുന്നതാണ്. സംവരണ സമുദായമല്ലാത്ത വ്യക്തിയെ വ്യാജരേഖയുണ്ടാക്കി സംവരണ സമുദായാംഗമാക്കി തിരഞ്ഞെടുപ്പിൽ നിർത്തി മത്സരിപ്പിച്ച എൽ.ഡി.എഫും യു.ഡി.എഫും മാപ്പർഹിക്കാത്ത തെറ്റാണ് ചെയ്തിരിക്കുന്നത്. ഈ നാട്ടിലെ പിന്നാക്ക സമുദായാംഗങ്ങളെ വഞ്ചിച്ച ഇരുമുന്നണികളും നാട്ടിലെ മുഴുവൻ ജനങ്ങളോടും മാപ്പുപറയണമെന്ന് സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ നിന്നുള്ള എം.പി. കൊടിക്കുന്നിൽ സുരേഷും മുൻ എം.പി പി.കെ ബിജുവും പട്ടികജാതിക്കാരല്ല. വ്യാജ പട്ടികജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഇരുവരും മത്സരിച്ച് ജയിച്ചത്. ഇതുസംബന്ധിച്ച് ഉയർന്നുവന്ന നിയമനടപടികളിലും അവർ നീതിന്യായ സംവിധാനങ്ങളെ കബളിപ്പിക്കുകയായിരുന്നു. പാവപ്പെട്ട പട്ടികജാതിക്കാരുടെ ചോരയും വിയർപ്പും ഊറ്റിക്കുടിച്ച് കെട്ടിപ്പൊക്കിയ സാമ്രാജ്യങ്ങളിലെ രാജാക്കന്മാരായി വിലസുന്ന ഇടതു-വലതുമുന്നണികളെക്കൊണ്ട് കാലം കണക്കു പറയിപ്പിക്കുമെന്നുറപ്പാണ്. പട്ടികജാതിക്കാരെ പറ്റിക്കുന്ന കാര്യത്തിലും സി.പി.എമ്മും കോൺഗ്രസും ഒറ്റക്കെട്ടാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.