ജലീൽ: കുഞ്ഞാലിക്കുട്ടിയെ മലർത്തിയടിച്ച് തുടങ്ങിയ പടയോട്ടം; വിസ്മയക്കുതിപ്പിനൊടുവിൽ വീഴ്ച
text_fieldsമലപ്പുറം: രാഷ്ട്രീയ എതിരാളികളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട്, വിമർശനങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി, ചരിത്രാധ്യാപകൻ, വേദികളിൽ ഇടിമുഴക്കം സൃഷ്ടിക്കുന്ന ശബ്ദത്തിനുടമ... ഡോ. കെ.ടി. ജലീൽ ഇതൊക്കെയാണ്. പി.കെ. കുഞ്ഞാലിക്കുട്ടി എന്ന അതികായനെ അദ്ദേഹത്തിെൻറ തട്ടകത്തിൽ മലർത്തിയടിച്ച് എല്ലാവരെയും ഞെട്ടിച്ച് തുടങ്ങിയ പടയോട്ടം.
കടുത്ത വിമർശനങ്ങളും വിവാദങ്ങളും പല വഴിയിൽ വന്നു. ആരോപണങ്ങളുടെ മലവെള്ളപ്പാച്ചിലുണ്ടായി. വളാഞ്ചേരി കാട്ടിപ്പരുത്തി കൂരിപ്പറമ്പിൽ തെക്കുമ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജിയുടെയും പാറയിൽ നഫീസയുടെയും മകന് ഒരു കുലുക്കവുമുണ്ടായില്ല. എല്ലാം നെഞ്ചുവിരിച്ച് നേരിട്ടു.
1967ൽ തിരൂരിൽ ജനിച്ച കെ.ടി. ജലീലിെൻറ വളർച്ച അതിശയിപ്പിക്കുന്ന വേഗത്തിലായിരുന്നു. വിദ്യാർഥിയായിരിക്കേ സ്റ്റുഡൻറ്സ് ഇസ്ലാമിക് മൂവ്മെൻറ് ഓഫ് ഇന്ത്യ (സിമി)യിൽ തുടങ്ങി എം.എസ്.എഫിലൂടെ യൂത്ത് ലീഗ് നേതൃനിരയിലെത്തി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് എം.ഫിൽ. കേരള സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി. 1994ൽ പി.എസ്.എം.ഒ കോളജിൽ ചരിത്രാധ്യാപകനായി.
1991ൽ ജില്ല കൗൺസിലിലേക്കായിരുന്നു ആദ്യ തെരഞ്ഞെടുപ്പ് അങ്കം. കുറ്റിപ്പുറം ഡിവിഷനിൽ നിന്ന് 23ാം വയസ്സിൽ ലീഗ് ടിക്കറ്റിൽ ജയിച്ചു. 2000ൽ ജില്ല പഞ്ചായത്തിലേക്ക് കുറ്റിപ്പുറം ഡിവിഷനിൽ നിന്ന് വീണ്ടും ജയിച്ച് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി. 2001ൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി. നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 2005ൽ മുസ്ലിം ലീഗിൽ നിന്ന് രാജിവെച്ചു.
2006ൽ കുറ്റിപ്പുറം നിയമസഭ മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ പിന്തുണയോടെ ചരിത്ര വിജയം. 2011ലും 2016ലും സി.പി.എം സ്വതന്ത്രനായി തവനൂരിൽ നിന്ന് നിയമസഭാംഗമായി. 2016ൽ തദ്ദേശഭരണ, ന്യൂനപക്ഷ ക്ഷേമ ഹജ്ജ്-വഖഫ് കാര്യ വകുപ്പുകളുടെയും 2018ൽ ഉന്നത വിദ്യാഭ്യാസ വകുപ്പിെൻറയും ചുമതലക്കാരനായി.
പി.എസ്.എം.ഒ കോളജിലെ ചരിത്ര ക്ലാസിൽ നിന്നിറങ്ങി രാഷ്ട്രീയ ജീവിതത്തിലേക്ക് നടന്ന അധ്യാപകൻ എഴുത്തിെൻറ വഴിയിലൂടെയും സഞ്ചരിച്ചു. കുറ്റിപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയെ തോൽപ്പിക്കാൻ ജലീലിനെ പിന്തുണച്ച മതസംഘടനകളെയും അനുയായികളെയും പിന്നീട് പല ഘട്ടങ്ങളിലും ജലീൽ ശത്രുപക്ഷത്ത് നിർത്തി.രാഷ്ട്രീയ പാർട്ടികൾക്ക് പുറമെ സമസ്ത, ജമാഅത്തെ ഇസ്ലാമി നേതൃത്വങ്ങളെയെല്ലാം ആവശ്യത്തിനും അനാവശ്യത്തിനും രൂക്ഷമായി വിമർശിച്ചു.
ചെറിയ വിമർശനങ്ങളിൽ പോലും പ്രകോപിതനായി മാധ്യമങ്ങളെ പേരെടുത്ത് ആക്രമിക്കുകയും വൈകാരികമായി പ്രതികരിക്കുകയും ചെയ്തു. ഫേസ്ബുക്കായിരുന്നു പ്രധാന പ്രതികരണ വേദി. പിണറായി വിജയെൻറ ഗുഡ് ബുക്കിലായിരുന്നതിനാൽ വിമർശനങ്ങളുണ്ടായപ്പോഴും പിടിച്ചുനിന്നു.
സി.പി.എമ്മിനകത്തു നിന്ന് തന്നെ വിമർശനങ്ങളുണ്ടായപ്പോൾ തദ്ദേശ വകുപ്പിെൻറ ചുമതലയിൽ നിന്ന് മാറ്റിയെങ്കിലും ഉന്നത വിദ്യാഭ്യാസമന്ത്രിയാക്കി മുഖ്യമന്ത്രി സംരക്ഷിച്ചു. ബന്ധുനിയമനം, മാർക്ക് ദാനം, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ വന്നെങ്കിലും മുഖ്യമന്ത്രി കൈവിട്ടില്ല. എന്നാൽ, ലോകായുക്ത വിധി വന്ന ശേഷവും ജലീലിനെ സംരക്ഷിക്കുന്നത് തിരിച്ചടിയാകുമെന്നതിനാലാണ് മുഖ്യമന്ത്രി കൈവിടാൻ നിർബന്ധിതനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.