മുഖ്യമന്ത്രി തെറ്റുകാരോട് രാജിയാകില്ല, ആ ഓർമ ഉണ്ടായാൽ അപമാനഭാരവും ജയിൽവാസവും ഒഴിവാക്കാം -കെ.ടി. ജലീൽ
text_fieldsമലപ്പുറം: ഹേമ കമീഷൻ റിപ്പോർട്ട് പുറത്തുവിടാൻ വിലങ്ങുതടിയായത് നിയമക്കുരുക്കുകളാണെന്നും അവസാനം വിവരാവകാശ കമ്മീഷൻ പച്ചക്കൊടി കാട്ടിയതോടെ ചടുലമായ നീക്കത്തിലൂടെയാണ് റിപ്പോർട്ട് ജനസമക്ഷം വെച്ചതെന്നും കെ.ടി. ജലീൽ എം.എൽ.എ. ഇത്തരമൊരു അന്വേഷണ കമ്മീഷൻ അടിയന്തിരമായി ഇനി വേണ്ടത് അച്ചടി-ചാനൽ മാധ്യമ മേഖലയിലാണെന്നും ജലീൽ പറഞ്ഞു. ‘സ്ത്രീകൾക്ക് കുറഞ്ഞ വേതനവും രാത്രികാലങ്ങളിലെ ജോലിയും മാധ്യമ മുതലാളിമാരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും നേരിടേണ്ടി വരുന്ന അവഗണനയും ഭീഷണിയും അപമാനവും പരിഹാസവും ലൈംഗിക അതിക്രമ ശ്രമങ്ങളും ചെറുതല്ലെന്നാണ് കേൾവി. ഇതേ സംബന്ധിച്ചും ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ ഒരു കമ്മീഷനെ രണ്ടാം പിണറായി ഗവൺമെൻറ് നിയോഗിച്ചാൽ നന്നാകും. വാർത്താ വിതരണ പ്രക്ഷേപണ സംപ്രേക്ഷണ മേഖലകളിൽ പണിയെടുക്കുന്ന സ്ത്രീകൾക്കും ജോലിസ്ഥിരതയും ഉയർന്ന വേതനവും വേണം. അവരുടെ സ്വത്വബോധവും അഭിമാനവും സംരക്ഷിക്കപ്പെടണം. തെറ്റുകാരോട് രാജിയാകുന്നയാളല്ല കേരളത്തിന്റെ മുഖ്യമന്ത്രി. ആ ഓർമ എല്ലാവർക്കും ഉണ്ടായാൽ അപമാന ഭാരവും ജയിൽവാസവും ഒഴിവാക്കാം’ -ജലീൽ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
പൂർണരൂപം വായിക്കാം:
മഞ്ഞുമലയുടെ ഒരറ്റമേ കണ്ടിട്ടുള്ളൂ. ഇനിയും എത്ര കാണാൻ കിടക്കുന്നു!
ചൂഷണം ഒരു രംഗത്തും നടക്കാൻ പാടില്ല. പരസ്പര സമ്മദത്തോടെ അല്ലാതെ ഒരാളും മറ്റൊരാളുടെ ശരീരത്തിൽ തൊടരുത്. ആരും ആരെയും ശല്യപ്പെടുത്തുകയും അരുത്. ശാന്തിയും സമാധാനവും, സംതൃപ്തിയും സ്നേഹവും സാമൂഹ്യ പ്രതിബദ്ധതയും സേവന മനസ്ഥിതിയും, തുല്യതാബോധവും പരസ്പര ബഹുമാനവും എവിടെയുണ്ടോ അവിടെ മാത്രമേ സ്ത്രീ സുരക്ഷിതയാവുകയുള്ളൂ. അന്യൻ്റെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതിയിൽ സ്ത്രീകൾ വെറും ലൈംഗിക ആസക്തിയുടെ ഇരകൾ ആവുക സ്വാഭാവികം.
സ്വതസിദ്ധമായ തൻ്റെ കഴിവുകൾ പ്രകടിപ്പിക്കാനും, ഒരു തൊഴിൽ കിട്ടാനും, കുടുംബത്തിൻ്റെ പട്ടിണി മാറ്റാനും, സ്വന്തത്തെ അടിയറ വെക്കാൻ നിർബന്ധിതരാക്കപ്പെടുന്ന ശപിക്കപ്പെട്ട സാമൂഹ്യ ചുറ്റുപാടിൽ, സ്ത്രീ നിർഭയയായി കിടന്നുറങ്ങുന്നേടത്ത് ചെന്ന് വാതിലിൽ മുട്ടുന്നവർ ഭീതിപ്പെടുത്തുന്നത് നിസ്സഹായരായ ഒരു ജനതയേയാണ്. ഒരുത്തൻ്റെ മുന്നിലും തലകുനിക്കില്ലെന്ന് തൻ്റേടത്തോടെ മഹിളകൾ തീരുമാനിച്ചാൽ ഇത്തരക്കാരെ നിഷ്പ്രയാസം നേരിടാനാകും. താൻ ചതിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്തുവെന്ന് ഒരാൾക്ക് തോന്നുമ്പോൾ മാത്രമാണ് ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ തുറന്നുപറയാൻ ബന്ധപ്പെട്ടവർ തയ്യാറാവുക.
മറ്റെല്ലാ തൊഴിൽ മേഖലയേയും പോലെ ആയിരക്കണക്കിനാളുകൾ ഉപജീവനം തേടുന്ന രംഗമാണ് സിനിമാ വ്യവസായം. കഴിവുള്ളവരും മാന്യരും ആ രംഗത്തേക്ക് കടന്നുവരുന്നത് തടയാൻ പുതിയ വിവാദങ്ങൾ വഴിവെക്കരുത്. മറ്റേതൊരു തൊഴിലിടത്തിലുമെന്ന പോലെ സിനിമാ പരിസരത്തും അരുതാത്തതും കുറ്റകരവുമായ പ്രവണതകളുണ്ട്. അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കണം. ആത്മീയ ഉൽപാദന കേന്ദ്രങ്ങൾ പോലും ലൈംഗികാതിക്രമ ആരോപണങ്ങളിൽ നിന്ന് മുക്തമല്ലെന്നതാണ് നമ്മുടെ അനുഭവം. എലിയെ പേടിച്ച് ഇല്ലം ചുടലല്ല ഇതിനു പരിഹാരം. രോഗത്തിനാണ് ചികിൽസ നൽകേണ്ടത്. തലവേദന മാറ്റാൻ ഉടലിൽ നിന്ന് തലവെട്ടി മാറ്റാൻ ആരും മുതിരാറില്ലല്ലോ?
വില്ലൻമാർ കഥയിൽ മതി, സിനിമയുടെ പുറത്ത് വേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രതീക്ഷ നൽകുന്നതാണ്. ലോക സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമാകും സ്ത്രീകൾ നേരിടുന്ന നാനോന്മുഖമായ പ്രശ്നങ്ങളെ സംബന്ധിച്ച് പഠിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും ഒരു അന്വേഷണ കമ്മീഷൻ നിയോഗിക്കപ്പെട്ടത്. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാൻ വിലങ്ങുതടിയായത് നിയമക്കുരുക്കുകളാണ്. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നേരത്തെ തന്നെ സർക്കാർ നടപ്പിലാക്കിത്തുടങ്ങിയിരുന്നു. അവസാനം വിവരാവകാശ കമ്മീഷൻ പച്ചക്കൊടി കാട്ടിയതോടെ മറ്റൊരു "സ്റ്റേ" വരുംമുമ്പ് ചടുലമായ നീക്കത്തിലൂടെ റിപ്പോർട്ട് ജനസമക്ഷം വെച്ചത്.
ഇത്തരമൊരു അന്വേഷണ കമ്മീഷൻ, അടിയന്തിരമായി ഇനി വേണ്ടത് അച്ചടി-ചാനൽ മാധ്യമ മേഖലയിലാണ്. സ്ത്രീകൾക്ക് കുറഞ്ഞ വേതനവും രാത്രികാലങ്ങളിലെ ജോലിയും മാധ്യമ മുതലാളിമാരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും നേരിടേണ്ടി വരുന്ന അവഗണനയും ഭീഷണിയും അപമാനവും പരിഹാസവും ലൈംഗിക അതിക്രമ ശ്രമങ്ങളും ചെറുതല്ലെന്നാണ് കേൾവി. ഇതേ സംബന്ധിച്ചും ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ ഒരു കമ്മീഷനെ രണ്ടാം പിണറായി ഗവൺമെൻ്റ് നിയോഗിച്ചാൽ നന്നാകും. വാർത്താ വിതരണ പ്രക്ഷേപണ സംപ്രേക്ഷണ മേഖലകളിൽ പണിയെടുക്കുന്ന സ്ത്രീകൾക്കും ജോലിസ്ഥിരതയും ഉയർന്ന വേതനവും വേണം. അവരുടെ സ്വത്വബോധവും അഭിമാനവും സംരക്ഷിക്കപ്പെടണം.
തെറ്റുകാരോട് രാജിയാകുന്നയാളല്ല കേരളത്തിൻ്റെ മുഖ്യമന്ത്രി. ആ ഓർമ്മ എല്ലാവർക്കും ഉണ്ടായാൽ അപമാന ഭാരവും ജയിൽവാസവും ഒഴിവാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.