മണിപ്പൂർ: റബറിന് 300 രൂപ വാങ്ങാൻ ജീവൻ അവശേഷിക്കുമോ വന്ദ്യപിതാക്കൻമാരേ? -കെ.ടി. ജലീൽ
text_fieldsമലപ്പുറം: കലാപം രൂക്ഷമായ മണിപ്പൂരിൽ ക്രിസ്ത്യാനികളെയും ക്രിസ്ത്യൻ ദേവാലയങ്ങളെയും തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് ചൂണ്ടിക്കാട്ടി മുൻമന്ത്രി കെ.ടി. ജലീൽ. ബി.ജെ.പി അധികാരത്തിൽ വന്ന് ആഴ്ചകൾ പിന്നിടുമ്പോഴത്തെ സ്ഥിതി ഭീഭൽസമാണന്നും ക്രൈസ്തവരുടെ പിന്തുണയോടെ അധികാരത്തിൽ വന്ന ബി.ജെ.പി സർക്കാർ ക്രൈസ്തവ വേട്ടയാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. റബർ വില 300 രൂപയാക്കിയാൽ ബി.ജെ.പിക്ക് വോട്ടുചെയ്യാമെന്ന് പറഞ്ഞ തലശ്ശേരി അതിരൂപത ബിഷപ്പ് പാംബ്ലാനിയുടെ വിവാദ പ്രസ്താവനയെ ഓർമിപ്പിച്ച്, ‘റബറിന്റെ 300 രൂപ വാങ്ങാൻ നമ്മുടെ ശരീരത്തിൽ ജീവൻ അവശേഷിക്കുമോ വന്ദ്യ പിതാക്കൻമാരേ?’ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിലാണ് ജലീലിന്റെ കുറിപ്പ്.
കുറിപ്പിന്റെ പൂർണരൂപം വായിക്കാം:
റബറിൻറെ 300 രൂപ വാങ്ങാൻ നമ്മുടെ ശരീരത്തിൽ ജീവൻ അവശേഷിക്കുമോ വന്ദ്യ പിതാക്കൻമാരേ?
മണിപ്പൂർ കത്തുകയാണ്. ബി.ജെ.പി അധികാരത്തിൽ വന്ന് ആഴ്ചകൾ പിന്നിടുമ്പോഴത്തെ സ്ഥിതി ഭീഭൽസമാണ്. 15 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോർട്ട്. 31 പേർ മരിച്ചുവെന്ന അനൗദ്യോഗിക കണക്കുമുണ്ട്. 17 ക്രൈസ്തവ ദേവാലയങ്ങൾ കലാപത്തിൽ പൂർണ്ണമായും തകർക്കപ്പെട്ടതായി മണിപ്പൂരിലെ സഭാ നേതൃത്വം വെളിപ്പെടുത്തിയ കാര്യം പത്രങ്ങളിൽ വായിച്ചു പതിനായിരത്തിലധികം മനുഷ്യരാണ് വീടും സമ്പാദ്യവുമെല്ലാം ഉപേക്ഷിച്ച് ജീവനുംകൊണ്ടോടി അഭയാർത്ഥി ക്യാമ്പുകളിലെത്തിയത്.
ഇടിക്കൂട്ടിലെ പെൺസിംഹം, ഒളിംപിക്സിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിച്ച ബോക്സിംഗ് താരം മേരി കോം "എൻ്റെ സംസ്ഥാനം കത്തുന്നു, സഹായിക്കുക"എന്നാണ് ട്വിറ്റ് ചെയ്തത്. ഗുജറാത്ത് കലാപത്തിൽ മുൻ കോൺഗ്രസ് എം.പി ഇഹ്സാൻ ജഫ്രിക്ക് സംഭവിച്ചത് മേരി കോമിന് സംഭവിക്കാതിരിക്കട്ടെ എന്ന് നമുക്ക് മനമുരുകി പ്രാർത്ഥിക്കാം.
മണിപ്പൂരിൽ 41% ക്രൈസ്തവരാണ്. അവരുടെ പിന്തുണയോടെ അധികാരത്തിൽ വന്ന ബി.ജെ.പി സർക്കാറിൻ്റെ ഭരണത്തിൽ കീഴിലാണ് ഈ കാട്ടാളത്വം മുഴുവൻ അരങ്ങേറുന്നത്. ഇരിഞ്ഞാലക്കുട അതിരൂപതയുടെ മുഖപത്രം എൻ്റെ തീവ്രവാദ വേരുകളല്ല അന്വേഷിക്കേണ്ടത്. മണിപ്പൂർ ഭരിക്കുന്നവരുടെ ഭീകര വേരുകളാണ് തേടേണ്ടത്.
പിതാക്കൻമാരേ ഇനിയെങ്കിലും കണ്ണ് തുറക്കൂ. യാഥാർത്ഥ്യം മനസ്സിലാക്കൂ. രാജ്യത്തിൻറെ ശത്രുക്കൾ ആരാണെന്ന് തിരിച്ചറിയൂ. മനുഷ്യ രക്തത്തിൻറെ രുചിയറിഞ്ഞ ഫാസിസ്റ്റ് കരടികൾ ശത്രുവേട്ട നിർത്തുമെന്ന് കുരുതുന്നത് മൗഢ്യമാണ്. ഇന്ന് മുസ്‍ലംകളാണെങ്കിൽ നാളെ കമ്മ്യൂണിസ്റ്റുകാരാകും. മറ്റന്നാളത്തെ അവരുടെ ഇര ക്രൈസ്തവരും ദലിതരും പിന്നോക്കക്കാരുമാകും. ആട്ടിൻതോലണിഞ്ഞ സംഘ്പരിവാർ ചെന്നായ്ക്കളെ കുടിക്കുന്ന വെള്ളത്തിൽ വിശ്വസിക്കരുത്.
ത്രിപുരയിൽ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് മണിക്കൂറുകൾ പിന്നിടുന്നതിന് മുമ്പ് എത്ര മനുഷ്യരെയാണ് തീനാളങ്ങൾ നക്കിത്തുടച്ചത്? എത്ര കർഷകരുടെ അദ്ധ്വാനമാണ് കത്തിച്ചാമ്പലായത്? എത്രയെത്ര വീടുകളാണ് തീയ്യിടപ്പെട്ടത്? അതെല്ലാം പാവം കമ്മ്യൂണിസ്റ്റുകാരുടേതാണല്ലോ എന്ന് കരുതി മൗനികളായവരേ ആലസ്യം മതിയാക്കി ഉണർന്നെണീക്കൂ. മോദീ കാലത്തെ ക്രൂര വിശേഷങ്ങൾ ഉറക്കെ വിളിച്ച് പറയൂ.
നിങ്ങളുടെ വീട്ടുമുറ്റത്തും വർഗ്ഗീയച്ചെകുത്താൻമാർ പല്ലും നഖവും കൂർപ്പിച്ച് മാരകായുധങ്ങളേന്തി എത്തിയിരിക്കുന്നു. ഇനിയും ഉറക്കം നടിച്ചാൽ മണ്ണിനടിയിൽ നിത്യനിദ്ര പ്രാപിക്കേണ്ട ഗതികേട് വരും. ട്രെയിൻ പോയ ശേഷം ടിക്കറ്റെടുക്കുന്ന പോലെയാകും വൈകി ഉദിക്കുന്ന വിവേകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.