Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുൽ ഗാന്ധിയുടെ...

രാഹുൽ ഗാന്ധിയുടെ പ്രസംഗം ഗംഭീരം, പക്ഷേ ഇക്കാര്യങ്ങൾ വിട്ടത് വേദനാജനകം -കെ.ടി. ജലീൽ

text_fields
bookmark_border
രാഹുൽ ഗാന്ധിയുടെ പ്രസംഗം ഗംഭീരം, പക്ഷേ ഇക്കാര്യങ്ങൾ വിട്ടത് വേദനാജനകം -കെ.ടി. ജലീൽ
cancel

മലപ്പുറം: പ്രതിപക്ഷനേതാവായ രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ പ്രസംഗം ഗംഭീരമായെന്നും എന്നാൽ, ഇന്ത്യയിലെ പ്രബല ന്യൂനപക്ഷ ജനവിഭാഗമായ മുസ്‍ലിംകളെ ബാധിക്കുന്ന പ്രശ്നങ്ങളൊന്നും കഷായത്തിൽ ചേർക്കാൻ പോലും പ്രതിഫലിച്ചില്ല എന്നത് വേദനാജനകമാണെന്നും കെ.ടി. ജലീൽ എം.എൽ.എ.

‘ഒന്നരമണിക്കൂർ നീണ്ട ലോകസഭയിലെ രാഹുൽഗാന്ധിയുടെ പ്രസംഗത്തിൽ രാജ്യത്തെ ഏതാണ്ട് എല്ലാ പ്രശ്നങ്ങളും അദ്ദേഹം പരാമർശിച്ചു. യുവാക്കളുടെ തൊഴിലില്ലായ്മ, കർഷകരുടെ ദുരിതങ്ങൾ, വിലക്കയറ്റം, സർക്കാറിന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മ, നീറ്റ് പരീക്ഷയിലെ ക്രമക്കേട്, അദാനിക്കും അംബാനിക്കും ലഭിക്കുന്ന അമിതമായ സാമ്പത്തിക മേൽക്കോയ്മ, മണിപ്പൂരിലെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി രാജ്യം അഭിമുഖീകരിക്കുന്ന ഏതാണ്ടെല്ലാ വിഷയങ്ങളും അദ്ദേഹത്തിൻ്റെ സംസാരത്തിൽ കടന്നുവന്നു. അത്രയും നല്ലത്. എന്നാൽ, രാഹുൽ പ്രതിപക്ഷ നേതാവായ ശേഷം ആദ്യം നടത്തിയ പ്രസംഗത്തിൽ ഇന്ത്യയിലെ മുസ്‍ലിം ന്യൂനപക്ഷത്തെ മാത്രം തെരഞ്ഞുപിടിച്ച് രാജ്യത്ത് നിന്ന് ആട്ടിയോടിക്കാൻ ലക്ഷ്യമിട്ട് നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തെ (CAA) കുറിച്ച് ഒരു വാചകമെങ്കിലും പറയാതിരുന്നത് അദ്ദേഹത്തിൽ പ്രതീക്ഷയർപ്പിച്ച വലിയൊരു സമൂഹത്തെയാണ് വേദനിപ്പിച്ചത്. ഉപ്പ് തൊട്ട് കർപ്പൂരം വരെ എണ്ണിയെണ്ണി പറഞ്ഞ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിന് CAA തന്റെ കന്നിപ്രസംഗത്തിൽ ഉൾപ്പെടുത്തേണ്ട കാര്യമായി എന്തേ തോന്നാതിരുന്നത്? ആരെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ് രാഹുൽഗാന്ധി ശ്രമിക്കുന്നത്? കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ആ സംസ്ഥാനത്തെയും അവിടുത്തെ ജനങ്ങളെയും അപമാനിച്ചതിനെ സംബന്ധിച്ച് ഒരു വാക്കെങ്കിലും രാഹുലിന് പറയാമായിരുന്നില്ലെ? ഏകസിവിൽകോഡ് കോടിക്കിന് മനുഷ്യരുടെ ആത്മാഭിമാനത്തിലാണ് തീ കോരിയിട്ടിരിക്കുന്നത്? അതും രാഹുൽഗാന്ധിയുടെ ഓർമ്മയുടെ റഡാറിൽ എന്തേ പതിയാതിരുന്നത്?

നാൽക്കാലിക്കടത്ത് ആരോപിച്ച് നൂറിലധികം ആളുകളുടെ ജീവനെടുത്ത കിരാത സംഭവം, രാജ്യത്തിന്റെ പാർലമെന്റിനകത്ത് ഉന്നയിക്കേണ്ടാത്ത വിഷയമായിട്ടാണോ രാഹുൽജി കാണുന്നത്? UP യിൽ എസ്.പിയുടെ അഞ്ച് മുസ്‍ലിം എം.എൽ.എമാരാണ് മാസങ്ങളായി ജാമ്യം പോലും നിഷേധിക്കപ്പെട്ട് കൽതുറുങ്കിൽ അടക്കപ്പെട്ടിരിക്കുന്നത്. അതിൽ ഒരാൾ ദുരൂഹ സാഹചര്യത്തിൽ ജയിലിൽ വെച്ച് മരിച്ചു. ഭക്ഷണത്തിൽ വിഷം കലർത്തിയാണ് അദ്ദേഹത്തെ കൊന്നതെന്ന ആക്ഷേപം കുടുംബം ഉന്നയിച്ചത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്. എം.എൽ.എയും കൂടിയായ അദ്ദേഹത്തിന്റെ മകന് തന്റെ പിതാവിന്റെ മൃതദേഹം പോലും കാണാൻ യോഗി സർക്കാർ അനുവദിച്ചില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്.പി സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച ഇഖ്റഅ മുനവ്വറ എം.പിയുടെ സഹോദരനും നിലവിലെ യു.പി എം.എൽ.എ.യുമായ നാഹിദ് ഹസ്സന്റെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. ഇവയൊന്നും രാഹുൽ ഗാന്ധിയുടെ മുൻഗണനാ പട്ടികയിൽ വന്നില്ല എന്നുള്ളത് വേദനാജനകമാണ്’ -ജലീൽ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

*അരങ്ങേറ്റം ഗംഭീരം! പക്ഷെ...*

പതിനെട്ടാം ലോകസഭയുടെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രി കഴിഞ്ഞാൽ ഏറ്റവുമധികം സമയവും അവസരവും സഭാതലത്തിൽ കിട്ടുന്ന ആളാണ് പ്രതിപക്ഷ നേതാവ്. ഏത് ഘട്ടത്തിലും പ്രതിപക്ഷ നേതാവിന് പാർലമെൻ്റിൻ്റെ ബിസിനസുകളിൽ ഇടപെടാം. സ്പീക്കർ സമയം അനുവദിക്കും. പ്രതിപക്ഷനേതൃപദവിയുടെ കുപ്പായമിട്ട് രാഹുൽ ലോകസഭയിൽ നടത്തിയ പ്രസംഗം ഗംഭീരമായി, പക്ഷെ. ഒന്നരമണിക്കൂർ നീണ്ട ലോകസഭയിലെ രാഹുൽഗാന്ധിയുടെ പ്രസംഗത്തിൽ രാജ്യത്തെ ഏതാണ്ട് എല്ലാ പ്രശ്നങ്ങളും അദ്ദേഹം പരാമർശിച്ചു. യുവാക്കളുടെ തൊഴിലില്ലായ്മ, കർഷകരുടെ ദുരിതങ്ങൾ, വിലക്കയറ്റം, സർക്കാറിൻ്റെ സാമ്പത്തിക അച്ചടക്കമില്ലായ്മ, നീറ്റ് പരീക്ഷയിലെ ക്രമക്കേട്, അദാനിക്കും അംബാനിക്കും ലഭിക്കുന്ന അമിതമായ സാമ്പത്തിക മേൽക്കോയ്മ, മണിപ്പൂരിലെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി രാജ്യം അഭിമുഖീകരിക്കുന്ന ഏതാണ്ടെല്ലാ വിഷയങ്ങളും അദ്ദേഹത്തിൻ്റെ സംസാരത്തിൽ കടന്നുവന്നു. അത്രയും നല്ലത്. എന്നാൽ ഇന്ത്യയിലെ പ്രബല ന്യൂനപക്ഷ ജനവിഭാഗമായ മുസ്ലിങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളൊന്നും രാഹുലിന്റെ പ്രസംഗത്തിൽ കഷായത്തിൽ ചേർക്കാൻ പോലും പ്രതിഫലിച്ചില്ല.

മതവും പേരും നോക്കി പൗരത്വം നൽകാനുള്ള ഒരു കരിനിയമം നടപ്പിലാക്കപ്പെട്ട നാടാണ് ഇന്ത്യ. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രസ്തുത നിയമം രാജ്യത്ത് പ്രയോഗത്തിൽ വന്നു. അയൽരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിങ്ങളല്ലാത്തവർക്ക് പൗരത്വം നൽകിയതിൻ്റെ സചിത്ര വാർത്തകൾ നാം കണ്ടതാണ്. "നുഴഞ്ഞുകയറ്റക്കാർ" എന്നാണ് മുസ്ലിങ്ങളെ പ്രധാനമന്ത്രി മോദി ഒരു തെരഞ്ഞെടുപ്പ് യോഗത്തിൽ വിളിച്ചത്. മൊത്തം ജനസംഖ്യയുടെ ഏതാണ്ട് മുപ്പത്തിയഞ്ച് ശതമാനം മുസ്ലിങ്ങളുള്ള സംസ്ഥാനമാണ് ആസ്സാം. എത്രയോ വർഷങ്ങളായി അവിടെ താമസിക്കുന്ന പതിനായിരക്കണക്കിന് മുസ്ലിങ്ങളെ നാടുകടത്താൻ തകൃതിയായ നീക്കങ്ങളാണ് ബി.ജെ.പി സർക്കാർ നടത്തുന്നത്. ആസ്സാമിലെ പ്രബല ന്യൂനപക്ഷം കോൺഗ്രസ്സിന് വോട്ട് ചെയ്യുന്നു എന്ന രാഷ്ട്രീയ വൈരവും ബി.ജെ.പിക്കുണ്ട്.

ഇന്ത്യയുടെ ഇന്നോളമുള്ള ലോകസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷം കിട്ടിയ സ്ഥാനാർത്ഥി കോൺഗ്രസ് ടിക്കറ്റിൽ ആസ്സാമിലെ ദുബ്രി മണ്ഡലത്തിൽ മൽസരിച്ച് വൻവിജയം നേടിയ റാഖിബുൽ ഹുസൈനാണ്. പത്ത് ലക്ഷത്തിലധികം വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്. പ്രധാനമന്ത്രി ആയ ശേഷം ലോകസഭയിലേക്ക് മൽസരിച്ച നരസിംഹറാവുവിൻ്റെ അഞ്ചുലക്ഷത്തി എൺപതിനായിരം വോട്ടിൻ്റെ ഭൂരിപക്ഷമെന്ന റെക്കോർഡാണ് റാഖിബുൽ ഹുസൈൻ തകർത്തത്. ആസ്സാമിലെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് കിട്ടിയ ഈ വമ്പൻ ലീഡ് അവിടെയുള്ള പാവപ്പെട്ട മനുഷ്യരുടെ ഉൽകണ്ഠയുടെ ജീവിക്കുന്ന തെളിവാണ്.

ഉത്തർപ്രദേശിൽ ന്യൂനപക്ഷ വോട്ടുകൾ ചോരാതെ എസ്.പിയുടെയും കോൺഗ്രസ്സിൻ്റെയും സംയുക്ത പെട്ടിയിൽ വീണത് യോഗി സർക്കാർ അവിടെ നടത്തുന്ന ന്യൂനപക്ഷ വേട്ട കൊണ്ടു കൂടിയാണ്. ബീഫിൻ്റെ പേരിൽ മാത്രം കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കൊലചെയ്യപ്പെട്ടത് നൂറോളം മനുഷ്യരാണ്.

തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമാണ് പരാജയത്തിൽ കലിപൂണ്ട സംഘ്പരിവാരങ്ങൾ പ്രമുഖരായ രണ്ട് ഇസ്ലാമിക പണ്ഡിതന്മാരെ യു.പി-യിൽ വകവരുത്തിയത്. പള്ളി ഇമാമുമാർ എന്ന നിലയിൽ മതേതര മുന്നണിക്ക് വോട്ടു ചെയ്യാൻ വിശ്വാസികളെ ഉൽബോധിപ്പിച്ചു എന്ന "തെറ്റേ" അവർ ചെയ്തിട്ടുള്ളൂ.

ഏകസിവിൽകോഡ്, വിശ്വാസപരവും സാംസ്കാരികവുമായ തങ്ങളുടെ സ്വത്വം തകർക്കപ്പെടുമെന്ന ഭീതിയിൽ കഴിയുന്ന കോടിക്കണക്കിന് ജനങ്ങൾ ഇന്ത്യയിലുണ്ട്. എൻ.ഐ.എ നിയമം കൂടുതൽ കർക്കശമാക്കി ഭേദഗതി ചെയ്തതിനെ തുടർന്ന് നിരപരാധികളായ ആയിരക്കണക്കിന് ചെറുപ്പക്കാരാണ് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലെ ജയിലുകളിൽ വിചാരണ കൂടാതെ അഴികൾ എണ്ണി കഴിയുന്നത്. ഒരു വർഷം മുമ്പ് കർണ്ണാടകയിലെ ബെല്ലാരി ജയിൽ സന്ദർശിച്ചപ്പോൾ ഇത്തരം നിരവധി ചെറുപ്പക്കാരെ അവിടെ കാണാനായത് സ്മൃതിപഥങ്ങളിൽ മായാതെ നിൽപ്പുണ്ട്. ജീവിതകാലം മുഴുവൻ അവർ അവിടത്തന്നെ കിടന്നാലും ആരും ചോദിക്കാനോ പറയാനോ ഇല്ലാത്ത അവസ്ഥ എന്തുമാത്രം ഭീതിതമാണ്?

അതിന് അധികാരികൾക്ക് അവകാശം നൽകുന്ന നിയമഭേദഗതിയാണ് എൻ.ഐ.എ നിയമത്തിൽ രണ്ടാം മോദി സർക്കാർ നടത്തിയത്. അതിന് കോൺഗ്രസ് കൈപൊക്കി പിന്തുണ കൊടുത്തത് മറ്റൊരു കഥ. കാശ്മീരിന് പണ്ഡിറ്റ് നഹ്റുവും സർദാർപട്ടേലും സമ്മാനമായി നൽകിയ 370-ാം വകുപ്പ് റദ്ദ് ചെയ്തതും അതേ തുടർന്ന് ജമ്മുകാശ്മീർ പകുക്കപ്പെട്ടതും കാശ്മീർ ജനതയെ അസ്വസ്ഥമാക്കുന്ന കാര്യങ്ങളാണ്. കശ്മീരിൽ ഭൂമി വാങ്ങാൻ പുറം സംസ്ഥാനക്കാർക്ക് അവസരം നൽകിയാൽ നല്ല വിലക്ക് വമ്പൻ മുതലാളിമാർ ഭൂമി വാരിക്കൂട്ടം. അധികം വൈകാതെ കാശ്മീരിലെ നല്ലൊരു ശതമാനം സ്വദേശികളായ സാധാരണക്കാർ ഭൂരഹിതരാകും. അതുണ്ടാക്കുന്ന സാമൂഹ്യ-സാമ്പത്തിക പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും.

രാഹുൽ ഗാന്ധിയുടെ പ്രസംഗം അവസാനിക്കാറായപ്പോൾ നരേന്ദ്രമോദി എഴുന്നേറ്റ് ഹിന്ദുക്കളെയും ഹിന്ദു ദൈവങ്ങളെയും രാഹുൽ അപമാനിച്ചു എന്ന് പറഞ്ഞപ്പോഴാണ്, രാഹുൽ അതിന് മറുപടി എന്നോണം ഹിന്ദുക്കളുടെ മൊത്തം കുത്തക ബി.ജെ.പിക്കല്ല, ആർ.എസ്.എസിന് അല്ല, നരേന്ദ്രമോദിക്കല്ല എന്ന് ഉച്ചത്തിൽ പ്രതികരിച്ചത്. അദ്ദേഹത്തിൻ്റെ ശരീരഭാഷ നോക്കിയാൽ അത് മനസ്സിലാകും. ആ പരാമർശം രാഹുലിന്റെ ഒന്നര മണിക്കൂർ പ്രസംഗത്തിന്റെ സ്വഭാവിക ഭാഗമായി വന്നതല്ല. മോദി ഇടക്ക് കയറി പ്രതികരിച്ചില്ലായിരുന്നു എങ്കിൽ അത്തരമൊരു പ്രതികരണം രാഹുലിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമായിരുന്നില്ല.

രാഹുൽ പ്രതിപക്ഷ നേതാവായ ശേഷം ആദ്യം നടത്തിയ പ്രസംഗത്തിൽ ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തെ മാത്രം തെരഞ്ഞുപിടിച്ച് രാജ്യത്ത് നിന്ന് ആട്ടിയോടിക്കാൻ ലക്ഷ്യമിട്ട് നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തെ (CAA) കുറിച്ച് ഒരു വാചകമെങ്കിലും പറയാതിരുന്നത് അദ്ദേഹത്തിൽ പ്രതീക്ഷയർപ്പിച്ച വലിയൊരു സമൂഹത്തെയാണ് വേദനിപ്പിച്ചത്. ഉപ്പ് തൊട്ട് കർപ്പൂരം വരെ എണ്ണിയെണ്ണി പറഞ്ഞ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിന് CAA തൻ്റെ കന്നിപ്രസംഗത്തിൽ ഉൾപ്പെടുത്തേണ്ട കാര്യമായി എന്തേ തോന്നാതിരുന്നത്? പൗരത്വ റജിസ്റ്ററിനെ പറ്റിയോ, (NRC) ഏക സിവിൽ കോഡിനെ കുറിച്ചോ അദ്ദേഹം ഒരു വാക്ക് മിണ്ടിയത് കണ്ടില്ല. ആരെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ് രാഹുൽഗാന്ധി ശ്രമിക്കുന്നത്? കോൺഗ്രസ്സിനെ ക്ഷണിക്കാത്തതിൻ്റെ പേരിൽ വെള്ളി ഇഷ്ടിക ഏതൊരു ക്ഷേത്രത്തിൻ്റെ നിർമ്മാണത്തിനാണോ കോൺഗ്രസ് നേതാക്കൾ അയച്ചു കൊടുത്തത്, അതേ രാമക്ഷേത്രം പണിത അയോദ്ധ്യ ഉൾകൊള്ളുന്ന ഫൈസാബാദിൽ ബി.ജെ.പി തോറ്റമ്പി. സംഘ്പരിവാറുകാരുടെ മാത്രമല്ല രാമക്ഷേത്ര നിർമ്മാണത്തിൻ്റെ ശിലാസ്ഥാപന ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാത്തതിൻ്റെ പേരിൽ വ്യസനം രേഖപ്പെടുത്തിയ കോൺഗ്രസ്സിൻ്റെയും കണ്ണു തുറപ്പിക്കേണ്ട പരാജയമാണത്.

കാശ്മീരിൻ്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ആ സംസ്ഥാനത്തെയും അവിടുത്തെ ജനങ്ങളെയും അപമാനിച്ചതിനെ സംബന്ധിച്ച് ഒരു വാക്കെങ്കിലും രാഹുലിന് പറയാമായിരുന്നില്ലെ? ഏകസിവിൽകോഡ് കോടിക്കിന് മനുഷ്യരുടെ ആത്മാഭിമാനത്തിലാണ് തീ കോരിയിട്ടിരിക്കുന്നത്? അതും രാഹുൽഗാന്ധിയുടെ ഓർമ്മയുടെ റഡാറിൽ എന്തേ പതിയാതിരുന്നത്? നാൽക്കാലിക്കടത്ത് ആരോപിച്ച് നൂറിലധികം ആളുകളുടെ ജീവനെടുത്ത കിരാത സംഭവം, രാജ്യത്തിൻ്റെ പാർലമെൻ്റിനകത്ത് ഉന്നയിക്കേണ്ടാത്ത വിഷയമായിട്ടാണോ രാഹുൽജി കാണുന്നത്? UP യിൽ അഞ്ച് എസ്.പിയുടെ മുസ്ലിം എം.എൽ.എമാരാണ് മാസങ്ങളായി ജാമ്യം പോലും നിഷേധിക്കപ്പെട്ട് കൽതുറുങ്കിൽ അടക്കപ്പെട്ടിരിക്കുന്നത്. അതിൽ ഒരാൾ ദുരൂഹ സാഹചര്യത്തിൽ ജയിലിൽ വെച്ച് മരിച്ചു. ഭക്ഷണത്തിൽ വിഷം കലർത്തിയാണ് അദ്ദേഹത്തെ കൊന്നതെന്ന ആക്ഷേപം കുടുംബം ഉന്നയിച്ചത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്. എം.എൽ.എയും കൂടിയായ അദ്ദേഹത്തിൻ്റെ മകന് തൻ്റെ പിതാവിൻ്റെ മൃതദേഹം പോലും കാണാൻ യോഗി സർക്കാർ അനുവദിച്ചില്ല. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ എസ്.പി സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച ഇഖ്റഅ മുനവ്വറ എം.പിയുടെ സഹോദരനും നിലവിലെ യു.പി എം.എൽ.എ.യുമായ നാഹിദ് ഹസ്സൻ്റെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. ഇവയൊന്നും രാഹുൽ ഗാന്ധിയുടെ മുൻഗണനാ പട്ടികയിൽ വന്നില്ല എന്നുള്ളത് വേദനാജനകമാണ്.

ഒരു ജനാധിപത്യ രാജ്യത്തിൻ്റെ സംതൃപ്തി ആ നാട്ടിലെ ന്യൂനപക്ഷങ്ങളുടെ സംതൃപ്തിയിലാണ് കുടികൊള്ളുന്നത്. ഇന്ത്യയിലെ പ്രബല ന്യൂനപക്ഷങ്ങളുടെ പേര് പോലും പറയാൻ മടിക്കുന്ന പ്രതിപക്ഷ നേതാവ് തൻ്റെ മുതുമുത്തച്ഛനും ഇന്ത്യയുടെ എക്കാലത്തെയും വലിയ ജനാധിപത്യവാദിയുമായ പണ്ഡിറ്റ് ജവഹർലാൽ നഹ്റുവിൻ്റെ "Discovery of India" എന്ന പുസ്തകം ഒരാവർത്തി വായിക്കണം. ഇൻഡ്യാ മുന്നണിക്ക് വോട്ട് ചെയ്തു എന്ന ഏക കാരണത്താൽ നൂറുകണക്കിന് മുസ്ലിം കുടുംബങ്ങളുടെ കൂരകളും കടകളുമാണ് ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തത്. അവിടങ്ങളിൽ എവിടെയെങ്കിലും രാഹുൽ ഒന്ന് സന്ദർശിച്ചോ? അവരെ ഒന്നുപോയി സമാശ്വസിപ്പിച്ചോ? അക്കാര്യങ്ങൾ സഭയിൽ ഒന്നോർമ്മിപ്പിച്ചോ? വരുംനാളുകളിലെങ്കിലും രാഹുൽഗാന്ധിയുടെ ഓർമ്മപ്പുറത്ത് ഇവയെല്ലാം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനാകുമോ?ഇന്ത്യൻ ജനത അതാണ് ഉറ്റുനോക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KT jaleel.Rahul Gandhi
News Summary - KT Jaleel about Rahul Gandhi's loksabha speech
Next Story