എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എൽ.എമാർ; സി.പി.ഐക്കെതിരെ കെ.ടി ജലീൽ
text_fieldsസി.പി.ഐക്കെതിരെ രൂക്ഷ പ്രതികരണവുമായി കെ.ടി ജലീൽ എം.എൽ.എ. സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളനത്തിലുയർന്ന വിമർശനത്തിന് മറുപടിയായാണ് കെ.ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്. എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എൽ.എമാരെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മാധ്യമങ്ങളും വലതുപക്ഷവും നിശ്ചയിക്കുന്ന അജണ്ടകൾക്ക് ചൂട്ടു പിടിക്കുന്നവർ ആത്യന്തികമായി ദുർബലമാക്കുന്നത് ഏതുചേരിയെയാണെന്ന് ഗൗരവപൂർവ്വം ആലോചിച്ചാൽ നന്നാകുമെന്നും അദ്ദേഹം കുറിച്ചു.
യഥാർത്ഥ മതനിരപേക്ഷ മനസ്സുകൾ ആന കുത്തിയാലും നിൽക്കുന്നേടത്ത് നിന്ന് ഒരിഞ്ചും അകലില്ല. അകലുന്നുണ്ടെങ്കിൽ 'അസുഖം' വേറെയാണ്. അതിനുള്ള ചികിൽസ വേറെത്തന്നെ നൽകണമെന്നും കെ.ടി ജലീൽ എഴുതി.
സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളനത്തിലവതരിപ്പിച്ച റിപ്പോർട്ടിലാണ് എം.എൽ.എമാരായ കെ.ടി ജലീലിനും പി.വി അൻവറിനുമെതിരെ വിമർശനമുണ്ടായിരുന്നത്. സെക്രട്ടറി പി.കെ. കൃഷ്ണദാസ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ ഇരുവരെയും പേരെടുത്ത് പറഞ്ഞാണ് വിമർശിച്ചത്.
'ജലീൽ ഉയർത്തിയ വിവാദ പ്രസ്താവനകൾ ഇടതുപക്ഷ- മതനിരപേക്ഷ മനസുകളെ എൽ.ഡി.എഫിൽ നിന്ന് അകറ്റാൻ കാരണമായിട്ടുണ്ടെന്ന് തിരിച്ചറിയണം. ഇടതുപക്ഷ നിലപാടുകളെ, പ്രത്യേകിച്ചും പാരിസ്ഥിതിക നിലപാടുകളെ അപഹാസ്യമാക്കുന്ന പി.വി. അൻവർ എം.എൽ.എയുടെ നടപടികൾ തിരുത്താനുള്ള ജാഗ്രതയും ബാധ്യതയും ബന്ധപ്പെട്ടവർ പുലർത്തണം. ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ സുതാര്യതയും വ്യക്തതയും ഉയർത്തിപ്പിടിച്ചുകൊണ്ട് മാത്രമേ രാഷ്ട്രീയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുകയുള്ളൂ എന്ന് തിരിച്ചറിയണം - ഇങ്ങിനെ പോകുന്നു സി.പി.ഐ റിപ്പോർട്ടിലെ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.