Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_right'മാധ്യമ'ത്തിനെതിരായ...

'മാധ്യമ'ത്തിനെതിരായ ജലീലിന്റെ എഴുത്ത്; പ്രമുഖർ പറയുന്നു, ആ കത്ത് ജനങ്ങൾക്കെതിരെ

text_fields
bookmark_border
മാധ്യമത്തിനെതിരായ ജലീലിന്റെ എഴുത്ത്; പ്രമുഖർ പറയുന്നു, ആ കത്ത് ജനങ്ങൾക്കെതിരെ
cancel

മാധ്യമങ്ങൾക്കെതിരായ നീക്കം പലരൂപങ്ങളിൽ മുൻപുമുണ്ടായിട്ടുണ്ട്. എന്നാൽ, ഇന്ത്യാ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ഒരു നീക്കം മുൻ കേരള മന്ത്രിസഭയിൽ അംഗമായിരിക്കെ ഡോ. കെ.ടി. ജലീൽ നടത്തിയെന്ന വെളിപ്പെടുത്തൽ പുറത്തു വന്നിരിക്കുന്നു. 'മാധ്യമം' ദിനപത്രത്തിനെതിരെ നടപടിയെടുക്കാൻ വിദേശ രാജ്യത്തെ അധികാരികൾക്ക് കത്തയച്ച വിവരം അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അതേക്കുറിച്ച് പ്രതികരിക്കുകയാണ് ജനകീയ-സാമൂഹിക-സാഹിത്യ പ്രവർത്തകർ

പച്ചയായ ജനദ്രോഹം -എം.ജി. രാധാകൃഷ്ണൻ

ഞെട്ടിപ്പിക്കുന്നതാണ് ഈ കത്ത്. നമ്മുടെ നാട്ടിലെ ഒരു മാധ്യമത്തിനെതിരെ ശിക്ഷാ നടപടി സ്വീകരിക്കാൻ ഒരു വിദേശ സർക്കാറിനോട് നമ്മുടെ ഒരു മന്ത്രി ആവശ്യപ്പെടുക എന്നത് ചരിത്രത്തിൽ തന്നെ ആദ്യമാകാം. ജനാധിപത്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും നേരെയാണ് ഈ കടന്നാക്രമണം എന്നത് മാത്രമല്ല, നമ്മുടെ നാട്ടുകാർക്ക് എതിരെ തന്നെയാണ് ഈ കടും കൈ. ദുരിതം നേരിടുന്ന നമ്മുടെ പ്രവാസികളുടെ ബുദ്ധിമുട്ട് ശ്രദ്ധയിൽ പെടുത്തുക എന്ന മാനുഷികവും തൊഴിൽ പരവുമായ പ്രാഥമിക കടമ നിർവഹിച്ചതിനെതിരെ ഒരു മന്ത്രി നമ്മുടെ ഒരു പത്രത്തിനെതിരെ വിദേശ സർക്കാറിനോട് ശിക്ഷ ആവശ്യപ്പെടുന്നത് അവിശ്വസനീയം. വിവരക്കേടിനും പക്വതക്കുറവിനും പ്രോട്ടോകോൾ ലംഘനത്തിനുമൊക്കെ അപ്പുറം ഇത് പച്ചയായ ജനദ്രോഹം ആണ്.

അസാധാരണം, പ്രോട്ടോകോൾ ലംഘനം -പി.ഡി.ടി ആചാരി (ലോക്സഭ മുൻ സെക്രട്ടറി ജനറൽ)

ഒരു സംസ്ഥാനത്തെ മന്ത്രി വിദേശ രാജ്യത്തെ സർക്കാറുമായി നേരിട്ട് ബന്ധപ്പെട്ട് കത്തെഴുതുന്നത് അസാധാരണ നടപടിയാണ്. പ്രോട്ടോകോൾ ലംഘനവുമാണ്. മറ്റ് രാജ്യങ്ങളുമായുള്ള ബന്ധത്തിന്‍റെ എല്ലാ വശങ്ങളും കൈകാര്യം ചെയ്യുന്നത് കേന്ദ്രസർക്കാറാണ്. വിദേശകാര്യ മന്ത്രാലയമാണ് അതിന് അധികാരപ്പെട്ടത്. നമ്മുടെ ഒരു ഭരണാധികാരി വിദേശ രാജ്യവുമായി ബന്ധപ്പെടുമ്പോൾ അത് അവിടത്തെ നമ്മുടെ അംബാസഡർ അറിഞ്ഞിരിക്കണം. അതാണ് അതിന്‍റെ ശരിയായ മാർഗം.

സംസ്ഥാനത്തെ മന്ത്രിമാർ വിദേശ ഭരണാധികാരികളുമായി നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങൾ ചെയ്യുന്നത് ആശാവഹമല്ല. അങ്ങനെ ഉണ്ടായാൽ അത് പിന്നീട് പല പ്രശ്നങ്ങൾക്കും വഴിതെളിക്കും. അങ്ങനെ പ്രശ്നങ്ങളുണ്ടായാൽ കൈകാര്യം ചെയ്യേണ്ടത് ഇന്ത്യാ സർക്കാറാണ്. അവരുടെ അറിവില്ലാതെ വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടുന്നത് ഇന്ത്യയുടെ നയത്തിനും നയതന്ത്ര ബന്ധത്തിൽ പുലർത്തുന്ന മാനദണ്ഡങ്ങൾക്കും വിരുദ്ധമാണ്.

ഭരണഘടനാ ലംഘനവും പദവിയുടെ ദുരുപയോഗവും -സണ്ണി എം. കപിക്കാട്

ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് കെ.ടി. ജലീലിന്‍റെ കത്ത്. പദവി ദുരുപയോഗം ചെയ്താണ് ഈ നടപടിയെന്നത് ഇതിന്‍റെ ഗൗരവും വർധിപ്പിക്കുന്നു. സ്വതന്ത്ര പത്രപ്രവർത്തനത്തെ അംഗീകരിക്കുന്നില്ലെന്ന സൂചനയും ഇതിലുണ്ട്. 'മാധ്യമം' പുറത്തുകൊണ്ടുവന്ന വിവരങ്ങൾ വ്യാജമല്ലെന്നിരിക്കെ, അതിന്‍റെ പേരിൽ പത്രത്തിനെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ടത് കുറ്റകൃത്യമാണ്. അഭിപ്രായ പ്രകടനത്തിനുള്ള അവസരം തടയലാണിത്.

ഫാഷിസ്റ്റ് സമീപനത്തിന്‍റെ കേരള മാതൃക -ഡോ. പി.ജെ. ജെയിംസ്

മാധ്യമങ്ങളെ ഇല്ലാതാക്കാനുള്ള ഫാഷിസ്റ്റ് സമീപനത്തിന്‍റെ കേരള മാതൃകയാണ് കെ.ടി. ജലീലിന്‍റെ കത്ത്. ജനപക്ഷ നിലപാട് എടുത്ത പത്രത്തെ ഇല്ലാതാക്കാൻ ശ്രമിച്ചത് അപലപനീയമാണ്. മന്ത്രിയായിരിക്കെയാണ് ജലീൽ കത്തെഴുതിയത്. അതിനാൽ ജലീലിന്‍റെ വ്യക്തിപരമായ പ്രശ്നമെന്ന് ചുരുക്കാനാകില്ല. സർക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനും ഇതിൽ കൂട്ടുത്തരവാദിത്തമുണ്ട്. സർക്കാറിന് പരിചയൊരുക്കാനാണ് ജലീൽ ശ്രമിച്ചത്. പിണറായി വിജയൻ മറുപടി പറയണം.

ഇടത് സാഹിത്യക്കാർ മിണ്ടുന്നില്ല -ബാലചന്ദ്രൻ വടക്കേടത്ത്

മാധ്യമം പോലെ സ്വതന്ത്ര പ്രവർത്തന ശൈലിയുള്ള പത്രത്തെ നിരോധിക്കാൻ മറ്റൊരു രാജ്യത്തെ അധികാരിക്ക് കത്തു നൽകിയത് മാധ്യമത്തോട് മാത്രമല്ല,നമ്മുടെ രാജ്യത്തോടുള്ള അനീതിയാണ്. ദേശീയബോധമില്ലായ്മയും കേരളീയത ഇല്ലായ്മയുമാണ്.

പത്രസ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും വേണ്ടി മുറവിളികൂട്ടുന്ന ഇടതുചേരിയിലുള്ളവർ പത്രാഭിപ്രായങ്ങളെ ഭയപ്പെടുന്നുണ്ട് എന്നതാണ് ഈ സംഭവം വെളിവാക്കുന്നത്. ഇതിനു പിറകിൽ ജലീൽ മാത്രമാണെന്ന് കരുതുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടിക്കും പങ്കുണ്ട്. ഇതിനെക്കുറിച്ച് ഇടതുസാഹിത്യകാരന്മാർ എന്തുകൊണ്ട് മിണ്ടുന്നില്ല?.

അഭിപ്രായ ഭിന്നതകളെ ബഹുസ്വരതയായി കാണണം -എം.എ. റഹ്മാൻ

ആരോഗ്യകരമായ വിമർശനങ്ങളാണ് പത്രപ്രവർത്തനത്തിലൂടെ സംഭവിക്കേണ്ടത്. അതിനുപകരം പത്രം നിരോധിക്കണം, വേണ്ട എന്നൊക്കെ പറയുന്നത് ജനാധിപത്യപരമല്ല. അഭിപ്രായ ഭിന്നതകളെ ബഹുസ്വരതയായി കാണാൻ നമ്മുടെ ജനനായകർ പഠിക്കണം. ഒരു പത്രവും നിരോധിക്കരുത്. അഭിപ്രായങ്ങൾ പറയുന്നതിന് ജനനായകർക്കും ഭരണഘടനയിൽ ചില വ്യവസ്ഥകളുണ്ടല്ലോ. അതു പാലിക്കുന്നുണ്ടോ എന്നാണ് നോക്കേണ്ടത്.

പത്രങ്ങളുടെ നിലനിൽപിന് ക്ഷീണമുണ്ടാക്കരുത് -അംബികാസുതൻ മാങ്ങാട്

ഗൾഫ് നാടുകൾ സന്ദർശിക്കുമ്പോഴൊക്കെ പ്രവാസികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന 'മാധ്യമം' പത്രത്തെ പരിചയിച്ചിട്ടുണ്ട്. ജനാധിപത്യത്തിന്റെ കാവൽത്തൂണുകളായ പത്രങ്ങളുടെ നിലനില്പിന് ക്ഷീണമുണ്ടാക്കുന്ന കാര്യങ്ങളൊന്നും ഉത്തരവാദപ്പെട്ടവരിൽനിന്നും ഉണ്ടായിക്കൂടാ.

ഇടപെടലുകൾ അന്വേഷിക്കണം -അഡ്വ. വി.സി. സെബാസ്റ്റ്യന്‍

മന്ത്രിയായിരിക്കെ കെ.ടി. ജലീല്‍ നടത്തിയ ഇടപെടലുകളും ഉത്തരവുകളും അന്വേഷണവിധേയമാക്കണം. മന്ത്രിപദവി ദുരുപയോഗം ചെയ്താണ് ജലീല്‍ കത്ത് നൽകിയത്. രാജ്യത്തെ ഭരണഘടനയെയും മതേതരത്വ ചിന്തകളെയും അവഹേളിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നിരിക്കുന്നത്. മറ്റു രാജ്യങ്ങളിലെ ഉന്നതരെ മന്ത്രിപദവിയിലിരുന്ന് വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഗുരുതരമാണ്.

ദുർബല ജനവിഭാഗങ്ങളോടുള്ള അനീതി -ജോൺ പെരുവന്താനം

പത്രങ്ങൾ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാനുള്ള നാവാണ്. ആ നാവിനെ അറുത്തുകളയുന്ന സമീപനമാണ് മുൻ മന്ത്രി കെ.ടി. ജലീൽ സ്വീകരിച്ചത്. 'മാധ്യമം' പോലെ പാർശ്വവത്കൃത സമൂഹത്തിനായി നിലകൊള്ളുന്ന ഒരു പത്രത്തെ ഇല്ലാതാക്കാൻ ശ്രമിക്കുക എന്നത് സമൂഹത്തിലെ ദുർബല ജനവിഭാഗങ്ങളോടുള്ള അനീതിയാണ്.

സ്വന്തം നാട്ടിലെ ജനങ്ങളോട് നീതി കാണിക്കാത്ത രാഷ്ട്രീയ നേതാക്കൾ പൊതുപ്രവർത്തനം ഉപേക്ഷിക്കണം. വിദേശ മലയാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ മനഃസ്ഥിതിയില്ലാത്തവർ പൊതുപ്രവർത്തകർ എന്ന വിശേഷണത്തിന് അർഹരല്ല.

തികഞ്ഞ അധാർമിക നടപടി -നെടുമുടി ഹരികുമാർ

മന്ത്രി എന്ന നിലയിലും സാമൂഹിക പ്രവർത്തകൻ എന്ന നിലയിലും ചെയ്യാൻ പാടില്ലാത്തതാണ് കെ.ടി. ജലീലിൽനിന്ന് ഉണ്ടായത്. ആവിഷ്കാര സ്വാതന്ത്ര്യത്തിനായി വാദിക്കുകയും പിന്നാമ്പുറത്തു കൂടി മാധ്യമ സ്ഥാപനങ്ങ

ൾക്കെതിരെ പ്രവർത്തിക്കുകയും ചെയ്യുന്നത് സാമൂഹിക പ്രവർത്തകരുടെ ധാർമികതക്ക് ചേരാത്ത നടപടിയാണ്. സാക്ഷര കേരളത്തിന് അപമാനകരമായ പ്രവൃത്തിയാണ് മന്ത്രി പദവിയിലിരുന്ന് ജലീൽ ചെയ്തത്.

ആ വാക്കുകൾ മുഖവിലക്കെടുക്കേണ്ട -പി. സുരേന്ദ്രൻ

അരികുവത്കരിക്കപ്പെട്ടവരുടെ ശബ്ദം ധൈഷണിക സംവാദത്തിലേക്ക് കൊണ്ടുവരുന്നതിൽ വലിയ പങ്കുവഹിച്ച, കേരളത്തിന് വിവിധതലങ്ങളിൽ സംഭാവനകളർപ്പിച്ച മാധ്യമം പത്രത്തിനെതിരെയുള്ള ജലീലിന്‍റെ വാക്കുകൾ മുഖവിലക്കെടുക്കേണ്ട കാര്യമില്ല. എന്‍റെ സുഹൃത്താണ് ജലീൽ, എങ്കിലും പറയട്ടെ, ഒരുതരം പിച്ചുംപേയും പറച്ചിലാണ് അദ്ദേഹം നടത്തുന്നത്.

ജനാധിപത്യ ധാർമികതയുടെ ലംഘനം -ഡോ. ആസാദ്

മന്ത്രിയെന്ന നിലയിൽ ജലീലിനും സർക്കാറിനും മാധ്യമത്തിനെതിരെ പരാതിയുണ്ടെങ്കിൽ അത് അന്വേഷിക്കാനുള്ള സംവിധാനങ്ങളുണ്ട്. അങ്ങനെയൊരു ആവശ്യം അവർ ഉന്നയിച്ചിട്ടില്ല. ഭരണഘടന മുൻനിർത്തി അധികാരമേറ്റ ഒരുമന്ത്രി മറ്റൊരു രാജ്യത്തെ ഭരണാധികാരിയോട് നടപടി എടുക്കണമെന്ന് രഹസ്യമായി അഭ്യർഥിക്കുന്നത് സ്വന്തം ജനതയെ വഞ്ചിക്കലാണ്. ജനാധിപത്യ ധാർമികതയുടെ ലംഘനമാണ്.

അന്തസ്സിന് ചേർന്ന പ്രവൃത്തിയല്ല -ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

കെ.ടി. ജലീൽ ചെയ്തു എന്നു കണ്ടെത്തിയ പ്രവൃത്തി അങ്ങേയറ്റം ഞെട്ടലുളവാക്കുന്നതാണ്. എഡിറ്റോറിയൽ ടീമിന് തെറ്റുപറ്റി എന്നുതന്നെ കരുതുക. മാധ്യമം എഡിറ്റോറിയൽ ടീമിനെയോ മാനേജ്മെൻറിനെയോ തന്റെ നിലപാട് അറിയിക്കാമായിരുന്നു. പകരം ചെയ്ത പ്രവൃത്തി നല്ല പൊതുപ്രവർത്തകന്‍റെ അന്തസ്സിന് ഒട്ടും ചേർന്നതായില്ല.

ചോദ്യം ചെയ്യപ്പെടുകതന്നെ വേണം -ഡോ. ഡി. സുരേന്ദ്രനാഥ്

മന്ത്രിപദവിയിലിരിക്കെ, ഇന്ത്യയിലെ ഒരു പത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിദേശഭരണകൂടത്തെ സമീപിച്ചത് ഗുരുതരമായ പ്രശ്നമാണ്. നാടിന്‍റെയോ നാട്ടുകാരുടെയോ ആവശ്യത്തിന് വേണ്ടിയല്ല, മറിച്ച് ഒരു പത്രം പൂട്ടിക്കാനാണ് കത്തെഴുതിയിരിക്കുന്നത്. തെറ്റായ കാര്യത്തിന് വേണ്ടി വഴിവിട്ട ഇടപെടൽ നടത്തിയെന്ന് വ്യക്തമായിരിക്കുന്നു. ഇങ്ങനെ പ്രവർത്തിക്കാൻ ജലീലിനെ ചുമതലപ്പെടുത്തിയത് ആരാണെന്നാണ് ഇനി അറിയേണ്ടത്.

അംഗീകരിക്കാനാവാത്ത നീക്കം -അമ്മിണി കെ. വയനാട് (ആദിവാസി വനിത പ്രസ്ഥാന സംസ്ഥാന അധ്യക്ഷ)

പിന്നാക്ക ന്യൂനപക്ഷ ദലിത് പ്രശ്നങ്ങളെ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും സർക്കാറിനെ അറിയിക്കാനും ശ്രമിക്കുന്ന പത്രമാണ് മാധ്യമം. വയനാട് പോലുള്ള ജില്ലകളിൽ ഉൾപ്പെടെ പാർശ്വവത്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങളിൽ നിരന്തര ഇടപെടൽ മാധ്യമം നടത്തുന്നുണ്ട്. അത്തരത്തിലുള്ള പത്രത്തെ ഇല്ലായ്മചെയ്യാനുള്ള കെ.ടി. ജലീലിന്‍റെ നീക്കം അംഗീകരിക്കാനാകില്ല. മുഖ്യധാരാ പത്രങ്ങൾ കൈകാര്യംചെയ്യാത്ത ദലിത്-ആദിവാസി വിഷയങ്ങളിൽ ഒപ്പംനിന്ന് മാധ്യമം റിപ്പോർട്ട് ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഒരു ഇടം അവിടെ ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. അതിനെ ഇല്ലായ്മചെയ്യുന്ന തരത്തിലേക്കാണ് അദ്ദേഹത്തിന്‍റെ നീക്കം.

ഭരണഘടന ലംഘനവും കുറ്റകൃത്യവും -അഡ്വ. തമ്പാൻ തോമസ്

'മാധ്യമ'ത്തിനെതിരെ ഇത്തരത്തിലൊരു നിർദേശം കോൺസുലേറ്റിന് നൽകിയത് കെ.ടി. ജലീൽ വഹിച്ചിരുന്ന പദവിക്ക് യോജിച്ച പ്രവൃത്തിയല്ല. മന്ത്രിപദവിയിലിരുന്ന് വിദേശ കോൺസുലേറ്റിനോട് ഇത്തരത്തിൽ ഒരു കാര്യം നേരിട്ട് പറയുക എന്നത് ഭരണഘടന ലംഘനവും കുറ്റകൃത്യവുമാണ്. പദവി ദുരുപയോഗം ചെയ്ത് നടത്തിയ ഈ പ്രവൃത്തി കുറ്റകൃത്യമായിതന്നെ കാണണം. ധാർമിക വശം പരിശോധിക്കുമ്പോൾ, മാധ്യമത്തെക്കുറിച്ച് ഇത്തരത്തിലൊരു വിമർശനം ഒരു കാരണവശാലും നൽകരുതായിരുന്നു. ഗൾഫിൽ ജാതി-മത ഭേദമില്ലാതെ മലയാളികൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള പത്രമാണ് 'മാധ്യമം'. സാധാരണക്കാരായ പ്രവാസികൾ ഏറ്റവുമധികം വായിക്കുന്ന പത്രമാണിത്. അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് വിദേശത്ത് പോയി ജോലി ചെയ്യുന്ന തൊഴിലാളികളോടും സാധാരണക്കാരോടും ചെയ്യുന്ന അപരാധമാണ്.

നിയമനടപടി സ്വീകരിക്കണം -ജോയ് മാത്യു

ഒരു സാധാരണക്കാരനല്ല വിദേശ രാജ്യത്തെ ഭരണാധികാരികൾക്ക് മെയിൽ അയച്ചത്. സംസ്ഥാനത്തിന്റെ ഭരണം വഹിച്ച ഉത്തരവാദപ്പെട്ട ഒരു മന്ത്രിയാണ്. ഗൾഫിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന കേരളത്തിലെ പ്രമുഖ പത്രവുമായ മാധ്യമത്തിൽ വന്ന വാർത്ത സംബന്ധമായി എന്തെങ്കിലും ആക്ഷേപങ്ങളുണ്ടെങ്കിൽ അതറിയിക്കാൻ ജനാധിപത്യപരമായ എത്രയോ മാർഗങ്ങളുണ്ട്. പത്രാധിപരോട് പരാതിപ്പെടാം, പ്രതിഷേധം അറിയിക്കാം, വേണമെങ്കിൽ ഈ നാട്ടിലെ ഭരണാധികാരികളോടും അതേക്കുറിച്ച് പരാതിപ്പെടുകയോ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയോ ഒക്കെ ചെയ്യാം. അതിനൊന്നും നിൽക്കാതെ നേരെ മറ്റൊരു രാജ്യത്തെ ഭരണകർത്താക്കളോട് 'ദാ, ഞങ്ങളുടെ നാട്ടിലെ ഈ പത്രത്തിനെതിരെ നടപടി എടുക്കൂ..' എന്ന് ആവശ്യപ്പെടുന്നത് രാജ്യദ്രോഹമല്ലാതെ മറ്റെന്താണ്. വാസ്തവത്തിൽ മാധ്യമം പത്രം ജലീലിനെതിരെ നിയമനടപടി സ്വീകരിക്കാൻ തയാറാവണമെന്നാണ് എനിക്ക് പറയാനുള്ളത്. കെ.ടി. ജലീലായാലും അബ്ദുൽ ജലീലായാലും ചെയ്തത് പത്രസ്വാതന്ത്ര്യത്തെ തകർക്കുന്ന പരിപാടിയാണ്.

പത്രം പറഞ്ഞത് നിലപാട് -യു.കെ. കുമാരൻ

'മാധ്യമ'ത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിപദവിയിലിരുന്ന് മറ്റൊരു രാജ്യത്തെ ഭരണകൂടത്തിന് കത്തെഴുതിയ കെ.ടി. ജലീലിന്റെ നടപടി തികച്ചും തെറ്റാണ്. പ്രോട്ടോകോൾ ലംഘനംകൂടിയാണത്. അതിനും പുറമെ, 'മാധ്യമം' കൊടുത്ത വാർത്തയിൽ എന്താണ് പിശകുള്ളത് എന്ന പ്രസക്തമായ ചോദ്യമുണ്ട്. പത്രം എന്ന നിലയിൽ അവരുടെ നിലപാട് മാത്രമാണ് അവർ വ്യക്തമാക്കിയത്. അന്നത്തെ കാതലായ ഒരു പ്രശ്നം ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്. അതിനെ തെറ്റായി വ്യാഖ്യാനിച്ച് ജലീൽ എടുത്ത നിലപാട് ഒട്ടും ശരിയായില്ല.

പ്രകാശത്തെ കെടുത്താനുള്ള ശ്രമം -ഗ്രോ വാസു

ഒരു മന്ത്രി എന്ന നിലയിലും ഒരു മുസ്‍ലിം എന്ന നിലയിലും കെ.ടി. ജലീൽ ഇത്രത്തോളം തരം താഴരുതായിരുന്നു. പല മാധ്യമങ്ങളും അസത്യങ്ങളും അർധസത്യങ്ങളും ജനത്തെ വിശ്വസിപ്പിക്കുന്ന കാലത്ത് പ്രകാശവും വഴികാട്ടിയുമാണ് 'മാധ്യമം'. അതിനെയാണ് കെ.ടി. ജലീൽ കെടുത്താൻ നോക്കിയത്. അങ്ങേയറ്റം തെറ്റാണ് ജലീൽ ചെയ്തത്. മാർക്സിസ്റ്റ് പാർട്ടി ഇയാളെ ഗേറ്റിൽ കെട്ടിയിട്ടിരിക്കുകയാണെന്ന് തോന്നുന്നു. തങ്ങൾക്കെതിരെ ആരുവന്നാലും കുരക്കുകയാണ് ഇയാളെ ഏൽപിച്ച ഡ്യൂട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kt jaleeluk kumaranmadhyamam dailyShihabuddin Poythumkadavu
News Summary - kt jaleel against madhyamam daily
Next Story