എ.ആർ നഗർ സഹകരണ ബാങ്കിൽ 1021 കോടിയുടെ കള്ളപ്പണം -കെ.ടി. ജലീൽ
text_fieldsമലപ്പുറം: എ.ആർ. നഗർ സർവീസ് സഹകരണ ബാങ്കിൽ 1021 കോടിയുടെ കള്ളപ്പണ ബിനാമി ഇടപാടുകളാണ് സഹകരണ വകുപ്പിൻെറ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നതെന്ന് മുൻ മന്ത്രി കെ.ടി ജലീൽ. ഇതിൻെറ മുഖ്യസൂത്രധാരർ പി.കെ. കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിൻെറ ബിനാമിയും ദീർഘകാലം ബാങ്ക് സെക്രട്ടറിയുമായിരുന്ന വി.കെ. ഹരികുമാറുമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രാഥമിക സഹകരണ സംഘം മാത്രമായ എ.ആർ. നഗർ കോപറേറ്റീവ് ബാങ്കിൽ 50,000ൽ പരം അംഗങ്ങളും 80,000ൽ അധികം അക്കൗണ്ടുകളുമാണുള്ളത്. 257 കസ്റ്റമർ ഐ.ഡികളിൽ മാത്രം 862 വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണ സൂക്ഷിപ്പും അഴിമതിപ്പണ വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിയും ഹരികുമാറും ചേർന്ന് നടത്തിയിരിക്കുന്നത്.
എ.ആർ നഗർ സഹകരണ ബാങ്കിലെ മുഴുവൻ കസ്റ്റമർ ഐ.ഡികളും പരിശോധിച്ചാൽ കള്ളപ്പണ ഇടപാടിൽ രാജ്യത്ത് തന്നെ ഞെട്ടിക്കുന്ന പകൽ കൊള്ളയുടെ ചുരുളഴിയും. ഈ സഹകരണ സ്ഥാപനത്തെ കുഞ്ഞാലിക്കുട്ടിയും സംഘവും കേരളത്തിലെ അവരുടെ സ്വിസ് ബാങ്കായാണ് മാറ്റിയിരിക്കുന്നത് -കെ.ടി. ജലീൽ കുറ്റപ്പെടുത്തി.
കുഞ്ഞാലിക്കുട്ടിയും ഇബ്രാഹീം കുഞ്ഞും കേരളത്തിലെ വ്യവസായ മന്ത്രിമാരായിരിക്കെ പൊതുമേഖലാ സ്ഥാപനമായ ടൈറ്റാനിയത്തിൽ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും നടക്കുകയാണ്. ഈ അഴിമിതിയിൽ ലഭിച്ച പണമായിരിക്കാം എ.ആർ നഗർ ബാങ്കിലെ വ്യാജ അക്കൗണ്ടുകളിൽ സൂക്ഷിച്ചിരിക്കുന്നതെന്ന് തീയതികളും വർഷവും പരിശോധിക്കുമ്പോൾ മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.