കുനിയാൻ പറഞ്ഞപ്പോൾ കാലുനക്കി; കേന്ദ്രമന്ത്രിയുടെ യോഗത്തിൽ പങ്കെടുത്ത മാധ്യമ മേധാവികൾക്കെതിരെ ജലീൽ
text_fieldsകേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ കോഴിക്കോട് വിളിച്ചുചേർത്ത തെരഞ്ഞെടുത്ത മാധ്യമ മേധാവികളുടെ യോഗത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മുൻമന്ത്രിയും എം.എൽ.എയുമായ കെ.ടി ജലീൽ രംഗത്ത്. വലതുപക്ഷ മാധ്യമ മേലധികാരികളെ മാത്രം തെരഞ്ഞുപിടിച്ച് യോഗത്തിന് ക്ഷണിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ആർ.എസ്.എസ്, ബി.ജെ.പി പരിപാടിയിൽ പങ്കെടുക്കാനായിരുന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ കേരളത്തിൽ എത്തിയത്. ഇതിനിടെയാണ് കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളുടെ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയത്. മുസ്‍ലിം മാനേജ്മെന്റുകൾ നടത്തുന്ന മാധ്യമ സ്ഥാപനങ്ങളെയും ഇടതുപക്ഷ മാധ്യമങ്ങളെയും യോഗത്തിന് ക്ഷണിച്ചിരുന്നില്ല. ഇതിനെതിരെയാണ് ജലീലിന്റെ വിമർശനം.
ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കുനിയാൻ പറഞ്ഞപ്പോൾ കാല് നക്കിയവർ!!!
കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ കോഴിക്കോട്ട് വിളിച്ച് ചേർത്ത മീഡിയാ നടത്തിപ്പുകാരുടെ യോഗത്തിൽ നിന്ന് ഇടതുപക്ഷ മാധ്യമങ്ങളെയും വലതു വിരുദ്ധ മീഡിയകളേയും മുസ്ലിം സംഘടനകൾ നടത്തുന്ന സ്ഥാപനങ്ങളെയും കോൺഗ്രസ് നിയന്ത്രണത്തിലുള്ള പ്രസിദ്ധീകരണങ്ങളെയും ഒഴിവാക്കിയ കാര്യം മുഖ്യധാരാ വലതുപക്ഷ മാധ്യമങ്ങൾ തമസ്കരിച്ചത് ഫാഷിസം എത്രമാത്രം മീഡിയാ റൂമുകളിലേക്ക് കടന്നു കയറി എന്നതിൻ്റെ മികച്ച ഉദാഹരണമാണ്.
വർഗ്ഗ സ്വഭാവം ഇല്ലാത്ത അതി സങ്കുചിതൻമാരാണ് തങ്ങളെന്ന് യോഗത്തിൽ പങ്കെടുത്ത സംഘമിത്ര മാധ്യമങ്ങൾ സംശയലേശമന്യേ തെളിയിച്ചു.
"ഠാക്കൂർജി, മാധ്യമങ്ങളെ വിളിക്കുമ്പോൾ താങ്കൾ കാണിച്ച വിവേചനത്തിൽ ഞങ്ങൾ പ്രതിഷേധിക്കുന്നു," എന്ന് ഒരാൾ പറഞ്ഞിരുന്നെങ്കിൽ കേരളം സാമൂഹ്യ-ഭരണ രംഗങ്ങളിൽ മാത്രമല്ല ജേർണലിസ മേഖലയിലും ഇന്ത്യക്ക് വാഴിക്കാട്ടിയാണെന്ന വലിയൊരു സന്ദേശം നൽകാൻ സാധിക്കുമായിരുന്നു.
മീഡിയാ റൂമുകളിലിരുന്ന് മതേതര കുപ്പായമിട്ട് അഭിനയിച്ച് തകർക്കുന്നവരുടെ 'തനിനിറം' വെളിപ്പെടാൻ അവരുടെ അടിമ മനോഭാവം സഹായകമായി.
അടിയന്തിരാവസ്ഥക്കാലത്ത് മുട്ടുകുത്താൻ പറഞ്ഞപ്പോൾ നിലത്തിഴത്ത മാധ്യമങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ മോദീ കാലത്ത് കുനിയാൻ പറഞ്ഞപ്പോൾ ഭരണകൂടങ്ങളുടെ കാല് നക്കുന്ന മാധ്യമങ്ങളെയാണ് നാം കാണുന്നത്.
ബോംബെയിലെ മാധ്യമ പ്രവർത്തകൻ സുബൈർ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകരായ ടീസ്റ്റ സെത്തൽവാദും ആർ.ബി ശ്രീകുമാറും കൽതുറുങ്കിൽ അടക്കപ്പെട്ടപ്പോഴും വലതു മാധ്യമങ്ങൾ പുലർത്തിയ "ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ നയം" അത്യന്തം ഭീതിതമാണ്.
ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരായ പോരാട്ടങ്ങളിൽ വലതുപക്ഷ മാധ്യമപ്പടയെ പച്ചവെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയുക. പണത്തിനും പ്രലോഭനങ്ങൾക്കും ഭീഷണിക്കും മീതെ മാധ്യമങ്ങളും പറക്കില്ലെന്ന് തെളിഞ്ഞിരിക്കുന്നു. ഇവർ നൽകുന്ന വാർത്തകൾ ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ വിട്ടേക്കുക. സത്യമറിയാൻ മറ്റു വഴികൾ തേടുക. അതുമാത്രമാണ് പുതിയ കാലത്ത് കരണീയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.