'ഞാനെന്തിന് രാജി വെക്കണം?' കെ.ടി ജലീൽ ചോദിക്കുന്നു
text_fieldsതിരുവനന്തപുരം: എൻ.ഐ.എ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്ന് രാജി വെക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിൽ കഴമ്പില്ലെന്ന് മന്ത്രി കെ.ടി ജലീൽ. ഒരു ഓൺലൈൻ പോർട്ടലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. താനെന്തിന് രാജിവെക്കണമെന്ന് അദ്ദേഹം ചോദിച്ചു.
പ്രതിപക്ഷ ആവശ്യത്തോട് താൻ പ്രതികരിക്കേണ്ട ആവശ്യമില്ല. മുഖ്യമന്ത്രിയാണ് അതേക്കുറിച്ച് പറയേണ്ടത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പറഞ്ഞതിൽ കൂടുതലൊന്നും പറയാനില്ലെന്നും ജലീൽ പറഞ്ഞു.
'എനിക്ക് ഒന്നും ഒളിച്ചുവെക്കാനൊന്നുമില്ല. സ്വർണക്കടത്ത് കേസിലെ 160 സാക്ഷികളിൽ ഒരാൾ മാത്രമാണ് ഞാൻ. കേസിലെ ചില പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജൻസി തന്നെ വിളിപ്പിച്ചത്. ആ മൊഴികൾ ശരിയാണോയെന്ന പരിശോധനയുടെ ഭാഗമായാണ് മൊഴി രേഖപ്പെടുത്തിയത്.'
യു.എ.പി.എ 16,17,18 വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് വിളിപ്പിച്ചത്. സാക്ഷി എന്ന നിലയിൽ മൊഴി രേഖപ്പെടുത്താനായിരുന്നു അത്. സാക്ഷിമൊഴി രേഖപ്പെടുത്തുക എന്നത് അന്വേഷണത്തിൽ പ്രധാനമാണ്. അന്വേഷണത്തിനിടെ പുതിയ എന്തെങ്കിലും വിവരം ലഭിച്ചാൽ എൻ.ഐ.എ തന്നെ വീണ്ടും വിളിപ്പിക്കുമെന്നാണ് കരുതുന്നത്.-ജലീൽ പറഞ്ഞു
തന്നെ എൻ്.ഐ.എ വിളിപ്പിച്ചത് മാധ്യമങ്ങളോട് പങ്കുവെക്കേണ്ട കാര്യമെന്താണെന്നും ജലീൽ ചോദിച്ചു. 'എന്നെ വിളിപ്പിച്ചവർ അക്കാര്യം മാധ്യമങ്ങളോടു പറഞ്ഞില്ല. പിന്നെ ഞാനായിട്ട് എന്തിനു പറയണം? ഒരു കല്യാണത്തിനു ക്ഷണിച്ചാൽ ക്ഷണിച്ചയാളല്ലേ മറ്റുള്ളവരോടു പറയുക? ക്ഷണിക്കപ്പെട്ട ആളല്ലല്ലോ പറയേണ്ടത്. എന്നെ നിങ്ങൾ ഒരു കല്യാണത്തിനു ക്ഷണിച്ചാൽ ഞാൻ അത് അയൽക്കാരെ അറിയിച്ചില്ല എന്നു മറ്റുള്ളവർ പറയുന്നതിൽ എന്തു കാര്യമാണുള്ളത്' എന്നും ജലീൽ ചോദിച്ചു.
പ്രതിപക്ഷത്തിന്‍റെ രാജി ആവശ്യത്തോട് പ്രതികരിക്കേണ്ട ഒരു കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.