സമസ്ത ചെറിയ മീനല്ല, പണ്ഡിതരെ ബഹുമാനിക്കണം; സാദിഖലി തങ്ങളോട് കെ.ടി ജലീൽ
text_fieldsകോഴിക്കോട്: സമസ്ത-സാദിഖലി തങ്ങൾ വിവാദത്തിൽ പ്രതികരണവുമായി കെ.ടി ജലീൽ എം.എൽ.എ രംഗത്ത്. തലയിരിക്കുമ്പോൾ വാലാടുന്ന സ്വഭാവം ശരിയല്ലെന്ന് സാദിഖലി തങ്ങളുടെ പരാമർശത്തിനുള്ള മറുപടിയാണ് ഫേസ്ബുക്കിലൂടെ ജലീൽ നൽകിയത്. സമസ്ത ചെറിയൊരു മീനല്ലെന്നും പണ്ഡിതരെ ബഹുമാനിക്കാൻ പഠിക്കണമെന്നും കെ.ടി ജലീൽ വ്യക്തമാക്കി.
തലയും വാലുമുണ്ടാകാൻ സമസ്ത ഒരു മീനല്ല!
കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണവുമൊക്കെ സവർണ്ണ സങ്കൽപ്പങ്ങളാണ്. ജൻമിത്വം നാടുനീങ്ങിയിട്ട് കാലം എത്ര പിന്നിട്ടു. സമസ്തയെ തലയും വാലും പറഞ്ഞ് ചെറിയൊരു മീനാക്കാൻ നോക്കേണ്ട. അതൊരു മഹാ പ്രസ്ഥാനമാണ്.
പണ്ഡിതൻമാർ പ്രവാചകൻമാരുടെ പിൻമുറക്കാരാണ്. അവർ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കും. ആദരിക്കേണ്ടവരെ ആദരിക്കും. സമസ്തയെ വെറുതെ വിട്ടേക്കുക. പണ്ഡിതൻമാരുടെ ''മെക്കട്ട്" കയറാൻ നിന്നാൽ കയറുന്നവർക്ക് അത് നഷ്ടക്കച്ചവടമാകും. സമസ്തയെ *കുടിയാനായി" കാണുന്ന ചില രാഷ്ട്രീയ ജനമിമാരുടെ ''ആഢ്യത്വം'' കയ്യിൽ വെച്ചാൽ മതി. സമസ്തക്ക് ബഹുമാനം കൊടുത്ത് ആദരവ് തിരിച്ചു വാങ്ങാൻ ലീഗ് നേതൃത്വം പഠിക്കണം.
കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിലാണ് സമസ്തയുടെ മസ്തിഷ്കം മുസ്‌ലിം ലീഗിനോടൊപ്പമാണെന്നും തലയിരിക്കുമ്പോൾ വാലാടുന്ന സ്വഭാവം ശരിയല്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞത്. തട്ടം വിവാദത്തെ വഴിതിരിച്ച് വിടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ജിഫ്രി തങ്ങളെ ഉദ്ദേശിച്ചല്ല പറഞ്ഞത് എന്ന് അദ്ദേഹം പാർട്ടിയോട് പറഞ്ഞിട്ടുണ്ട്. സമസ്തയുടെ മസ്തിഷ്കം മുസ്‌ലിം ലീഗിനോടൊപ്പമാണ്. മുസ്‌ലിം ലീഗും അങ്ങിനെത്തന്നെയാണ്, സമസ്തയുമായി എപ്പോഴും യോജിച്ചാണ് പോയിട്ടുള്ളതെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
തട്ടം വിവാദത്തിൽ പി.എം.എ. സലാമിന്റെ പരോക്ഷ വിമർശനം കുത്തിപ്പൊക്കി ലീഗിനെ വെട്ടിലാക്കാനുള്ള ശ്രമം, നേരത്തേതന്നെ സമസ്തയിലെ ഒരുവിഭാഗം നടത്തുന്ന ലീഗ്വിരുദ്ധ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് തങ്ങൾ വിലയിരുത്തിയത്.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സമസ്തയെയും ലീഗിനെയും അകറ്റി മുതലെടുക്കാനുള്ള സി.പി.എം കരുനീക്കമാണ് പ്രശ്നങ്ങൾക്കു പിന്നിലെന്നും നേരത്തേതന്നെ സി.പി.എമ്മിനോട് ആഭിമുഖ്യം പുലർത്തുന്ന മുക്കം ഉമർ ഫൈസിയെപ്പോലുള്ള നേതാക്കൾ ഇതിന് എരിവ് പകരുകയാണെന്നുമാണ് ലീഗ് നേതൃത്വത്തിന്റെ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.