മുഹർറം 10 വിശേഷാൽ ദിവസം; സർക്കാർ ഓണം-മുഹർറം ചന്ത നടത്തുന്നത് ലീഗിന് ഹറാം -കെ.ടി. ജലീൽ
text_fieldsമലപ്പുറം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ച ഒാണം-മുഹർറം ചന്തയിൽനിന്ന് മുഹർറം എന്ന വാക്ക് ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന്‍റെ പ്രസ്താവനക്കെതിരെ കെ.ടി. ജലീൽ എം.എൽ.എ. കേരളത്തിലെ മുസ്ലിംകളിൽ മഹാഭൂരിപക്ഷം വരുന്ന സുന്നികൾ മുഹർറം 10 വിശേഷാൽ ദിവസമായാണ് കാണുന്നതെന്ന് കെ.ടി. ജലീൽ ഫേസ്ബുക്കിൽ അഭിപ്രായപ്പെട്ടു.
'കേരള സർക്കാർ ഓണം - മുഹർറം ചന്ത നടത്തിയാൽ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമിനും അദ്ദേഹത്തിന്‍റെ താളത്തിന് തുള്ളുന്നവർക്കും അത് ഹറാം (മതനിഷിദ്ധം). എന്നാൽ സാക്ഷാൽ ലീഗ് ഭരിക്കുന്ന കൊണ്ടോട്ടി സഹകരണ ബാങ്ക് അത്തരമൊരു ചന്ത നടത്തുന്നതും അത് ശ്രീ ടി.വി ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നതും അവർക്ക് ഹലാൽ!(അനുവദനീയം). കേരളത്തിലെ മുസ്ലിങ്ങളിൽ മഹാഭൂരിപക്ഷം വരുന്ന സുന്നികൾ മുഹറം 10 ഒരു വിശേഷാൽ ദിവസമായാണ് കാണുന്നത്. അത് വ്യക്തമാക്കുന്നതാണ് സുന്നി പണ്ഡിതൻമാരുടെ ഇതോടൊപ്പം കൊടുത്തിട്ടുള്ള വാർത്താ കുറിപ്പ്. സമുദായ പാർട്ടിക്ക് വേണ്ടി കുഴലൂത്ത് നടത്തുന്നവർ കുറച്ചുകൂടി ജാഗ്രത കാണിച്ചാൽ നന്നാകും. ഏറ്റവും ചുരുങ്ങിയത് അവർ അണിയുന്ന വേഷത്തോടെങ്കിലും നീതി കാണിച്ചിരുന്നെങ്കിൽ എത്ര ഉപകാരമായിരുന്നു.'' -കെ.ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
ജൂലൈയിൽ ബലി പെരുന്നാളിന് സൗജന്യ ഭക്ഷണക്കിറ്റ് ഒഴിവാക്കിയവരാണ് മുഹർറം ചന്ത നടത്തുന്നതെന്ന് പി.എം.എ സലാം പറഞ്ഞിരുന്നു. മുഹർറം ഓണത്തെപ്പോലെ മേളയോ ആഘോഷമോ അല്ല. കർബലയിൽ പ്രവാചക പൗത്രൻ കൊല്ലപ്പെട്ട നൊമ്പരപ്പെടുത്തുന്ന ഓർമകളാണ്. മുസ്ലിംകളെ ലൊട്ട്ലൊടുക്ക് കാട്ടി കീശയിലാക്കാനാണ് ഇടതു ശ്രമം. മൂന്നക്ഷരം കൂട്ടിച്ചേർത്താൽ കീശയിലാവുമെന്ന ധാരണ തിരുത്തണമെന്നും സലാം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.