എ.ആർ നഗർ സഹകരണ ബാങ്ക് കുഞ്ഞാലിക്കുട്ടിയുടെ 'സ്വിസ് ബാങ്ക്''; റിസർവ്ബാങ്കിന് പരാതി നൽകും -കെ.ടി ജലീൽ
text_fieldsമലപ്പുറം: എ.ആർ നഗർ സർവിസ് സഹകരണ ബാങ്കിലെ അനധികൃത നിക്ഷേപങ്ങളെക്കുറിച്ച് സഹകരണ വകുപ്പിലെ അന്വേഷണസംഘം കണ്ടെത്തിയത് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എയും ദീർഘകാലം ബാങ്ക് സെക്രട്ടറിയായിരുന്ന ഹരികുമാറും നടത്തിയ 1021 കോടിയുടെ കള്ളപ്പണ, ബിനാമി ഇടപാടുകളെന്ന് ഡോ. കെ.ടി. ജലീൽ എം.എൽ.എ. പ്രാഥമിക സഹകരണ സംഘം മാത്രമായ ബാങ്കിൽ അരലക്ഷത്തിൽപരം അംഗങ്ങളും 80,000ത്തിലധികം അക്കൗണ്ടുകളുമാണുള്ളത്. 257 കസ്റ്റമർ ഐ.ഡികളിൽ മാത്രം 862 വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണ സൂക്ഷിപ്പും അഴിമതിപ്പണ വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിക്കുവേണ്ടി ഹരികുമാർ നടത്തിയതെന്ന് മലപ്പുറം പ്രസ് ക്ലബിൽ വാർത്തസമ്മേളനത്തിൽ ജലീൽ പറഞ്ഞു. അന്വേഷണ റിപ്പോർട്ടിെൻറ പകർപ്പും അദ്ദേഹം മാധ്യമങ്ങൾക്ക് നൽകി. കൃത്രിമമായി സൃഷ്ടിച്ചതാണ് ബിനാമി അക്കൗണ്ടുകളെല്ലാം. കഴിഞ്ഞ 10 വർഷത്തിനിടെ മാത്രം 114 കോടി രൂപയുടെ അനധികൃത ഇടപാടുകൾ ഇതുവഴി നടന്നതായാണ് അന്വേഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്നും ജലീൽ വ്യക്തമാക്കി.
ആദായനികുതി വകുപ്പ് 257 കസ്റ്റമർ ഐ.ഡി പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയ കള്ളപ്പണ ഇടപാടുകൾ കണ്ടെത്തിയത്. എന്നാൽ, സഹകരണ ബാങ്കിലെ മുഴുവൻ കസ്റ്റമർ ഐ.ഡികളും പരിശോധിക്കപ്പെട്ടാൽ കള്ളപ്പണ ഇടപാടിൽ രാജ്യത്തെ തന്നെ ഞെട്ടിക്കുന്ന കൊള്ളയുടെ ചുരുളഴിയും. സ്ഥാപനത്തെ കുഞ്ഞാലിക്കുട്ടിയും സംഘവും കേരളത്തിലെ അവരുടെ 'സ്വിസ് ബാങ്കാ'യാണ് മാറ്റിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയും വി.കെ. ഇബ്രാഹിംകുഞ്ഞും വ്യവസായമന്ത്രിമാരായിരിക്കെ ടൈറ്റാനിയം അഴിമതിയിലൂടെ നേടിയ പണമാകാമിത്.
മുൻ എം.എൽ.എ അബ്ദുറഹിമാൻ രണ്ടത്താണിയുടെ 50 ലക്ഷമടക്കം പല ലീഗ് നേതാക്കൾക്കും യഥേഷ്ടം നൽകിയ അനധികൃത വായ്പകളുടെയും ആനുകൂല്യങ്ങളുടെയും വിവരങ്ങൾ അന്വേഷണ റിപ്പോർട്ടിലുണ്ട്. ബാങ്കിെൻറ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറിൽ കസ്റ്റമർ മേൽവിലാസങ്ങൾ വ്യാപകമായി മായ്ച്ചുകളഞ്ഞ് കൃത്രിമം നടത്തിയതായും കണ്ടെത്തി.
12 ജീവനക്കാരുടെ പേരിൽ 6.8 കോടി രൂപയുടെ അനധികൃത നിക്ഷേപമുള്ളതായി അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. 2012-13 കാലഘട്ടത്തിൽ രണ്ടരക്കോടി രൂപയുടെ സ്വർണവായ്പ അഴിമതിയാണ് ബാങ്കിൽ നടന്നത്. ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവിയുടെ പേരിൽ മാത്രം വിവിധ കസ്റ്റമർ ഐ.ഡികളിലെ വ്യത്യസ്ത അക്കൗണ്ടുകളിലായി രണ്ട് കോടിയോളം രൂപയുടെ നിക്ഷേപമുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. മുഴുവൻ ഇടപാടുകളും നിക്ഷേപങ്ങളും വായ്പകളും അന്വേഷിക്കാൻ സഹകരണ വകുപ്പിന് നിർദേശം നൽകാൻ അഭ്യർഥിച്ച് മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും കത്ത് നൽകും. റിസർവ്ബാങ്കിന് പരാതി നൽകും. എൽ.ഡി.എഫ് സർക്കാറിെൻറ കാലത്ത് ഹരികുമാറിനെ ബാങ്ക് അഡ്മിനിസ്ട്രേറ്ററായി പുനർനിയമിച്ചത് സംബന്ധിച്ച് ചോദ്യത്തിന് അതും അന്വേഷിക്കണമെന്ന് കെ.ടി. ജലീൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.