ഡൽഹിയിലെ പരിപാടികൾ റദ്ദാക്കി കെ.ടി. ജലീൽ നാട്ടിലെത്തി
text_fieldsകോഴിക്കോട്: കശ്മീർ പോസ്റ്റ് വിവാദങ്ങൾക്കിടെ കെ.ടി. ജലീൽ ഡൽഹിയിൽ നേരത്തെ നിശ്ചയിച്ച പരിപാടികൾ റദ്ദാക്കി നാട്ടിൽ മടങ്ങിയെത്തി. പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ പഠിക്കാൻ ഡൽഹിയിൽ നോർക്ക സംഘടിപ്പിച്ച നിയമസഭ സമിതി യോഗത്തിൽ ജലീൽ പങ്കെടുക്കില്ല. പുലർച്ചെ മൂന്നിനാണ് ജലീൽ നാട്ടിലേക്ക് മടങ്ങിയത്.
അതേസമയം, വീട്ടിൽ നിന്ന് വിളിച്ചതിനെ തുടർന്നാണ് കെ.ടി. ജലീൽ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതെന്ന് മുൻ മന്ത്രിയും നിയമസഭ സമിതി അധ്യക്ഷനുമായ എ.സി. മൊയ്തീൻ പറഞ്ഞു. കാശ്മീർ വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രാധാന്യം നൽകുന്നതാണ് പാർട്ടി നിലപാടെന്നും എ.സി. മൊയ്തീൻ പറഞ്ഞു.
കശ്മീരിനെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളെ കുറിച്ച് വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് കെ.ടി. ജലീൽ പ്രതികരിച്ചില്ല. ജലീലിനെതിരെ ഡൽഹിയിലും തിരുവനന്തപുരത്തുമായി രണ്ട് പരാതികളാണ് നിലവിലുള്ളത്.
ഇന്നലെയാണ് കശ്മീരിൽ നിന്ന് ജലീൽ ഡൽഹിയിലെത്തിയത്. കശ്മീരിനെ കുറിച്ചുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റിലെ വരികൾ ജലീൽ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. സി.പി.എം അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പരാമർശം പിന്‍വലിച്ചത്. താനുദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത വാചകങ്ങള്‍ പിന്‍വലിക്കുന്നതായി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പാകിസ്താന്‍ നിയന്ത്രണത്തിലുള്ള കാശ്മീരിനെ പാക് അധീന കാശ്മീര്‍ എന്നാണ് ഔദ്യോഗികമായി വിശേഷിപ്പിക്കാറ്. എന്നാല്‍ ഇന്നലത്തെ ഫേസ്ബുക് പോസ്റ്റില്‍ പാക് അധീന കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്ന് ജലീല്‍ വിശേഷിപ്പിച്ചതാണ് വിവാദമായത്. മാത്രമല്ല ജമ്മു കാശ്മീര്‍ താഴ്വരകളും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന ജമ്മുകാശ്മീര്‍ എന്നും പറഞ്ഞിരുന്നു. ജലീലിന്‍റെ പോസ്റ്റ് വിവാദമായതോടെ കേസെടുക്കണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്തെത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.