ഡൽഹി പരിപാടികൾ റദ്ദാക്കി കെ.ടി. ജലീൽ തിരക്കിട്ട് മടങ്ങി
text_fieldsന്യൂഡൽഹി/ തിരുവനന്തപുരം: മൂന്നാം തവണയും പാർട്ടി തള്ളിപ്പറഞ്ഞതോടെ ഒറ്റപ്പെട്ട കെ.ടി. ജലീൽ എം.എൽ.എ കശ്മീർ പോസ്റ്റ് വിവാദത്തിനിടയിൽ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ ഡൽഹി വിട്ടു. ന്യൂഡൽഹി തിലക് മാർഗ് പൊലീസ് സ്റ്റേഷനിൽ ബി.ജെ.പി അഭിഭാഷകൻ പരാതി കൊടുത്ത സാഹചര്യത്തിൽ നേരത്തേ നിശ്ചയിച്ച ഔദ്യോഗിക, സ്വകാര്യ ചടങ്ങുകൾ റദ്ദാക്കിയാണ് ജലീൽ നാട്ടിലേക്ക് മടങ്ങിയത്.
നിയമസഭാ പ്രവാസിക്ഷേമകാര്യ സമിതിയുടെ ഭാഗമായി കശ്മീർ സന്ദർശിച്ചശേഷം ശനിയാഴ്ച രാത്രി പത്തു മണിക്ക് വ്യോമമാർഗം ഡൽഹിയിൽ മടങ്ങിയെത്തിയ ജലീലിനെ വിമാനത്താവളത്തിലും കേരള ഹൗസിലും മാധ്യമപ്രവർത്തകർ കാത്തുനിന്നിരുന്നു. എന്നാൽ, വിവാദങ്ങളെകുറിച്ച് ഒന്നും പ്രതികരിക്കാൻ ജലീൽ തയാറായില്ല. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഡല്‍ഹിയില്‍ നോര്‍ക്ക സംഘടിപ്പിച്ച നിയമസഭാസമിതി യോഗത്തിന് പുറമെ ഇടതുപക്ഷ സംഘടനയായ ജനസംസ്കൃതിയുടെ പരിപാടിയിലും ജലീൽ ഞായറാഴ്ച സംബന്ധിക്കേണ്ടതായിരുന്നു. കശ്മീർ പോസ്റ്റ് വിവാദത്തിൽ ഡൽഹി പൊലീസിൽ നൽകിയ പരാതിക്ക് പുറമെ ചില സംഘടനകളുടെ നേതൃത്വത്തില്‍ ജലീലിനെതിരെ പ്രതിഷേധം നടക്കുമെന്ന അഭ്യൂഹങ്ങളുമുണ്ടായി. ഇതിനിടയിലാണ് മുൻകൂട്ടി നിശ്ചയിച്ച പരിപാടികള്‍ എല്ലാം റദ്ദാക്കി ഞായറാഴ്ച പുലര്‍ച്ച മൂന്നു മണിക്ക് ജലീൽ ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വിമാനം കയറിയത്.
ഹിന്ദു ദിനപത്രത്തിൽ കണ്ട വാർത്തയുടെ അടിസ്ഥാനത്തിൽ ജലീലിന്റെ ഫേസ്ബുക്ക് വാളിൽനിന്ന് പോസ്റ്റ് തർജമ ചെയ്താണ് തിലക് പൊലീസ് സ്റ്റേഷനിൽ കേസ് കൊടുത്തതെന്ന് ബി.ജെ.പി അഭിഭാഷകനായ ജി.എസ്. മണി പറഞ്ഞിരുന്നു.
അതിനിടെ, കശ്മീരുമായി ബന്ധപ്പെട്ട ഡോ.കെ.ടി. ജലീൽ എം.എൽ.എയുടെ പരാമർശം നിർഭാഗ്യകരമാണെന്നും അംഗീകരിക്കാനാകില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പാങ്ങോട് സൈനിക ക്യാമ്പിൽ ആസാദി കാ അമൃത് മഹോത്സവ് പരിപാടി ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലീൽ വല്ലതും അറിഞ്ഞിട്ട് പറഞ്ഞതാണോ അതോ അജ്ഞത കൊണ്ടാണോയെന്ന് താൻ ആശ്ചര്യപ്പെട്ടു. ഇത്രയും അപമാനകരമായ പരാമർശത്തെക്കുറിച്ച് വീണ്ടും ചർച്ച ചെയ്യരുത്. ഇത് ആഘോഷത്തിന്‍റെ സമയമാണ്. സ്വാതന്ത്ര്യത്തിന്‍റെയും ദേശീയ ഐക്യത്തിന്‍റെയും അഭിമാന നിമിഷങ്ങളിൽ എങ്ങനെയാണ് ഇതൊക്കെ പറയാൻ കഴിയുക -ഗവർണർ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.