കുഞ്ഞാലിക്കുട്ടിയെ വെറുതെവിട്ട ഐസ്ക്രീം കേസ് വിധിപകർപ്പുമായി കെ.ടി ജലീൽ; ലക്ഷ്യം ജസ്റ്റിസ് സിറിയക് ജോസഫ്
text_fieldsകോഴിക്കോട്: ലോകായുക്തയെ വിമർശിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിന് വിശദീകരണവുമായി കെ.ടി ജലീൽ. പി.കെ കുഞ്ഞാലിക്കുട്ടിയെ വെറുതെവിട്ട ഹൈകോടതി വിധി ജലീൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. ഐസ്ക്രീം കേസാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് പോസ്റ്റിൽ നിന്നും വ്യക്തമാണ്. കേസില്‍ വിധി പറഞ്ഞവരില്‍ ജസ്റ്റിസ് സിറിയക് ജോസഫുമുണ്ടായിരുന്നു.
യു.ഡി.എഫ് നേതാവിനെ പ്രമാദമായ ഒരു കേസിൽ നിന്ന് രക്ഷപ്പെടുത്താൻ സ്വന്തം സഹോദര ഭാര്യക്ക് എം.ജി സർവകലാശാല വി.സി പദവി വിലപേശി വാങ്ങിയെന്നാണ് കെ.ടി ജലീൽ ആദ്യത്തെ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞിരുന്നത്. ഇതിനെതിരെ പ്രതിപക്ഷം വിമർശമുന്നയിച്ച് രംഗത്തെത്തിയിരുന്നു. തുടർന്നാണ് കെ.ടി ജലീൽ വീണ്ടും വിശദീകരണകുറിപ്പ് പോസ്റ്റ് ചെയ്തത്. സിറിയക് ജോസഫിന്‍റെ സഹോദരിക്ക് വി.സി നിയമനം കിട്ടിയതിന്‍റെ രേഖയും കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം:
മഹാത്മ ഗാന്ധിയുടെ കൈയ്യിൽ വിശ്വസിച്ച് കൊടുത്ത ആയുധം ഗോദ്സെയുടെ കൈയ്യിൽ കിട്ടിയാൽ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്ത നിയമവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നത്. യു.ഡി.എഫ് നേതാവിനെ പ്രമാദമായ ഒരു കേസിൽ നിന്ന് രക്ഷപ്പെടുത്താൻ സ്വന്തം സഹോദര ഭാര്യക്ക് മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പദവി വിലപേശി വാങ്ങിയ ഏമാൻ, തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകയ്യും ആർക്കുവേണ്ടിയും ചെയ്യും.
മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ അരിച്ച് പെറുക്കി നോക്കിയിട്ടും ഒരു നയാപൈസയുടെ ക്രമക്കേടോ അവിഹിത സമ്പാദ്യമോ കണ്ടെത്താൻ കഴിയാതെ പത്തി മടക്കി പിൻവാങ്ങിയപ്പോഴാണ് പിണറായി സർക്കാറിനെ പിന്നിൽ നിന്ന് കുത്താൻ യു.ഡി.എഫ് പുതിയ ''കത്തി'' കണ്ടെത്തിയത്. കേന്ദ്ര മനുഷ്യാവകാശ കമീഷനായി കോൺഗ്രസ് നിർദ്ദേശിച്ച "മാന്യനെ" ഇപ്പോൾ ഇരിക്കുന്ന പദവിയിൽ പന്തീരാണ്ടുകാലം കുടിയിരുത്തി കേരളത്തിലെ ഇടതുപക്ഷ സർക്കറിനെ അസ്ഥിരപ്പെടുത്താനാണ് യു.ഡി.എഫ് നേതാക്കളുടെ പടപ്പുറപ്പാട്. ഇന്ത്യയിൽ ഒരിടത്തുമില്ലാത്ത നിയമം കേരളത്തിൽ മാത്രം വേണമെന്ന വാശിക്ക് പുല്ലുവില പോലും ജനങ്ങൾ കൽപ്പിക്കില്ല.
2005 ജനുവരി 25ന് പുറത്ത് വന്ന പ്രമാദ കേസിലെ വിധിയുടെ കോപ്പിയും 2004 നവംബർ 14ന് വൈസ് ചാൻസലർ പദവി സഹോദര ഭാര്യ ഏറ്റതിന്‍റെ രേഖയുമെല്ലാം നാട്ടിലെ മുറുക്കാൻ കടകളിൽ പോലും കിട്ടും. "ജാഗരൂഗരായ" കേരളത്തിലെ മാധ്യമങ്ങൾ എല്ലാം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. മാധ്യമ മുതലാളിമാരുടെ ആ ഒട്ടകപ്പക്ഷി നയം കൊണ്ടാന്നും ആരും രക്ഷപ്പെടാൻ പോകുന്നില്ല. "പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ'' എന്നല്ലേ പ്രമാണം. അതിനു ഞാൻ നിമിത്തമായി എന്നു മാത്രം.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്‍റെ പേര് പരാമർശിക്കാതെയാണ് കെ.ടി ജലീൽ വിമർശനം ഉന്നയിച്ചത്. ബന്ധു നിയമനം സംബന്ധിച്ച പരാതിയിൽ ലോകായുക്തയുടെ പരാമർശത്തെ തുടർന്നാണ് ഒന്നാം പിണറായി സർക്കാറിൽ നിന്ന് ജലീലിന് രാജിവെക്കേണ്ടി വന്നത്.
ബന്ധുവായ കെ.ടി. അദീബിനെ മന്ത്രിയായ ജലീൽ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജറായി വഴിവിട്ട രീതിയിൽ നിയമിച്ചെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി മലപ്പുറം എടപ്പാൾ സ്വദേശി വി.കെ. മുഹമ്മദ് ഷാഫി ലോകായുക്തയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.