ശശിധരൻ സംഘി മനസ്സുള്ള കൺഫേഡ് ഐ.പി.എസുകാരൻ; തൊപ്പിയിലെ "പൊൻതൂവലുകൾ"ക്ക് രക്തത്തിന്‍റെ മണമെന്നും കെ.ടി. ജലീൽ
text_fieldsകോഴിക്കോട്: മലപ്പുറം എസ്.പി ശശിധരൻ സംഘി മനസ്സുള്ള കൺഫേഡ് ഐ.പി.എസുകാരനാണെന്ന് നാട്ടിൽ പാട്ടാണെന്ന് ഡോ. കെ.ടി ജലീൽ എം.എൽ.എ. മലപ്പുറം എസ്.പി സ്ഥാനത്തുനിന്ന് മാറ്റിയതിനു പിന്നാലെയാണ് അദ്ദേഹത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെ ജലീൽ രൂക്ഷമായി വിമർശിച്ചത്.
ശശിധരന്റെ തൊപ്പിയിലെ ‘പൊൻതൂവലുകൾ’ക്ക് രക്തത്തിന്‍റെ മണവും കണ്ണീരിന്‍റെ നനവും വംശവെറിയുടെ വിഷവുമുണ്ട്. മലപ്പുറം എസ്.പിയെ മാറ്റിയതോടെ രണ്ടാം വിക്കറ്റും വീണു. പദവികൾ കരസ്ഥമാക്കാൻ എന്ത് നെറികേടും ചെയ്യുന്നവർ കശക്കിയെറിയുന്ന നിരപരാധികളുടെ പ്രാർത്ഥന വൻശാപമായി ഉദ്യോഗസ്ഥ പ്രമാണിമാരുടെ തലയിൽ പതിക്കുക തന്നെ ചെയ്യും. മുഖ്യമന്ത്രി കർശനമായാണ് പൊലീസിലെ പുഴുക്കുത്തുകൾക്കെതിരെ നടപടി സ്വീകരിച്ചത്. ഇനി തെറിക്കാനുള്ളത് വൻസ്രാവിന്‍റെ കുറ്റിയാണ്. വൈകാതെ അതും തെറിക്കും. തങ്ങളുടെ ക്യാപ്റ്റൻ പിണറായി വിജയനാണെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
കെ.ടി. ജലീലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം;
മലപ്പുറം എസ്.പിയെ മാറ്റി. രണ്ടാം വിക്കറ്റും വീണു.
IPS ഉദ്യോഗസ്ഥരിൽ സംഘികളുടെ എണ്ണം വർധിക്കുകയാണ്. കേന്ദ്രത്തിൽ BJP യുടെ അധികാരാരോഹണമാണ് പോലീസിലെ സംഘിവൽക്കരണത്തിന് വഴി വെച്ചത്. കേരളത്തിന് പുറത്ത് നിന്ന് വരുന്ന IPS ഉദ്യോഗസ്ഥരിലാണ് മലയാളക്കരക്ക് അപരിചിതമായ വർഗ്ഗീയ ചുവയോടെയുള്ള പെരുമാറ്റങ്ങൾ കണ്ടുതുടങ്ങിയത്. എന്നാൽ ക്രമേണ അത് മലയാളി IPS കാരിലേക്കും വ്യാപിക്കുന്നതാണ് നാം കണ്ടത്.
ഉത്തരേന്ത്യയിൽ മതം നോക്കി കുറ്റവാളികളാക്കുകയും, കേസെടുത്ത് ജയിലിലാക്കുകയും ചെയ്യുന്നത് നിത്യസംഭവമാണ്. എന്നാൽ കേരളത്തിലും അത്തരം സംഭവങ്ങൾ ഉണ്ടാകുന്നു എന്നുള്ളത് ഏതൊരു മലയാളിയേയും വേദനിപ്പിക്കും. ഇതിന് സർക്കാരോ മുഖ്യമന്ത്രിയോ അല്ല ഉത്തരവാദി. ഉദ്യോഗസ്ഥ സമൂഹത്തെ വിശ്വാസത്തിലെടുക്കുക എന്ന സമീപനമാണ് ഇടതുപക്ഷ സർക്കാരിൻ്റെ നയം. വിശ്വസിച്ചവരെ വഞ്ചിക്കുന്ന ശുംഭൻമാരെ കുറിച്ച് എന്തുപറയാൻ?
മലപ്പുറം എസ്.പി ശശിധരൻ സംഘി മനസ്സുള്ള "കൺഫേഡ് IPS" കാരനാണെന്ന് നാട്ടിൽ പാട്ടാണ്. പദവികൾ കരസ്ഥമാക്കാൻ എന്ത് നെറികേടും ചെയ്യുന്നവർ കശക്കിയെറിയുന്ന നിരപരാധികളുടെ പ്രാർത്ഥന വൻശാപമായി ഉദ്യോഗസ്ഥ പ്രമാണിമാരുടെ തലയിൽ നിപതിക്കുക തന്നെചെയ്യും. മലപ്പുറം എസ്.പിയുടെ തൊപ്പിയിലെ "പൊൻതൂവ്വലുകൾ"ക്ക് രക്തത്തിൻ്റെ മണമുണ്ട്. കണ്ണീരിൻ്റെ നനവുണ്ട്. വംശവെറിയുടെ വിഷമുണ്ട്.
എത്രമാത്രം സങ്കുചിതൻമാരും അധമൻമാരുമാണ് ഇത്തരം ഓഫീസർമാർ? ഇവിടെയാണ് പൊതുപ്രവർത്തകർ ഉയർന്നു നിൽക്കുന്നത്. ഒരു രാഷ്ട്രീയക്കാരനും തൻ്റെ മുന്നിൽ വരുന്ന കേസുകൾ വർഗ്ഗീയ താൽപര്യങ്ങൾ വെച്ച് കാണാൻ താൽപര്യപ്പെടില്ല. ഒരാളെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിക്കാനും കേസിൽ കുടുക്കാനും പോലീസ് മേധാവികൾ ചെയ്യുന്ന പോലെ അവരൊരിക്കലും ചെയ്യില്ല. വെറുതെയല്ല വർഗ്ഗീയവാദികളും അഴിമതിക്കാരുമായ റിട്ടയർ ചെയ്യുന്ന ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് "പട്ടിയുടെ" വില പോലും നാട്ടുകാർ കൽപ്പിക്കാത്തത്. ഉന്നതോദ്യോഗസ്ഥർ ചെയ്യുന്ന നെറികേടുകൾ ഉറക്കെ പറയാൻ ആരും മിനക്കെടാത്തത് ഭയം കൊണ്ടാണ്. താൻ എന്തെങ്കിലും പറഞ്ഞാൽ എന്നെങ്കിലും ഈ "മൂർഖൻമാർ" കൊത്തിക്കൊല്ലുമെന്ന് ഓരോരുത്തരും കരുതുന്നു. പൗരൻമാരുടെ ഈ പേടിയാണ് ഹൃദയശൂന്യരായ പോലീസ് ഉദ്യോഗസ്ഥർക്ക് എക്കാലത്തും കരുത്തായത്.
ഇന്ന് ഞാനൊരു റിട്ടയേഡ് മജിസ്ട്രേറ്റിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചു. അതിൽ ശശിധരൻ്റെ യഥാർത്ഥ മുഖം അനാവരണം ചെയ്യപ്പെടുന്നുണ്ട്. മുൻമജിസ്ട്രേറ്റിൻ്റെ അഭിമുഖത്തിൽ പറയുന്ന കാര്യങ്ങളും അദ്ദേഹം സാമൂഹ്യമാധ്യമത്തിൽ എഴുതിയ കുറിപ്പും മാത്രം മതി, മലപ്പുറം എസ്.പിക്കെതിരെയുള്ള തെളിവായി. വസ്തുതാ വിരുദ്ധമായി ആ പോസ്റ്റിൽ വല്ലതുമുണ്ടെങ്കിൽ ശശിധരൻ അയാൾക്കെതിരെ ഒരു മാനനഷ്ടക്കേസ് കൊടുക്കട്ടെ. മലപ്പുറം SP-യെ പോലുള്ള "വർഗ്ഗീയവിഷ ജന്തുക്കളെ" തുറന്നു കാട്ടാൻ ഇനി മടിച്ചു കൂട. നമ്മുടെ മൗനം പോലും അത്തരക്കാർക്ക് കരുത്താകും.
ഏതെങ്കിലും നിരപരാധികളെ വർഗീയ വിദ്വേഷത്തിൻ്റെ പേരിൽ അന്യായമായി ആര് ദ്രോഹിച്ചാലും അവർക്കോ അവരുടെ മക്കൾക്കോ അതിൻ്റെ "ഫലം" ദൈവം നൽകും. ഉറപ്പാണ്. മൂന്നരക്കൊല്ലം മലപ്പുറത്ത് എസ്.പിയായി പെറ്റികേസുകൾ ഉൾപ്പടെ നിരവധി കേസുകൾ ഉണ്ടാക്കി ഏറ്റവുമധികം കേസുള്ള ജില്ലയെന്ന അപഖ്യാതി മലപ്പുറത്തിന് ചാർത്തിനൽകിയ സുജിത് ദാസിൻ്റെ ഗതി എന്തായി? മുഖ്യമന്ത്രി കർശനമായാണ് പോലീസിലെ പുഴുക്കുത്തുകൾക്കെതിരെ നടപടികൾ സ്വീകരിച്ചത്. മലപ്പുറം SP-യെ മാറ്റിയതിലൂടെ രണ്ടാമത്തെ വിക്കറ്റും വീണു. മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ. ഇനി തെറിക്കാനുള്ളത് വൻസ്രാവിൻ്റെ കുറ്റിയാണ്. വൈകാതെ അതും തെറിക്കും. ഞങ്ങളുടെ ക്യാപ്റ്റൻ പിണറായി വിജയനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.