സർക്കാർ ഏജൻസികളെ വിമർശിച്ച് കെ.ടി. ജലീൽ; ഏൽപിക്കുന്ന പദ്ധതികളെല്ലാം ഇഴഞ്ഞു നീങ്ങുന്നുവെന്ന്
text_fieldsഎടപ്പാൾ: സർക്കാർ ഏജൻസികളെ ഏൽപിക്കുന്ന പദ്ധതികളെല്ലാം ഇഴഞ്ഞു നീങ്ങുന്നതായി കെ.ടി. ജലീൽ എം.എൽ.എ. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ രജത ജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതി ഇല്ലാതിരിക്കാൻ വേണ്ടിയാണ് പല പദ്ധതികളും സർക്കാർ ഏജൻസികൾ മുഖേന നടപ്പാക്കുന്നത്. എന്നാൽ, കാര്യക്ഷമമായി പ്രവൃത്തി നടക്കാത്തതിനാൽ പദ്ധതിയുടെ ഗുണം ജനങ്ങൾക്ക് ലഭിക്കാതെ പോകുന്നു. ഇക്കാര്യം താൻ പലപ്പോഴായി നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ടെന്നും ജലീൽ പറഞ്ഞു.
പി.എം.എ.വൈ ഭവനപദ്ധതി പ്രകാരം വീടുപണി പൂർത്തീകരിച്ച ഗുണഭോക്താക്കൾക്ക് താക്കോൽദാനവും കൗമാരപ്രായക്കാരായ അംഗൻവാടി കുട്ടികൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണവും എം.എൽ.എ നിർവഹിച്ചു. 2021 -22 ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ സംസ്ഥാനത്തെ മികച്ച പ്രവർത്തനത്തിന് മഹാത്മാ പുരസ്കാരം നേടിയ എടപ്പാൾ ഗ്രാമപഞ്ചായത്തിനെയും 2021 -2022 വാർഷിക പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിച്ച് സംസ്ഥാന തലത്തിൽ 10ാം സ്ഥാനവും ജില്ലതലത്തിൽ ഒന്നാം സ്ഥാനവും നേടുന്നതിന് പൊന്നാനി ബ്ലോക്ക് പഞ്ചായത്തിനെ പ്രാപ്തമാക്കിയ നിർവഹണ ഉദ്യോഗസ്ഥരെയും, വിരമിച്ച പട്ടികജാതി വികസന ഓഫിസർ ഗോപകുമാറിനെയും ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അഡ്വ. മോഹൻദാസ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ കഴുങ്ങിൽ മജീദ്, സി.വി. സുബൈദ, അസ്ലം തിരുത്തി, സി.പി. നസീറ എന്നിവർ സംസാരിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.കെ. ദിലീഷ് സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.ആർ. രാജീവ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.