തലവേദനയായി കെ.ടി. ജലീൽ, സി.പി.എമ്മിന് കടുത്ത അതൃപ്തി
text_fieldsകോഴിക്കോട്: കെ.ടി. ജലീൽ നിരന്തരം തലവേദന സൃഷ്ടിക്കുന്നതിൽ സി.പി.എം നേതൃത്വത്തിന് കടുത്ത അതൃപ്തി. കഴിഞ്ഞ മന്ത്രിസഭയിൽനിന്ന് രാജിവെച്ചതുമുതൽ ജലീലിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണങ്ങളും പ്രവർത്തനങ്ങളും പാർട്ടിക്കും സർക്കാറിനും അവമതിപ്പുണ്ടാക്കുന്നതായാണ് വിലയിരുത്തൽ. ജലീൽ വ്യക്തിപരമായി നടത്തുന്ന വിമർശനങ്ങൾക്ക് പാർട്ടി നേതൃത്വവും പ്രവർത്തകരും മറുപടി പറയേണ്ട സാഹചര്യമാണുള്ളത്. മലബാറിൽ മുസ്‍ലിം ലീഗിനെ അടിക്കാനായിരുന്നു ജലീലിനെ പാർട്ടി കയറൂരിവിട്ടത്. എന്നാൽ, ഈ സ്വാതന്ത്ര്യം ഇപ്പോൾ പാർട്ടിക്കുതന്നെ വിനയായതായാണ് അനുഭവം.
എ.ആർ നഗർ ബാങ്കുമായി ബന്ധപ്പെട്ട് മുസ്‍ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പാർട്ടിയോട് ആലോചിക്കാതെ നടത്തിയ ആക്രമണം തറച്ചത് സഹകരണ മേഖലയുടെ നെഞ്ചത്തായിരുന്നു. ബാങ്കിലെ ക്രമക്കേടുകളിൽ ഇ.ഡി ഇടപെടണമെന്നായിരുന്നു ജലീലിന്റെ ആവശ്യം. ഇതോടെ മുഖ്യമന്ത്രിക്കുതന്നെ ജലീലിനെ തള്ളിപ്പറയേണ്ടിവന്നു. കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി അനുരഞ്ജനമുണ്ടാക്കി പിന്നീട് ആരോപണത്തിൽനിന്ന് ജലീൽ പിൻവാങ്ങുകയായിരുന്നു. 'മാധ്യമ'ത്തെ നിരോധിക്കുന്നതിന് ജലീൽ യു.എ.ഇ കോൺസുൽ ജനറലിന് കത്തെഴുതിയതായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിലും ജലീലിനെ പാർട്ടിക്കും മുഖ്യമന്ത്രിക്കും തള്ളിപ്പറയേണ്ടിവന്നു. ഇതിന്റെ ചൂടാറും മുമ്പാണ് ഇപ്പോൾ കശ്മീർ വിവാദമുണ്ടായിരിക്കുന്നത്.
നേരത്തെ പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ ജലീൽ സജീവ സാന്നിധ്യമായിരുന്നു. ന്യൂനപക്ഷ രാഷ്ട്രീയത്തിൽ ലീഗിനെ ആക്രമിക്കാനാണ് ഇത്തരം വേദികളിൽ കൂടുതലും പാർട്ടി അദ്ദേഹത്തെ ഉപയോഗപ്പെടുത്തിയിരുന്നത്.
എന്നാൽ, ജലീലിന്റെ നടപടികൾ പാർട്ടി നയങ്ങൾക്കെതിരാകുന്ന സാഹചര്യത്തിൽ മുമ്പത്തെപ്പോലെ പാർട്ടി പരിപാടികളിൽ ജലീലിനെ പങ്കെടുപ്പിക്കേണ്ടെന്ന് നേതൃത്വം അനൗദ്യോഗികമായി തീരുമാനിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂരിലെ പാർട്ടി കോൺഗ്രസിലടക്കം ക്ഷണിതാവായി പോലും ജലീലിനെ കാണാതിരുന്നത്.
പാർട്ടി കോൺഗ്രസിന് ക്ഷണിക്കാത്തതിൽ അദ്ദേഹത്തിന് നീരസവുമുണ്ടായിരുന്നു.
ഒറ്റപ്പെടലിന്റെ സാഹചര്യത്തിലാണ് സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഇടപെടൽ ജലീൽ സജീവമാക്കിയത്. സ്വാതന്ത്ര്യദിന പശ്ചാത്തലത്തിൽ ഫേസ്ബുക്കിലൂടെ അനാവശ്യമായി നടത്തിയ കശ്മീർ പരാമർശവും അവമതിപ്പുണ്ടാക്കിയതോടെ ജലീലിനെ ഇനി എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് സി.പി.എം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.