സർവകലാശാല അദാലത്: മന്ത്രി ജലീൽ പങ്കെടുത്തത് അധികാര പരിധി ലംഘനമെന്ന് ഗവർണറുടെ സെക്രട്ടറി
text_fieldsതിരുവനന്തപുരം: സാേങ്കതിക സർവകലാശാലയിൽ സംഘടിപ്പിച്ച ഫയൽ അദാലത്തിൽ ചാൻസലറായ ഗവർണറുടെ അനുമതിയില്ലാതെ ഉന്നത വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത് നിർദേശങ്ങൾ നൽകിയത് അധികാര പരിധി ലംഘിക്കുന്ന നടപടിയെന്ന് ഗവർണറുടെ സെക്രട്ടറി.
ബി.ടെക് പരീക്ഷയിൽ തോറ്റ വിദ്യാർഥിയുടെ ഉത്തരക്കടലാസ് മൂന്നാം തവണ മൂല്യനിർണയം നടത്താൻ അദാലത്തിൽ തീരുമാനിച്ചതും തുടർന്ന് വിജയിപ്പിച്ചതും ചട്ടവിരുദ്ധമായതിനാൽ വി.സി അംഗീകരിക്കരുതായിരുന്നുവെന്നും ഗവർണർക്ക് സമർപ്പിച്ച കുറിപ്പിൽ സെക്രട്ടറി വ്യക്തമാക്കി. സർവകലാശാല അദാലത്തുകളിൽ മോഡറേഷൻ മാർക്ക് നൽകിയത് ഉൾപ്പെടെയുള്ള പരാതികളിൽ രാജ്ഭവൻ സ്വീകരിച്ച നടപടികളുടെ ഫയൽ നോട്ടിലാണ് സെക്രട്ടറി അഭിപ്രായം രേഖപ്പെടുത്തിയത്. വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖയിലാണ് കുറിപ്പ് പുറത്തുവന്നത്.
കണ്ണൂർ സർവകലാശാലയിൽ നടന്ന അദാലത്തിൽ ഒരു വിദ്യാർഥിക്ക് ചട്ടവിരുദ്ധമായി നൽകിയ യോഗ്യത സർട്ടിഫിക്കറ്റ് കണ്ണൂർ വൈസ് ചാൻസലർ റദ്ദാക്കിയ നടപടി മാതൃകാപരമാണ്. ഇത്തരത്തിൽ സാേങ്കതിക സർവകലാശാല വി.സി നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ അക്കാദമിക് കേന്ദ്രങ്ങൾ സ്വാഗതം ചെയ്യുമായിരുന്നുവെന്നും കുറിപ്പിൽ പറയുന്നു. സാേങ്കതിക സർവകലാശാല വി.സിയുടെ വിശദീകരണം തള്ളണമെന്നും സെക്രട്ടറി രേഖപ്പെടുത്തിയിട്ടുണ്ട്.
അദാലത്തിൽ മന്ത്രി ഇടപെട്ട് തോറ്റ വിദ്യാർഥിയെ ബി.ടെക് പരീക്ഷ ജയിപ്പിച്ച നടപടിക്കെതിരെ സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജിർഖാനുമാണ് ഗവർണർക്കു പരാതി നൽകിയത്. സർവകലാശാലകളിലെ ഫയൽ അദാലത്തുകൾ തോറ്റ വിദ്യാർഥികളെ മോഡറേഷൻ നൽകി ജയിപ്പിക്കാനുള്ളതായിരിക്കരുതെന്നും സെക്രട്ടറി രേഖപ്പെടുത്തിയിട്ടുണ്ട്. തുടർനടപടികൾക്കായി ഫയൽ ഗവർണറുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.