ജലീലിനെതിരെ കോടതിയെ സമീപിക്കും -കെ.പി.എ. മജീദ്
text_fieldsമലപ്പുറം: മന്ത്രി കെ.ടി. ജലീലിെൻറ സത്യപ്രതിജ്ഞ ലംഘനത്തിനെതിരെ ഗവർണറെയും ബന്ധുനിയമനത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി കോടതിയെയും സമീപിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. ഇ.പി. ജയരാജെൻറ ആശ്രിത നിയമന വിവാദത്തെ തുടർന്ന് മന്ത്രിസഭ യോഗത്തിലെടുത്ത തീരുമാനം അട്ടിമറിച്ചാണ് ജലീലിന്‍റെ നടപടിയെന്ന് മജീദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മന്ത്രിസഭ യോഗ തീരുമാനപ്രകാരം പൊതുമേഖല സ്ഥാപനങ്ങളിലെ ഉന്നതതല നിയമനങ്ങള്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാണ്. ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍, മാനേജിങ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍ തുടങ്ങിയ പദവികളിലേക്ക് നിയമനങ്ങള്‍ നടത്തുമ്പോള്‍ ദേശീയ തലത്തില്‍ അംഗീകാരമുള്ള സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതി പരിശോധിച്ച് ശിപാർശ ചെയ്യണം. എന്നാൽ അപേക്ഷ ക്ഷണിച്ച് ഹാജരാകാത്ത ഒരാളെ പിടിച്ച് മൈനോറിറ്റി െഡവലപ്മെൻറ് ഫിനാന്‍സ് കോര്‍പറേഷനില്‍ ജോലി ഏല്‍പ്പിച്ചിരിക്കുകയാണ്.
ഡെപ്യൂട്ടേഷനിലുണ്ടായിരുന്ന മാനേജറെ തിരിച്ചയച്ചാണ് ഒഴിവ് ഉണ്ടാക്കിയത്. നിയമനത്തിനുണ്ടാക്കിയ നടപടിക്രമങ്ങളെല്ലാം തെറ്റാണ്. ജലീല്‍ രാജിവെക്കുംവരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകും. വായ്പ തിരിച്ചുപിടിക്കാന്‍ തുടങ്ങിയപ്പോഴാണ് ലീഗുകാര്‍ക്ക് പ്രശ്‌നമായതെന്ന ആരോപണം മന്ത്രി തെളിയിക്കണം.
ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെ കുഴിയിൽ ലീഗ് വീണെന്ന പ്രചാരണം തെറ്റാണ്. വിശ്വാസികൾക്കൊപ്പമാണ് പാർട്ടി നിലയുറപ്പിച്ചത്. നാമജപയാത്രയിലുൾപ്പെടെ പങ്കെടുത്തവരിൽ ഭൂരിഭാഗവും സംഘ്പരിവാറുമായി ബന്ധമില്ലാത്തവരാണ്. കേരളത്തെ കലാപഭൂമിയാക്കാനുള്ള ബി.ജെ.പി-ആർ.എസ്.എസ് ശ്രമത്തെ യു.ഡി.എഫ് തുടക്കം മുതൽ ശക്തമായി എതിർത്തിട്ടുണ്ടെന്നും മജീദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.