മാർക്ക് വിവാദം: ഗവർണറുടെ തുറന്നുപറച്ചിലോടെ സർക്കാറും മന്ത്രിയും സമ്മർദത്തിൽ
text_fieldsതിരുവനന്തപുരം: എം.ജി, സാേങ്കതിക സർവകലാശാലകളിലെ മാർക്ക് വിവാദത്തിൽ ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലപാട് തുറന്നുപറഞ്ഞതോടെ സർക്കാറും മന്ത്രി ജലീലും സമ്മർദത്തിൽ. തിരുത്തൽ നടപടികളിലൂടെ വിവാദത്തിൽനിന്ന് തലയൂരാൻ സർക്കാറും സർവകലാശാലകളും ശ്രമിക്കുന്നതിനിടെയാണ് സർവകലാശാലകൾക്ക് പിഴവ് സംഭവിച്ചുവെന്ന് ഗവർണർ തുറന്നടിച്ചത്. സാേങ്കതിക സർവകലാശാലയിൽ ഗവർണറുടെ അനുമതിയില്ലാതെ മന്ത്രി അദാലത്തിൽ പെങ്കടുത്ത് നിർദേശങ്ങൾ നൽകിയത് അധികാര പരിധി ലംഘനമാണെന്ന് ഗവർണറുടെ സെക്രട്ടറി ഫയലിൽ കുറിച്ചത് പുറത്തുവന്നത് മന്ത്രിക്കും വകുപ്പിനും തിരിച്ചടിയുമായി.
മന്ത്രിയെയോ സർക്കാറിനെയോ വിർമശിച്ചില്ലെങ്കിലും സർവകലാശാലകളുടെ നടപടികൾ തെറ്റെന്ന ഗവർണറുടെ വിലയിരുത്തൽ സർക്കാറും മന്ത്രിയും തീർത്ത പ്രതിരോധം തകർക്കുന്നതാണ്. തോറ്റ വിദ്യാർഥികൾക്ക് മോഡറേഷൻ നൽകിയത് തെറ്റെന്ന് എം.ജി സർവകലാശാലക്ക് മനസ്സിലാവുകയും തിരുത്തുകയും ചെയ്തിട്ടുണ്ടെന്നാണ് ഗവർണർ പറഞ്ഞത്. എന്നാൽ, സിൻഡിക്കേറ്റിന് ഇതിന് അധികാരമുണ്ടെന്നായിരുന്നു സർവകലാശാലയും സർക്കാറും വാദിച്ചത്. മന്ത്രിയുടെ നിർദേശ പ്രകാരം വിളിച്ച അദാലത്തുകളാണ് വിവാദ തീരുമാനത്തിന് വഴിയൊരുക്കിയത്.
സാേങ്കതിക സർവകലാശാലയിൽ ബി.ടെക് ഒരു വിഷയത്തിൽ തോറ്റ വിദ്യാർഥിയുടെ പേപ്പർ രണ്ടാമതും മൂല്യനിർണയം നടത്തിയ സംഭവത്തിൽ ഉൾപ്പെടെയാണ് ഗവർണറുടെ സെക്രട്ടറി ഫയലിൽ കുറിപ്പെഴുതിയത്. കണ്ണൂർ സർവകലാശാല അദാലത്തിൽ ഒരു വിദ്യാർഥിക്ക് ചട്ടവിരുദ്ധമായി നൽകിയ യോഗ്യത സർട്ടിഫിക്കറ്റ് വൈസ് ചാൻസലർ റദ്ദാക്കിയ നടപടി മാതൃകാപരമാണെന്നും ഇത്തരത്തിൽ സാേങ്കതിക സർവകലാശാല വി.സി നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ അക്കാദമിക് കേന്ദ്രങ്ങൾ സ്വാഗതം ചെയ്യുമായിരുന്നുവെന്നും കുറിപ്പിൽ പറയുന്നു. ഇത് സാേങ്കതിക സർവകലാശാല നടപടി ചട്ടപ്രകാരമല്ലെന്ന സന്ദേശമാണ്.
ഇതുസംബന്ധിച്ച ഫയൽ ഗവർണറുടെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ ഗവർണറുടെ തീരുമാനം ഇതോടെ നിർണായകമായി. സാേങ്കതിക സർവകലാശാലയിൽ 91 ശതമാനത്തിലധികം മാർക്ക് നേടിയ വിദ്യാർഥി ഒരു പേപ്പറിൽ മാത്രം തോറ്റപ്പോൾ രണ്ടാമതും ഉത്തരക്കടലാസ് പുനഃപരിേശാധനക്ക് കാരണമായി മന്ത്രിയും സർവകലാശാലയും പറയുന്നത് മനുഷ്യത്വപരമായ നിലപാടെന്നാണ്.
എന്നാൽ, പരാതിക്കാരും ഗവർണറുടെ സെക്രട്ടറിയും ഉന്നയിക്കുന്നത് ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനമാണ്.
സർവകലാശാലകളെ സംബന്ധിച്ചു പരാതി പ്രവാഹമായതോടെയാണ് ഇൗ മാസം 16ന് വി.സിമാരുടെ േയാഗം വിളിക്കാനും ഗവർണർ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.