മന്ത്രി ജലീലിന്റെ ബന്ധുനിയമനം: വിശദീകരണം തേടി ഹൈകോടതി
text_fieldsകൊച്ചി: ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെതിരെ കേസെടുക്കാൻ വിജിലൻസിന് നിർദേശം നൽകണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ കൂടുതൽ വ്യക്തത തേടി ഹൈകോടതി. ആറുകാര്യത്തിൽ ഹരജിക്കാരനായ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനോട് വിശദീകരണം തേടിയ ജസ്റ്റിസ് പി. ഉബൈദ് പരാതിയിൽ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് വിജിലൻസിനോടും നിർദേശിച്ചു.
സംസ്ഥാന ന്യൂനപക്ഷ വികസന ഫിനാൻസ് കോർപറേഷനിലെ നിയമനം സംബന്ധിച്ച് മന്ത്രിക്കെതിരെ കേസെടുക്കാൻ വിജിലൻസിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഫിറോസ് ഹരജി നൽകിയിരിക്കുന്നത്. നിയമനത്തിലെ എന്തെങ്കിലും പ്രശ്നങ്ങളെയാണോ അതോ മന്ത്രിയെ ആണോ ഹരജിക്കാരൻ ലക്ഷ്യമിടുന്നതെന്ന് വാദത്തിനിടെ കോടതി വാക്കാൽ ചോദിച്ചു. പ്രഥമദൃഷ്ട്യാ ഹരജിയിൽ കഴമ്പില്ലെന്ന് വ്യക്തമാക്കിയ കോടതി തുടർന്നാണ് ആറുകാര്യത്തിൽ ഹരജിക്കാരനിൽനിന്ന് വ്യക്തത തേടിയത്.
നിയമനത്തെ മറ്റാരെങ്കിലും ചോദ്യം ചെയ്തിട്ടുണ്ടോ, നിയമിക്കുന്ന ആളുടെ യോഗ്യതയിൽ ഇളവ് നൽകിയ സർക്കാർ ഉത്തരവ് ആരെങ്കിലും ചോദ്യം ചെയ്തിട്ടുണ്ടോ, മന്ത്രിക്കെതിരെ പ്രോസിക്യൂഷൻ അനുമതിക്ക് ഹരജിക്കാരൻ സർക്കാറിനെ സമീപിച്ചിട്ടുണ്ടോ, സാധാരണ നിയമനമാണോ ഡെപ്യൂട്ടേഷനിലുള്ള നിയമനമാണോ നടന്നിരിക്കുന്നത്, നിയമിക്കപ്പെട്ട ആൾ നിയമവിരുദ്ധമായി എന്തെങ്കിലും ആനുകൂല്യങ്ങൾ പറ്റിയിട്ടുണ്ടോ, അഴിമതി തടയൽ നിയമപ്രകാരം നടപടി സ്വീകരിക്കാവുന്ന കുറ്റങ്ങൾ ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദീകരണം നൽകാനാണ് കോടതി നിർദേശിച്ചത്.
അതേസമയം, ഹരജിക്കാരൻ നൽകിയ പരാതിയിൽ എന്തുനടപടിയാണ് വിജിലൻസ് സ്വീകരിച്ചതെന്ന് കോടതി ആരാഞ്ഞു. ഇതുസംബന്ധിച്ച് സ്വീകരിച്ച നടപടികൾ അറിയിക്കാൻ വിജിലൻസിനോട് കോടതി നിർദേശിച്ചു. തുടർന്ന് ഹരജി വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.