ബന്ധുനിയമനം: സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: ബന്ധുനിയമന ആരോപണം നേരിടുന്ന കെ.ടി. ജലീലിനെ ശക്തമായി പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി ജലീലിെൻറ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിക്കുകയും ചെയ്തു. നാല് ദിവസം സഭയെ സ്തംഭിപ്പിച്ച ശബരിമല വിഷയം മാറ്റിെവച്ച് ബന്ധുനിയമനവിവാദം ഏറ്റെടുത്ത പ്രതിപക്ഷത്തെ ആശയക്കുഴപ്പം സഭയിൽ തെളിഞ്ഞുകണ്ടെങ്കിലും പിന്നീട് ബഹിഷ്കരണം പ്രഖ്യാപിച്ച് സഭാ കവാടത്തിലേക്ക് മാർച്ച് നടത്തുകയായിരുന്നു. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് പുറത്തുവിട്ട വിവാദം കോൺഗ്രസിലെ കെ. മുരളീധരനാണ് അടിയന്തരപ്രമേയമായി സഭയിൽ കൊണ്ടുവന്നത്.
പ്രതിപക്ഷനേതാവ് ഇറങ്ങിപ്പോക്ക് പ്രഖ്യാപിക്കുകയും കോൺഗ്രസ് അംഗങ്ങൾ വാക്കൗട്ട് നടത്തുകയും ചെയ്തതിന് പിന്നാെല ലീഗ് അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങുകയും ബാനറുയർത്തി മുദ്രാവാക്യം വിളിച്ച് ശക്തമായ പ്രതിഷേധം ഉയർത്തുകയുമായിരുന്നു. നടുത്തളത്തിൽ ലീഗ് അംഗങ്ങളുടെ പ്രതിഷേധം നടക്കുന്നതിനിടെ കോൺഗ്രസ് അംഗങ്ങളും ഒാടിയെത്തുകയും ബഹിഷ്കരണം പ്രഖ്യാപിക്കുകയുമായിരുന്നു.
നടുത്തളത്തിൽ ഭരണപക്ഷത്തിനുേനെര കോൺഗ്രസിലെ അൻവർ സാദത്ത് കൈചൂണ്ടി പാഞ്ഞടുക്കാൻ ശ്രമിച്ചത് പ്രതിപക്ഷാംഗങ്ങൾ തന്നെ തടഞ്ഞു. ഇത് നേരിടാൻ ഭരണപക്ഷാംഗങ്ങൾ മുൻനിരയിലേക്ക് ഒാടിക്കൂടിയത് അൽപസമയം സംഘർഷാവസ്ഥക്ക് വഴിയൊരുക്കി. പ്രതിപക്ഷത്ത് ആശയക്കുഴപ്പമില്ലെന്നും എം.കെ. മുനീറിന് സംസാരിക്കാൻ അവസരത്തിന് വേണ്ടിയാണ് ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ചതെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
യോഗ്യതയില്‍ മാറ്റം വരുത്താൻ മന്ത്രിസഭയുടെ അനുമതി തേടാതെ, മന്ത്രി സ്വയം തീരുമാനിക്കുകയായിരുന്നുവെന്ന് നോട്ടീസ് ഉന്നയിച്ച കെ. മുരളീധരന് ആരോപിച്ചു. എം.ബി.എക്കാര്‍ ഇഷ്ടം പോലെയുള്ളപ്പോള്‍ ആ യോഗ്യത മാറ്റിയത് ബന്ധുവിന് വേണ്ടിയായിരുന്നു. മന്ത്രി തെൻറ ലെറ്റര്‍പാഡില്‍ എഴുതിക്കൊടുത്താണ് യോഗ്യതയില്‍ മാറ്റം വരുത്തിയത്. വകുപ്പ് സെക്രട്ടറി തന്നെ മന്ത്രിസഭയുടെ അനുമതി വേണമെന്ന് അറിയിച്ചിട്ട് അതുപോലും പരിഗണിക്കാതെ മന്ത്രി നേരിട്ട് ഇത് ചെയ്തു. ഇതിനെയൊക്കെ വെള്ളപൂശുന്ന മുഖ്യമന്ത്രി എന്തിനാണ് ഇ.പി. ജയരാജനെ രണ്ടുവര്‍ഷം പുറത്തുനിര്‍ത്തിയതെന്നും മുരളീധരൻ ചോദിച്ചു.
അഴിമതിക്കാരെ രക്ഷിക്കാന്‍ മുഖ്യമന്ത്രി കരാര്‍ എടുത്തിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഇ.പി. ജയരാജനെക്കാൾ വലിയ തെറ്റാണ് ജലീൽ ചെയ്തത്. കള്ളംകൊണ്ടുള്ള ചീട്ടുകൊട്ടാരമാണ് മന്ത്രി നിർമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഇറങ്ങിപ്പോക്കിന് ശേഷം എം.കെ. മുനീർ സർക്കാറിനെ കടന്നാക്രമിച്ചു. ഭരണപക്ഷവും ലീഗ് അംഗങ്ങളും തമ്മിൽ വൻ ബഹളത്തിന് വഴിെവച്ചു. ലീഗ് അംഗങ്ങള്‍ സ്വന്തം നിലയില്‍ മുദ്രാവാക്യംവിളികളുമായി നടുത്തളത്തിലിറങ്ങി. കുറച്ചുകഴിഞ്ഞ് ചില കോണ്‍ഗ്രസ് അംഗങ്ങള്‍ വന്നെങ്കിലും പ്രത്യക്ഷത്തില്‍ ലീഗിെൻറ മാത്രം പ്രതിഷേധമായി അത് മാറി. തുടർന്ന് പ്രതിപക്ഷ നേതാവ് ബഹിഷ്കരണം പ്രഖ്യാപിക്കുകയായിരുന്നു.
മന്ത്രി ജലീൽ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീൽ ചട്ടലംഘനമോ ക്രമക്കേടോ ഭരണഘടനാലംഘനമോ നടത്തിയിട്ടില്ലെന്നും ഇക്കാര്യത്തിൽ അനാവശ്യ പുകമറ സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷ ധനകാര്യ കോർപറേഷനിൽ നിശ്ചിത യോഗ്യതയുടെ അടിസ്ഥാനത്തിലാണ് അദീപിനെ നിയമിച്ചത്. മുൻ സർക്കാറിെൻറ കാലത്ത് ജനറൽ മാേനജർ, എം.ഡി തസ്തികകളിൽ നിയമനം നടത്തിയത് അപേക്ഷ ക്ഷണിക്കാതെയാണ്. മുൻ മന്ത്രി എം.ഡി തസ്തികയിൽ അദ്ദേഹത്തിെൻറ അടുത്ത ബന്ധുവായ, മക്കരപ്പറമ്പ് സഹകരണ ബാങ്ക് ജീവനക്കാരാൻ ഹനീഫ പെരിഞ്ചേരിയെ നിയമിച്ചു. മാണിയുെട പേഴ്സനൽ സ്റ്റാഫായി സൗത്ത് ഇന്ത്യൻ ബാങ്കിലെ പി.സി. ജെയിംസിനെ നിയമിച്ചിരുന്നു. കീഴ്വഴക്കങ്ങൾ പരിഗണിച്ചാണ് അദീപിെൻറ നിയമനം. ഇൗ നിയമനം മൂലം സർക്കാറിന് സാമ്പത്തികനഷ്ടമില്ല.
കോർപറേഷനിലെ നിയമനത്തിന് യോഗ്യത നിശ്ചയിക്കുന്നതിന് മന്ത്രിസഭയുടെ അനുമതി തേടണമെന്ന് വ്യവസ്ഥയില്ല. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തെ ബന്ധുനിയമനത്തിെൻറ വിശദമായ പട്ടിക തെൻറ കൈവശമുണ്ട്. അത് ഇപ്പോൾ പറയുന്നില്ല. മുൻ ജനറൽ മാനേജർ ഫൈസൽ മുനീറിനെ ധനകാര്യ-ആസൂത്രണ വകുപ്പുകളുടെ എതിർപ്പ് മറികടന്നാണ് സ്ഥിരനിയമനത്തിന് തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് വന്നതിനാൽ അത് നടപ്പായില്ല. സർവകലാശാല വി.സിയായി സ്കൂൾ അധ്യാപകനെ നിയമിക്കാൻ ശ്രമിെച്ചന്നും നിയമിച്ച വൈസ് ചാൻസലറെ ഗവർണർ അയോഗ്യനാക്കി പുറത്താക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുന്നു –യൂത്ത് ലീഗ്
മലപ്പുറം: മന്ത്രി കെ.ടി ജലീലിെൻറ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി തങ്ങളും ജനറൽ സെക്രട്ടറി പി.കെ. ഫിറോസും പറഞ്ഞു. യുവജന യാത്ര മലപ്പുറത്ത് എത്തുന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.
അദീബിെൻറ നിയമനംകൊണ്ട് ഒരു രൂപ പോലും നഷ്ടമായിട്ടില്ല എന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്. ഒരു മാസത്തെ ശമ്പളം അദീബ് വാങ്ങിയിട്ടുണ്ട്. മറ്റെന്തെങ്കിലും നഷ്ടമുണ്ടായോ എന്ന് അറിയണമെങ്കിൽ അന്വേഷണം നടക്കണം. നഷ്ടമുണ്ടായില്ലെങ്കിൽതന്നെ നിയമനം അംഗീകരിക്കാനാവുമോ? വിദ്യാഭ്യാസ യോഗ്യത മാറ്റിയത് മന്ത്രിസഭ അറിയേണ്ടതില്ലെന്നും യു.ഡി.എഫിെൻറ കാലത്തെ നിയമനം പോലെയാണിതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതും ശരിയല്ല. ഇ.പി. ജയരാജെൻറ കാര്യത്തിലുണ്ടായ തീരുമാനം എന്തുകൊണ്ടാണ് ഉണ്ടാവാത്തതെന്ന് വ്യക്തമാക്കണം.
ജാഥയുടെ ഭാഗമായി മലപ്പുറത്ത് വ്യാഴാഴ്ച നവജ്യോത് സിങ് സിദ്ദു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. ഒമ്പതിനാണ് ജില്ലയിലെ പര്യടനം അവസാനിക്കുക.
അഴിമതി തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്ന് ജലീൽ
തിരുവനന്തപുരം: ആരോടെങ്കിലും അഴിമതിയോ അന്യായമോ ചെയ്െതന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് മന്ത്രി കെ.ടി. ജലീൽ. ചിലര്‍ പ്രചരിപ്പിക്കുന്നപോലെ ഒരാളുടെയും അവസരം നഷ്ടപ്പെടുത്തിയോ അര്‍ഹരെ തഴേഞ്ഞാ ആയിരുന്നില്ല ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനിലെ ഡെപ്യൂട്ടേഷന് നിയമനം.
സാമ്പത്തികലാഭത്തിനോ മറ്റ് നേട്ടങ്ങള്‍ക്കോ അല്ല യോഗ്യനായ ഒരാളെ ജനറല്‍ മാനേജര്‍ സ്ഥാനത്തേക്ക് നിയമിച്ചതെന്നും നിയമസഭയിൽ പറഞ്ഞു. ‘സത്യമേവ ജയതേ’ എന്ന മൊഴിമുത്താണ് എന്നും നെഞ്ചോട് ചേർക്കുന്നത്. അതുകൊണ്ട് നിര്‍ഭയം മുന്നോട്ടുപോകാന്‍ കഴിയും. ഭാര്യയുടെ പ്രിന്‍സിപ്പല്‍ നിയമനം പോലും വിവാദമാക്കാന്‍ ശ്രമംനടന്നു. കോർപറേഷനിൽ മികച്ച ധനകാര്യസ്ഥാപനത്തില്‍ ജോലിചെയ്ത് പരിചയമുള്ള ഒരാള്‍ അനിവാര്യമായതിനാലാണ് ഒരുവര്‍ഷത്തെ ഡെപ്യൂേട്ടഷനില്‍ നിയമനം നടത്തിയതെന്നും ജലീല്‍ വിശദീകരിച്ചു.
കൊച്ചാപ്പ...കൊച്ചാപ്പ; സഭയിൽ ജലീലിനെ പരിഹസിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: ബന്ധുനിയമനവിവാദത്തിൽ മന്ത്രി കെ.ടി. ജലീലിനെതിരെ സഭയിൽ പ്രതിഷേധവും പരിഹാസവുമായി പ്രതിപക്ഷം. സഭ സമ്മേളിച്ചപ്പോൾതന്നെ ജനകീയവിഷയങ്ങൾ ചർച്ച ചെയ്യാനുള്ളതിനാൽ നടപടികളുമായി സഹകരിക്കാന്‍ തീരുമാനിച്ചതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്പീക്കറെ അറിയിച്ചിരുന്നു. സഭാകവാടത്തിന് പുറത്ത് അനിശ്ചിതകാല സത്യഗ്രഹം ഇരിക്കുന്ന മൂന്ന് എം.എൽ.എമാർക്കും അഭിവാദ്യം അർപ്പിച്ച ശേഷമാണ് പ്രതിപക്ഷം സീറ്റിലിരുന്നത്.
എന്നാൽ, ചോദ്യോത്തരവേള അവസാനിക്കാൻ 10 മിനിറ്റ് ബാക്കിനിൽക്കെ, ഉന്നത വിദ്യാഭ്യാസ കമീഷൻ രൂപവത്കരിക്കുന്നത് സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാൻ സ്പീക്കർ മന്ത്രി ജലീലിനെ ക്ഷണിച്ചു. ഇതോടെ പ്രതിപക്ഷം മുദ്രാവാക്യംവിളികളും ബാനറുമായി എഴുന്നേറ്റു. എന്നാൽ, പ്രതിഷേധം മന്ത്രി ഗൗനിക്കുന്നില്ലെന്ന് കണ്ടതോടെ ‘കൊച്ചാപ്പ... കൊച്ചാപ്പ’ എന്നായി പിന്നീടുള്ള മുദ്രാവാക്യം വിളി. ജലീലിനോടുള്ള എം. സ്വരാജിെൻറ ചോദ്യം തടസ്സപ്പെടുത്തിയതോടെ എതിർപ്പുമായി ഭരണപക്ഷവും എഴുന്നേറ്റു. ഇതോടെ ചോദ്യോത്തരവേള സ്പീക്കർ അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.