Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഅ്ദനിയെ കണ്ട് കണ്ണ്...

മഅ്ദനിയെ കണ്ട് കണ്ണ് നിറഞ്ഞെന്ന് കെ.ടി ജലീൽ; 'ഈ അനീതിയെ കുറിച്ച് ആരോട് പറയാന്‍'

text_fields
bookmark_border
മഅ്ദനിയെ കണ്ട് കണ്ണ് നിറഞ്ഞെന്ന് കെ.ടി ജലീൽ; ഈ അനീതിയെ കുറിച്ച് ആരോട് പറയാന്‍
cancel

ബംഗളൂരു: പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദനിയെ സന്ദർശിച്ച് കെ.ടി ജലീൽ എം.എൽ.എ. ഇത്രമാത്രം ക്രൂരത മഅ്ദനിയോട് എന്തിനാണ് ഭരണകൂടം കാണിക്കുന്നതെന്നും കെ.ടി ജലീൽ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. തെറ്റ് ചെയ്തെങ്കിൽ തൂക്കുകയർ വിധിച്ച് കൊലമരത്തിലേറ്റട്ടെ. ജീവിതത്തിനും മരണത്തിനുമിടയിലെ ഈ കൊല്ലാകൊല നീതി നിഷേധത്തിന്‍റെ പാരമ്യതയാണെന്ന് പറയാതെ വയ്യെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവിച്ച നാക്കു പിഴയിൽ മനസറിഞ്ഞ് പശ്ചാത്തപിച്ചിട്ടും ഫാഷിസ്റ്റുകൾ അദ്ദേഹത്തെ വെറുതെ വിട്ടില്ല. മുസ്‌ലിംകളെ പച്ചയ്ക്ക് ചുട്ടു കൊല്ലാനും മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യാനും പരസ്യമായി അട്ടഹസിച്ച ചെകുത്താൻമാർ ഇന്നും നാട്ടിൽ വിലസി നടക്കുന്നു. സംശയമുള്ളവർ ബി.ബി.സി ഡോക്യുമെന്ററിയുടെ ആദ്യഭാഗം കേൾക്കുക- ജലീൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

മഅദനിയെ കണ്ടു; കണ്ണ് നിറഞ്ഞു
ഒരു മനുഷ്യനോട് ഇത്ര വലിയ അനീതി ചെയ്യാൻ പാടുണ്ടോ?
ആരോട് ചോദിക്കാൻ? ആരോട് പറയാൻ?
ചെയ്യാത്ത കുറ്റം ആരോപിച്ച് ഒൻപതര വർഷം കോയമ്പത്തൂർ ജയിലിൽ! മുടിനാരിഴ കീറിയ വിചാരണക്കൊടുവിൽ കുറ്റവിമുക്തൻ!!! ജീവിതത്തിൻ്റെ വസന്തം കരിച്ച് കളഞ്ഞവരോടും തൻ്റെ ഒരു കാൽ പറിച്ചെടുത്തവരോടും ആ മനുഷ്യൻ ക്ഷമിച്ചു. ശിഷ്ടകാലം സമൂഹ നന്മക്കായി നീക്കിവെക്കാമെന്ന തീരുമാനത്തിൽ മുന്നോട്ട് പോകവെ കള്ളക്കഥ മെനഞ്ഞ് വീണ്ടും കർണ്ണാടക സർക്കാറിൻ്റെ വക കരാഗ്രഹ വാസം! നാലര വർഷം പുറം ലോകം കാണാത്ത കറുത്ത ദിനരാത്രങ്ങൾ. ദീനരോദനങ്ങൾക്കൊടുവിൽ ചികിൽസക്കായി കർശന വ്യവസ്ഥയിൽ ജാമ്യം. ബാഗ്ലൂർ വിട്ട് പോകരുത്. പൊതു പരിപാടികളിൽ പങ്കെടുക്കരുത്. ദയാരഹിതമായ വീട്ടുതടങ്കൽ തന്നെ.
ഇത്രമാത്രം ക്രൂരത അബ്ദുൽ നാസർ മഅദനിയോട് എന്തിനാണ് ഭരണകൂടം കാണിക്കുന്നത്? അദ്ദേഹം തെറ്റ് ചെയ്തെങ്കിൽ തൂക്കുകയർ വിധിച്ച് കൊലമരത്തിലേറ്റട്ടെ. ജീവിതത്തിനും മരണത്തിനുമിടയിലെ ഈ കൊല്ലാകൊല നീതി നിഷേധത്തിൻ്റെ പാരമ്യതയാണെന്ന് പറയാതെ വയ്യ.
എന്നോ ഒരിക്കൽ പ്രസംഗത്തിൽ ഉപയോഗിച്ച ചില പദപ്രയോഗങ്ങളെ മുൻനിർത്തി ഇന്നും മഅദനിയെ വിമർശിക്കുന്നവരുണ്ട്. സംഭവിച്ച നാക്കു പിഴയിൽ മനസ്സറിഞ്ഞ് പശ്ചാതപിച്ചിട്ടും ഫാഷിസ്റ്റുകൾ അദ്ദേഹത്തെ വെറുതെ വിട്ടില്ല. "മുസ്ലിങ്ങളെ പച്ചക്ക് ചുട്ട് കൊല്ലാനും മുസ്ലിം സ്ത്രീകളെ ബലാൽസംഗം ചെയ്യാനും" പരസ്യമായി അട്ടഹസിച്ച ചെകുത്താൻമാർ ഇന്നും നാട്ടിൽ വിലസി നടക്കുന്നു. സംശയമുള്ളവർ BBC ഡോക്യുമെൻ്ററിയുടെ ആദ്യഭാഗം കേൾക്കുക.
മഅദനിയുടെ രക്തം പോരാഞ്ഞിട്ട് അദ്ദേഹത്തിൻ്റെ സഹധർമിണി സൂഫിയായേയും കുരുക്കാൻ ചില പോലീസ് ഉദ്യോഗസ്ഥർ നടത്തിയ കണ്ണിൽ ചോരയില്ലാത്ത നീക്കം നീതിപീഠത്തിൻ്റെ കാരുണ്യത്തിലാണ് ഒഴിവായത്. കാലം ഒന്നിനും പകരം ചോദിക്കാതെ കടന്ന് പോയിട്ടില്ലെന്ന് മഅദനിക്ക് നീതി നിഷേധിക്കുന്നവരും സൂഫിയ മഅദനിയെ കേസിൽ കുടുക്കാൻ ശ്രമിച്ചവരും ഓർക്കുക.
അബ്ദുൽ നാസർ മഅദനിയെ ഒരുപാട് രോഗങ്ങളാണ് അലട്ടുന്നത്. ശരീരം മുഴുവൻ തണുപ്പ് കീഴടക്കുന്നു. ഫാനിൻ്റെ കാറ്റ് പോലും ഏൽക്കാനാവുന്നില്ല. കിഡ്നിയുടെ പ്രവർത്തനം ഏതാണ്ട് ക്ഷയിച്ച മട്ടാണ്. വൈകാതെ ഡയാലിസിലേക്ക് നീങ്ങേണ്ടിവന്നേക്കും. കണ്ണിന് കാഴ്ചശക്തി കുറഞ്ഞ് വരുന്നു. രക്തത്തിലെ ക്രിയാറ്റിൻ ഏറിയും കുറഞ്ഞും നിൽക്കുന്നു. ഡയബറ്റിക്സും രക്ത സമ്മർദ്ദവും അകമ്പടിയായി വേറെയും. പരസഹായമില്ലാതെ ശുചി മുറിയിലേക്ക് പോലും പോകാനാവില്ല. വീര്യം അണുമണിത്തൂക്കം ചോരാത്ത മനസ്സിന് മാത്രം ലവലേശം തളർച്ചയില്ല. ജയിൽവാസം തീർത്ത അസ്വസ്ഥതകളിൽ ഒരു മനുഷ്യ ശരീരം വിങ്ങിപ്പുകയുന്നത് ഏത് കൊടിയ ശത്രുവിൻ്റെയും നെഞ്ചുരുക്കും.
ബോധപൂർവ്വം സൃഷ്ടിച്ചെടുത്ത കേസിലെ സാക്ഷി വിസ്താരം കഴിഞ്ഞു. ഇനി വാദം പൂർത്തിയാക്കണം. മനസ്സുവെച്ചാൽ എളുപ്പം തീർക്കാവുന്നതേയുള്ളൂ. നടപടിക്രമങ്ങൾ അനന്തമായി നീട്ടുകയാണ്. മഅദനിയുടെ ശരീരം നിശ്ചലമാകുന്നത് വരെ അത് നീളാനാണ് സാദ്ധ്യത.
കോയമ്പത്തൂരിലെ കേസ് വിസ്താരം ഒച്ചിൻ്റെ വേഗതയിലാക്കിയിട്ടും അവസാനം കുറ്റവിമുക്തനായത് നിലവിലുള്ള കേസിലും സംഭവിക്കുമെന്ന് ഭരണകൂട ഭീകരർക്ക് നന്നായറിയാം. കുറ്റം ചെയ്യാത്ത ഒരാളെ ആര് വിചാരിച്ചാലും കുറ്റക്കാരനാക്കാനാകില്ലല്ലോ?
അന്തിമ വിധി പറയും മുമ്പേ പ്രതി കാലയവനികക്കുള്ളിൽ മറഞ്ഞുവെന്ന് എഴുതി ഫയൽ ക്ലോസ് ചെയ്യാനാകുമോ അധികാരികളുടെ ശ്രമം? അനാവശ്യമായി പീഠിപ്പിച്ചു എന്ന പഴി വീണ്ടും കേൾക്കാതിതിരിക്കാനും ആ ചീത്തപ്പേര് ഒഴിവാക്കാനുമല്ലാതെ മറ്റെന്തിനാണ് കേസ് തീർപ്പാക്കാതെയുള്ള ഈ വലിച്ചു നീട്ടൽ?
മഅദനിയെ കണ്ട് മടങ്ങുമ്പോൾ എൻ്റെ ഉള്ളം നിറയെ ഒരായിരം കുതിര ശക്തിയോടെ ഉയർന്ന ചോദ്യങ്ങൾ. അവക്കുത്തരം നൽകാൻ സൻമനസ്സുള്ള നീതിമാൻമാരില്ലേ ഈ നാട്ടിൽ !!
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KT JaleelAbdul Nasser MadaniMahdaniAbdul Nasir Madani
News Summary - KT Jaleel on Abdul Nazer Mahdani
Next Story