കെ.ടി.ജലീലിൻെറ പി.എച്.ഡിയിൽ നിറയെ തെറ്റുകളെന്ന്; പരിശോധിക്കാൻ ഗവർണറുടെ നിർദേശം
text_fieldsതിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിെൻറ പിഎച്ച്.ഡി പ്രബന്ധത്തിൽ മൗലികമായി ഒന്നുമില്ലെന്നും അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളുമുള്ള ഇത് അക്കാദമികവിദഗ്ധരുടെ പാനലിനെക്കൊണ്ട് പുനഃപരിശോധിക്കണമെന്നും ഗവണർക്ക് പരാതി. സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി നൽകിയ പരാതി ഗവർണർ കേരള സർവകലാശാല വൈസ് ചാൻസലർക്ക് പരിശോധനക്കായി കൈമാറി.
മലബാർലഹളയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി യുടെയും ആലി മുസ്ലിയാരുടെയും പങ്കിനെ അധികരിച്ച് തയാറാക്കിയ ഗവേഷണപ്രബന്ധത്തിനാണ് കേരള സർവകലാശാലയിൽനിന്ന് 2006 ൽ ജലീൽ പിഎച്ച്.ഡി സ്വന്തമാക്കിയത്. സിൻഡിക്കേറ്റ് നിലവിലില്ലാതിരുന്ന കാലയളവിൽ വി.സി ആയിരുന്ന ഡോ.എം.കെ. രാമചന്ദ്രൻ നായർ പ്രത്യേക അധികാരം ഉപയോഗിച്ചാണ് പിഎച്ച്.ഡി നൽകിയത്. ഗവേഷണഫലം സാധൂകരിക്കാൻ ജലീൽ ഉപയോഗിച്ച ഉദ്ധരണികൾ പലതും വിഷയവുമായി ബന്ധമില്ലാത്തതാണ്. പ്രബന്ധം പകർത്തിയെഴുതിയതാണെന്ന ആരോപണം ഒഴിവാക്കാനായി ഉദ്ധരണികൾ വളച്ചൊടിച്ചാണ് കാണിച്ചത്. മൂലഗ്രന്ഥത്തിൽനിന്നുള്ള ഉദ്ധരണികൾക്ക് പകരം പലതവണ പകർപ്പിന് വിധേയമായവയാണ് ഉപയോഗിച്ചത്. പ്രബന്ധം അക്ഷരത്തെറ്റുകളുടെ കൂമ്പാരമാണെന്നും പരാതിയിൽ പറയുന്നു.
വാരിയംകുന്നത്ത് ഹാജി അടുത്തകാലത്ത് ചർച്ചാവിഷയമായതിനെതുടർന്ന് മലബാർലഹളയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളും പ്രബന്ധങ്ങളും പരിശോധിച്ചപ്പോഴാണ് മന്ത്രിയുടെ പ്രബന്ധവും ശ്രദ്ധയിൽപെട്ടതെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
പ്രബന്ധത്തിലെ 302 ഖണ്ഡികകളിലായി 622 ഉദ്ധരണികളുണ്ട്. ഗവേഷകൻ സ്വന്തമായി എന്താണ് സമർഥിക്കുന്നതെന്ന് പറഞ്ഞിട്ടില്ല.
എന്തെങ്കിലും സ്വന്തമായി പറഞ്ഞ ആദ്യ അധ്യായത്തിലും അവസാന അധ്യായത്തിലും അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളുമുണ്ട്. പ്രയോഗങ്ങളും ശൈലികളും കേട്ടുകേൾവിയില്ലാത്തതും അബദ്ധജടിലവുമാണ്. ഈ പ്രബന്ധം സർവകലാശാലക്കും അക്കാദമിക ലോകത്തിനും അപമാനമാണെന്ന് പരാതിയിൽ പറയുന്നു.
ഗവേഷണത്തിന് രജിസ്റ്റർ ചെയ്തെങ്കിലും തുടരാത്തതിനാൽ റദ്ദാക്കിയിരുന്നു. രജിസ്ട്രേഷൻ വീണ്ടും അനുവദിച്ചതും സിൻഡിക്കേറ്റ് നിലവിലില്ലായിരുന്നപ്പോൾ മൂല്യനിർണയം നടത്തി പിഎച്ച്.ഡി സമ്മാനിച്ചതും ദുരൂഹമാണെന്ന് കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജർഖാനും പ്രസ്താവനയിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.