യു.ഡി.എഫ് കാലത്തെ ബന്ധു നിയമനങ്ങൾ ചൂണ്ടിക്കാട്ടി പിണറായി
text_fieldsതിരുവനന്തപുരം: ബന്ധു നിയമനത്തിൽ മന്ത്രി കെ.ടി. ജലീലിനെ പിന്തുണച്ചും യു.ഡി.എഫിനെ പ്രതിരോധിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. യു.ഡി.എഫിന്‍റെ കാലത്ത് നടത്തിയ ബന്ധു നിയമനങ്ങൾ വിശദീകരിച്ചാണ് മുഖ്യമന്ത്രി പ്രതിപക്ഷ നേരിട്ടത്. യോഗ്യത മറികടന്ന് ബന്ധുക്കളെയും മറ്റും നിയമിച്ചതിന്‍റെ ചരിത്രം വിശദീകരിക്കാന്‍ പുറപ്പെട്ടാല്‍ കഴിഞ്ഞ യു.ഡി.എഫ് കാലത്തെ നിരവധി ഉദാഹരണങ്ങള്‍ കാണാനാവുന്നതാണെന്ന് പിണറായി വിജയൻ പറഞ്ഞു. അത്തരം ചരിത്രങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങാത്തതാണ്. അതിന്‍റെ വിശാദാംശങ്ങളിലേക്ക് ഇപ്പോള്‍ ഞാന്‍ കടക്കുന്നില്ല. വേണമെങ്കില്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ബുദ്ധിമുട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിലെ ജനറല്‍ മാനേജരായി വനിതാ വികനസ കോര്‍പ്പറേഷനിലെ റീജയണല്‍ മാനേജരായിരുന്ന ഫൈസല്‍ മുനീറിനെ ധനകാര്യ, ആസൂത്രണ സാമ്പത്തികകാര്യവകുപ്പുകളുടെ അഭിപ്രായങ്ങള്‍ മറികടന്ന് മന്ത്രിസഭ, കോര്‍പ്പറേഷനില്‍ സ്ഥിരനിയമനം നല്‍കിയ പ്രശ്‌നമുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിനാല്‍ തീരുമാനം നടപ്പാക്കാന്‍ കഴിയാതെ പോയതാണ്. തെറ്റായ തീരുമാനം നടപ്പാക്കാന്‍ കഴിയാതെ പോയത് ജനങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്‍റെ പേരില്‍ നിങ്ങളെ താഴെയിറക്കിയതു കൊണ്ടാണ് എന്ന കാര്യവും ഓര്‍മ്മിപ്പിക്കട്ടെ. നിങ്ങള്‍ ഇവിടെ ചര്‍ച്ചയ്ക്ക് ഉന്നയിച്ച അതേ വകുപ്പിലാണ് ഈ ക്രമവിരുദ്ധ നടപടികള്‍ ഉണ്ടായത്. ഇത്തരം പട്ടികകള്‍ ഇനിയും നിരത്താന്‍ കഴിയും. അതിന്റെ വിശദാംശങ്ങളിലേക്ക് ഞാന്‍ ഇപ്പോള്‍ കടക്കുന്നില്ല.
നിങ്ങള്‍ക്ക് യോഗ്യതയെയും നിയമനത്തെയും കുറിച്ച് പറയാന്‍ എന്ത് അവകാശമാണുള്ളത്? സര്‍വകലാശാല വൈസ് ചാന്‍സിലറായി സ്‌കൂള്‍ അദ്ധ്യാപകനെ പോലും നിയമിക്കാന്‍ പുറപ്പെട്ടവരല്ലേ നിങ്ങള്‍. ജനാധിപത്യ കേരളത്തിന്‍റെയും അക്കാദമിക് സമൂഹത്തിന്‍റെയും ശക്തമായ പ്രതിരോധം ഉയര്‍ന്നുവന്നപ്പോള്‍ അതും പിന്‍വലിച്ച് പോകേണ്ടി വന്ന ചരിത്രവും ഞാന്‍ ഓര്‍മ്മിപ്പിക്കണോ?
നിങ്ങള്‍ ശുപാര്‍ശ ചെയ്ത് നിയമിച്ച വൈസ് ചാന്‍സിലറെ ഗവര്‍ണ്ണര്‍ അയോഗ്യനാക്കി പുറത്താക്കിയ ചരിത്രവും ഇവിടെയുണ്ട്. ഇത്തരത്തില്‍ അക്കാദമിക് യോഗ്യതയുടെയും ശേഷിയുടെയും നിറകുടമായി നില്‍ക്കേണ്ട സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനങ്ങള്‍ പോലും അട്ടിമറിക്കാന്‍ ശ്രമിച്ചവരാണ് നിങ്ങള്‍ എന്ന കാര്യവും വിസ്മരിക്കരുത്. ആ ഘട്ടങ്ങളിലെല്ലാം അക്കാദമിക് സമൂഹത്തിന്‍റെ താത്പര്യമുയര്‍ത്തിപ്പിടിച്ച് ജനാധിപത്യ കേരളത്തിന്റെ സംസ്‌കാരത്തെ മുന്നോട്ടുവെച്ച് പ്രതിരോധിച്ചത് ഞങ്ങളാണെന്ന് നിങ്ങള്‍ ഓര്‍ക്കണം. നിയമന കാര്യങ്ങളിൽ നിങ്ങളുടെ ശീലമല്ല ഞങ്ങളുടേത്.
ഇവിടെ നിലവിലുള്ള ആനുകൂല്യങ്ങള്‍ പോലും തിരസ്‌ക്കരിച്ചുകൊണ്ട് വ്യവസ്ഥ പ്രകാരം നടത്തിയ നിയമനത്തെപ്പറ്റിയാണ് പുകമറ സൃഷ്ടിക്കുന്നത് എന്ന വസ്തുത നിങ്ങള്‍ മറന്നുപോകരുത്. വ്യവസ്ഥാലംഘനങ്ങളുടെ ചരിത്രത്തില്‍ മുങ്ങിക്കുളിച്ചവര്‍ക്ക് ഇത്തരത്തിലുള്ള സംശയങ്ങള്‍ ഉണ്ടാവുക സ്വാഭാവികം മാത്രമാണ്. നിങ്ങളുടെ രീതിയല്ല ഞങ്ങളുടേതെന്ന് മനസ്സിലാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.