ലോകായുക്തയുടെ 'പട്ടി' ഉപമക്ക് 'പന്നി' പരാമർശവുമായി കെ.ടി. ജലീൽ
text_fieldsകോഴിക്കോട്: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ 'പട്ടി' ഉപമക്ക് 'പന്നി' പരാമർശവുമായി മുൻ മന്ത്രി കെ.ടി. ജലീൽ. 'പുലി എലിയായ കഥ: അഥവാ ഒരു പന്നി പുരാണം' എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ലോകായുക്തക്ക് പരോക്ഷ മറുപടിയുമായി ജലീൽ രംഗത്തെത്തിയത്.
പന്നികൾക്കല്ലെങ്കിലും എല്ലിൻ കഷ്ണങ്ങളോട് പണ്ടേ താൽപര്യമില്ലെന്നും മനുഷ്യ വിസർജ്ജ്യത്തോടാണ് പഥ്യമെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. മനുഷ്യ വിസർജ്ജ്യത്തിൽ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് പന്നികൾക്ക് ഇഷ്ടമെന്നും ജലീൽ പറയുന്നു.
ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
പുലി എലിയായ കഥ: അഥവാ ഒരു പന്നി പുരാണം
പന്നികൾക്കല്ലെങ്കിലും എല്ലിൻ കഷ്ണങ്ങളോട് പണ്ടേ താൽപര്യമില്ല. പണ്ടേക്കുപണ്ടേ മനുഷ്യ വിസർജ്ജ്യത്തോടാണല്ലോ പഥ്യം. അതിൽ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് അവക്കെപ്പോഴും ഇഷ്ടം. അദ്ധ്വാനിച്ച് തിന്നുന്ന ഏർപ്പാട് മുമ്പേ പന്നികൾക്ക് ഇല്ല. മറ്റുള്ളവർ ഉണ്ടാക്കിയത് നശിപ്പിച്ച് അകത്താക്കലാണ് എക്കാലത്തെയും അവയുടെ ഹോബി.
കാട്ടുപന്നികൾക്ക് ശിപാർശ മാത്രമാണ് ശരണം. പന്നി ബന്ധുക്കളും തഥൈവ. മുബൈയിലെ ആന്ധ്രക്കാരൻ കർഷകന്‍റെ തോട്ടത്തിലെ വിളയെല്ലാം ഒരു കൊളുന്ത പന്നി നശിപ്പിച്ചു.
സ്ഥിരോൽസാഹിയായ പാവം കർഷകന് കൃഷിപ്പണി തന്നെ ഉപേക്ഷിക്കേണ്ടി വന്നു. കൊളീജിയം കർഷകർ സൂക്ഷിക്കുക. പന്നിയും കൊളുന്തയും എറണാകുളത്തും പരിസരത്തും കറങ്ങി നടക്കുന്നുണ്ട്. മുൻകരുതൽ എടുത്തില്ലെങ്കിൽ ആന്ധ്ര കർഷകന്‍റെ ഗതി വരും. ജാഗ്രതൈ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് ലോകായുക്ത 'പട്ടി' ഉപമ പറഞ്ഞത്. 'വഴിയിൽ എല്ല് കടിച്ചു കൊണ്ടിരിക്കുന്ന പട്ടിയുടെ അടുത്തുചെന്നാൽ എല്ല് എടുക്കാനാണെന്ന് അത് കരുതും, പട്ടി എല്ലുമായി ഗുസ്തി തുടരട്ടെ' എന്ന് സെക്ഷൻ 14 പ്രകാരം റിപ്പോർട്ട് നൽകാൻ ഇപ്പോഴും അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതിനിടെയാണ് ലോകായുക്ത ഉപമ പറഞ്ഞത്.
ലോകായുക്തയുടെ പരാമർശം
'ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യും, സെക്ഷൻ 14 പ്രകാരം റിപ്പോർട്ട് നൽകാൻ ഇപ്പോഴും അധികാരമുണ്ട്'. നിയമത്തിൽ പോരായ്മയുണ്ടെന്ന് കണ്ടെത്താൻ 22 വർഷം വേണ്ടിവന്നോ. തുടർനടപടി എന്താണെന്നത് പിന്നീടാണ്. മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നതിന് മറുപടി പറയേണ്ടതില്ലെന്നും ലോകായുക്ത പ്രതികരിച്ചു. അനാവശ്യ ചർച്ചകളിലേക്ക് പോകേണ്ടതില്ല.
'വഴിയിൽ എല്ല് കടിച്ചു കൊണ്ടിരിക്കുന്ന പട്ടിയുടെ അടുത്തു ചെന്നാൽ എല്ല് എടുക്കാനാണെന്ന് അത് കരുതും, പട്ടി എല്ലുമായി ഗുസ്തി തുടരട്ടെ. ലോകായുക്ത നിയമഭേദഗതി നിലവിൽ വന്നുവെങ്കിലും ലോകായുക്ത നിയമത്തിലെ വകുപ്പ് 14 പ്രകാരം തീരുമാനമെടുക്കാനുള്ള അധികാരം ലോകായുക്തയിൽ തുടർന്നും നിക്ഷിപ്തമാണ്.
ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരു മാനദണ്ഡവും കൂടാതെ ആനുകൂല്യം അനുവദിക്കുന്നത് സർക്കാറുകൾ തുടർന്നാൽ എന്താകും അവസ്ഥ'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.