സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിൽ കൂടുതൽ പ്രതികരണവുമായി കെ.ടി ജലീൽ
text_fieldsകോഴിക്കോട്: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിനെ കുറിച്ച് കൂടുതൽ പ്രതികരണവുമായി ഇടത് എം.എൽ.എ കെ.ടി ജലീൽ. മുഖ്യമന്ത്രിയുടെയും തന്‍റെയും ചോര നുണയാനുള്ള മോഹം നടക്കില്ലെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. സ്വപ്നയുടെ ആരോപണത്തിന് പിന്നിൽ ബി.ജെ.പിയുടെ ഒത്താശയുണ്ട്. തനിക്കെതിരെ വിധി കിട്ടാൻ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ സമീപിക്കൂവെന്ന് കെ.ടി ജലീൽ പറയുന്നു.
കെ.ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ആർ.എസ്.എസിന്‍റെ ഭീഷണിക്ക് മുമ്പിൽ തലകുനിക്കാതെ നിൽക്കുന്ന കേരളത്തെ അപകീർത്തിപ്പെടുത്താൻ നടത്തിയ നാടകം പൊളിഞ്ഞു പാളീസായി.
മുഖ്യമന്ത്രിയേയും കുടുംബത്തെയും മഴവിൽ സഖ്യം വേട്ടയാടാൻ തുടങ്ങിയിട്ട് എത്ര കാലമായി. അദ്ദേഹത്തിന്‍റെയും കുടുംബത്തിന്‍റെയും ഈ വിനീതന്‍റെയും ഒരു തുള്ളി ചോര നുണഞ്ഞ് കണ്ണടക്കാമെന്ന പൂതി ലോകാവസാനം വരെ നടക്കില്ല. അതിനു വെച്ച വെള്ളം കോലീബിക്കാരും വർഗീയവാദികളും ഇറക്കിവെക്കുന്നതാണ് നല്ലത്. സമയ നഷ്ടവും ഇന്ധന നഷ്ടവും ഒഴിവാക്കാം.
ബി.ജെ.പി ഒത്താശയോടെ നടത്തപ്പെട്ട കോൺസുലേറ്റിലെ "ബിരിയാണിപ്പൊതി" പ്രയോഗം ലീഗിനെ അപമാനിക്കാൻ ഉന്നം വെച്ചുള്ളതാണെന്ന് ലീഗിന്‍റെ പൊന്നാപുരം കോട്ടയായ താനൂരിൽ തോറ്റ് തുന്നം പാടിയ 'യുവ സിങ്കം' പറഞ്ഞതായി ഒരു കരക്കമ്പിയുണ്ട്. ബിരിയാണിച്ചെമ്പ് പൊട്ടിക്കും മുമ്പേ മുത്തലാഖ് ബില്ലിന്‍റെ കാര്യം മറന്ന് പറന്നെത്തിയ പാർട്ടിയുടെ അനുയായിയല്ലേ? അങ്ങിനെ ചിന്തിച്ചില്ലെങ്കിലല്ലേ അൽഭുതമുള്ളൂ.
പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാതലത്തിൽ എനിക്കെതിരെ വിധി കിട്ടാൻ യൂത്ത് ലീഗിന് മുന്നിൽ ഇനി ഒറ്റ വഴിയേ ഉള്ളൂ. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ സമീപിക്കുക. പത്ത് ദിവസം കൊണ്ട് ഹരജി ഫയലിൽ സ്വീകരിച്ച് വാദം പൂർത്തിയാക്കി കക്ഷിക്ക് നോട്ടീസ് പോലുമയക്കാതെ ഇച്ഛിച്ച വിധി കിട്ടും. വക്കീലായി പഴയ ആളെത്തന്നെ വെച്ചാൽ മതി. "അതാ അതിന്‍റെ ഒരു ഇത്".
സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ പരിഹാസവുമായി കെ.ടി ജലീൽ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 'സന്തോഷ് ട്രേഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പം വന്നിട്ടും മഞ്ചേരിയിലേക്ക് വാപ്പ കളി കാണാൻ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ' എന്നാണ് ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്.
സ്വപ്‌നയുടെ പുതിയ ആരോപണങ്ങളെ പരിഹസിച്ച് തള്ളിയ ജലീലിനെ ട്രോളി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പ്രതികരിച്ചിരുന്നു. 'ബാപ്പാനെ കുറ്റം പറയാൻ പറ്റില്ല, സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒരുമിച്ച് വന്നാലും കോൺസുലേറ്റിൽ നിന്ന് വീട്ടിലേക്ക് ബിരിയാണിച്ചെമ്പ് വരുന്ന ദിവസം ആരായാലും പുറത്ത് പോവില്ല' എന്നാണ് ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.