അജണ്ടയിലില്ലാത്ത രാജി; 18 ദിവസം ബാക്കിനിൽക്കെ പടിയിറങ്ങി കെ.ടി ജലീൽ
text_fieldsതിരുവനന്തപുരം: ഭരണത്തിെൻറ അവസാനകാലത്ത് എൽ.ഡി.എഫ് സർക്കാറിെൻറ അജണ്ടയിൽ ഇല്ലാത്തതായിരുന്നു മന്ത്രി കെ.ടി. ജലീലിെൻറ രാജി. തുടർഭരണം വന്നാൽ മന്ത്രിസ്ഥാനത്തിന് ഏറക്കുറെ ഉറപ്പായ നേതാവാണ് ഫലപ്രഖ്യാപനത്തിന് 18 ദിവസം ബാക്കിനിൽക്കെ രാജിവെച്ച് പുറത്തുപോയത്. സി.പി.എമ്മിനും എൽ.ഡി.എഫിനും ഇത് മുഖം രക്ഷിക്കലാണ്. സി.പി.എമ്മിനോട് തോൾ ചേർന്ന് 15 വർഷമായി മുന്നോട്ടുപോകുന്ന ജലീലിന് പക്ഷേ രാഷ്ട്രീയ അനിശ്ചിതത്വത്തിെൻറ നാളുകളാണ് മുന്നിൽ.
ഭരണത്തുടർച്ച ഉണ്ടായാലും കെ.ടി. ജലീൽ മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് ഉറപ്പില്ലാതായി. ബന്ധുനിയമനത്തിലെ ലോകായുക്ത വിധിക്കെതിരെ ഹൈകോടതിയിൽ ജലീൽ നൽകിയ ഹരജിയിലെ അന്തിമ തീരുമാനം വരെ അദ്ദേഹത്തിന് ഒഴിഞ്ഞുനിൽക്കേണ്ടിതന്നെ വരും.
മുഖ്യമന്ത്രി പിണറായി വിജയന് തിങ്കളാഴ്ച ലോകായുക്ത വിധിപ്പകർപ്പ് ലഭിച്ചിരുന്നു. വിധിയിലെ നിരീക്ഷണങ്ങൾ നിലനിൽക്കുേമ്പാൾ ഭരണത്തിെൻറ അവസാനകാലത്ത് അനാവശ്യ വിവാദങ്ങൾ തുടരണമോയെന്ന ചിന്ത നേതൃത്വത്തിലും ശക്തമായി. ഇതോടെ മന്ത്രി സ്ഥാനം ഒഴിയുന്നതിലേക്ക് ജലീൽ മാനസികമായി എത്തി.
മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനുമായി ആശയവിനിമയം നടത്തിയശേഷം തിങ്കളാഴ്ച രാത്രിതന്നെ രാജിക്കത്ത് തയാറാക്കി ഗൺമാനെ ഏൽപിച്ച് ജലീൽ തലസ്ഥാനത്തോട് യാത്ര പറഞ്ഞു. ചൊവ്വാഴ്ച രാവിലെ മന്ത്രിയുടെ ഗൺമാൻ മുഖ്യമന്ത്രിയുടെ ഒാഫിസിൽ രാജിക്കത്ത് എത്തിച്ചു. അവിടെനിന്ന് അത് മുഖ്യമന്ത്രിക്ക് ഫാക്സ് അയച്ചു. പിണറായി ഒപ്പിട്ട് തിരിച്ചെത്തിയതോടെ വേഗത്തിൽ ഗവർണറുടെ ഒാഫിസിൽ എത്തിച്ചു. ഗവർണർ ഉച്ചക്ക് ഒപ്പുവെച്ചതോടെ മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പും രാജിവിവരവും പുറംലോകമറിഞ്ഞു.
മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായിരുന്ന ജലീലിെൻറ രാഷ്ട്രീയ ഇറക്കം അേദ്ദഹത്തിനും തിരിച്ചടിയാണ്. മന്ത്രിസഭയിൽ മുഖ്യമന്ത്രിക്കുകൂടി താൽപര്യമുള്ള വിഷയങ്ങൾ അജണ്ടക്ക് പുറത്തുള്ള വിഷയമായി അവതരിപ്പിക്കുന്നത് ജലീലാണെന്ന ആക്ഷേപം ഘടകകക്ഷികൾക്കുണ്ടായിരുന്നു. പല വിവാദ തീരുമാനങ്ങളിലും സർക്കാറിനെ എത്തിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഇൗ ആക്ഷേപം.
ലോകായുക്ത വിധിക്കെതിരായ പോരാട്ടം ജലീൽ തുടരണമെന്ന നിലപാടിൽതന്നെയാണ് സി.പി.എം. ഹൈകോടതിയിലെ നിയമപോരാട്ടവും രാജിയും തമ്മിൽ ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടുേമ്പാൾതന്നെ തൽക്കാലം രാജിതന്നെയാണ് നല്ലതെന്ന നിലപാടിൽ സി.പി.എം എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.