കുഞ്ഞാലിക്കുട്ടിയെ വിടാതെ കെ.ടി. ജലീൽ; മകന്‍റെ എൻ.ആർ.ഇ നിക്ഷേപം വീണ്ടും സഭയിൽ
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകന്‍റെ എ.ആർ. നഗർ സഹകരണ ബാങ്കിലെ എൻ.ആർ.ഇ നിക്ഷേപം നിയമസഭയിൽ വീണ്ടും ഉന്നയിച്ച് കെ.ടി. ജലീൽ. ചോദ്യോത്തരവേളയിലാണ് ഈ വിഷയം ജലീൽ ഉന്നയിച്ചത്. എ.ആർ. നഗർ സഹകരണ ബാങ്കിന് എൻ.ആർ.ഇ നിക്ഷേപം സ്വീകരിക്കാൻ അംഗീകാരമില്ലെന്നും അതിനാൽ കുഞ്ഞാലിക്കുട്ടിയുടെ വാദം ശരിയാകുമോ എന്നും ജലീൽ ചോദിച്ചത്.
"കാർഷിക വായ്പ സഹകരണസംഘമായി രജിസ്റ്റർ ചെയ്തിട്ടുള്ള എ.ആർ. നഗർ സഹകരണ ബാങ്ക് അടക്കമുള്ള സഹകരണ ബാങ്കുകൾക്ക് എൻ.ആർ.ഇ നിക്ഷേപം തുടങ്ങാൻ ആർ.ബി.ഐ ഇതുവരെ അനുമതി നൽകിയിട്ടില്ല. ഇത് യാഥാർഥ്യമായിരിക്കെ, എ.ആർ. നഗർ സഹകരണ ബാങ്കിൽ തന്‍റെ മകന്‍റെ പേരിലുള്ള എൻ.ആർ.ഇ നിക്ഷേപമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി സഭയിൽ നടത്തിയ പ്രസ്താവന വസ്തുതാപരമായി ശരിയാണോ" എന്നാണ് ജലീൻ ചോദ്യം ഉന്നയിച്ചത്.
അതേസമയം, എ.ആർ. നഗർ ബാങ്കിലെ നിക്ഷേപം സംബന്ധിച്ച വിവരം തന്‍റെ പക്കലില്ലെന്നും പരിശോധിച്ച് ശേഷം പറയാമെന്നും മന്ത്രി വി.എൻ. വാസവൻ മറുപടി നൽകി.
പോയിന്‍റ് ഒാഫ് ഒാർഡർ വഴി വിഷയത്തിൽ ഇടപെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മകന്‍റെ എ.ആർ. നഗർ സഹകരണ ബാങ്കിലെ അക്കൗണ്ട് എൻ.ആർ.ഇ നിക്ഷേപമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി.
എൻ.ആർ.ഇ നിക്ഷേപമുണ്ടായിരുന്ന ബാങ്കിൽ നിന്ന് എസ്.ബി.ഐ വഴി എ.ആർ. നഗർ സഹകരണ ബാങ്കിലേക്ക് പണം ട്രാൻസ്ഫർ ചെയ്തെന്നാണ് പറഞ്ഞത്. കുഞ്ഞാലിക്കുട്ടി പറയാത്ത കാര്യം വളച്ചൊടിച്ച് ചോദ്യോത്തരവേളയിൽ ചോദ്യം ചോദിക്കുന്നത് ശരിയല്ലെന്നും സതീശൻ പറഞ്ഞു.
ചോദ്യോത്തരവേള വ്യക്തിപരമായ ആരോപണങ്ങൾക്ക് വേണ്ടി ഉപയോഗിക്കരുതെന്ന് സഭയുടെ നിർദേശങ്ങളിലുണ്ടെന്നും സതീശൻ സ്പീക്കറെ ഒാർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.