സർവകലാശാലകളിൽ ‘അഡ്ജങ്റ്റ് ഫാക്കൽറ്റി’ സമ്പ്രദായം ഉടൻ –മന്ത്രി ജലീൽ
text_fieldsതിരുവനന്തപുരം: വിവിധ മേഖലകളിലെ പ്രതിഭകളെ സർവകലാശാലകളിലും കോളജുകളിലും അ ഡ്ജങ്റ്റ് ഫാക്കൽറ്റിയായി നിയോഗിക്കുന്ന രീതി ഉടൻ നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ. കേരള സർവകലാശാലയും അമേരിക്കൻ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയും സംയുക്തമായി ഏർെപ്പടുത്തിയ ‘ഭാഷക്കൊരു ഡോളർ’ പുരസ്കാര വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എം.ടി. വാസുദേവൻ നായർ, ടി. പത്മനാഭൻ തുടങ്ങിയ സാഹിത്യപ്രതിഭകളുടെ കൃതികൾ സർവകലാശാലകളിലും കോളജുകളിലും പഠിപ്പിക്കുകയും ഗവേഷണത്തിന് വിഷയമാവുകയും ചെയ്യുന്നുണ്ട്.
എന്നാൽ, ഇത്തരം പ്രതിഭകൾക്ക് സർവകലാശാലയിൽ പഠിപ്പിക്കാൻ നിലവിലെ സാഹചര്യം അനുവദിക്കുന്നില്ല. ഇവരെ അധ്യാപകരായി വിദ്യാർഥികൾക്ക് മുന്നിലെത്തിക്കാൻ അഡ്ജങ്റ്റ് ഫാക്കൽറ്റി രീതിയിലൂടെ സാധിക്കും. സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളോടും അഡ്ജങ്റ്റ് ഫാക്കൽറ്റികളുടെ പാനൽ തയാറാക്കി സർക്കാറിന് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. ഭരണഘടനയുള്ളതുകൊണ്ടാണ് ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കാൻ സാധിക്കുന്നത്. വിശ്വാസങ്ങളെ ഭരണഘടനക്ക് മുകളിൽ പ്രതിഷ്ഠിക്കുന്നത് അപകടം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
2016-17 വർഷം കേരളത്തിലെ സർവകലാശാലകളിൽനിന്ന് മലയാള സാഹിത്യത്തിൽ സമർപ്പിക്കെപ്പട്ട മികച്ച ഗവേഷണ പ്രബന്ധത്തിന് ഏർപ്പെടുത്തിയ ഭാഷക്കൊരു ഡോളർ പുരസ്കാരം ഡോ. സ്വപ്ന ശ്രീനിവാസന് മന്ത്രി സമ്മാനിച്ചു. അര ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മികച്ച പ്രബന്ധത്തിന് മാർഗനിർദേശം നൽകിയ ഗൈഡ് ഡോ. വി.കെ. കൃഷ്ണകൈമളിനെ ചടങ്ങിൽ ആദരിച്ചു. ഫൊക്കാന പ്രസിഡൻറ് മാധവൻ ബി. നായർ അധ്യക്ഷതവഹിച്ചു. കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻപിള്ള മുഖ്യപ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.