Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഒരു മനുഷ്യനെ...

‘ഒരു മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന ഹൃദയശൂന്യമായ ഏർപ്പാട് അത്യന്തം ഖേദകരം’; മഅദനി മടങ്ങുന്നത് മനോവേദനയും പേറിയെന്ന് കെ.ടി ജലീൽ

text_fields
bookmark_border
madani, kt jaleel
cancel

എറണാകുളം: സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅദനിയെ സന്ദർശിച്ച് കെ.ടി ജലീൽ എം.എൽ.എ. ഒരു മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന ഹൃദയശൂന്യമായ ഏർപ്പാട് അത്യന്തം ഖേദകരമാണെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. വാപ്പയെ കാണാത്തതിന്‍റെയും ഉമ്മയുടെ ഖബറിടത്ത് പ്രാർഥിക്കാൻ കഴിയാത്തതിന്‍റെയും മനോവേദനയും പേറിയാണ് മഅദനി മടങ്ങുന്നതെന്നും ജലീൽ പോസ്റ്റിലൂടെ വ്യക്തമാക്കി.

കെ.ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

മഅദനിയെ കണ്ടു

അബ്ദുൽ നാസർ മഅദനിയെ എറണാങ്കുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ സന്ദർശിച്ചു. അദ്ദേഹത്തിൻ്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ഗുരുതരാവസ്ഥ മറികടന്നിട്ടില്ല. അവശനായി രോഗശയ്യയിൽ കഴിയുന്ന തന്‍റെ വന്ദ്യനായ പിതാവിനെ കാണാനും പരലോകം പൂകിയ പ്രിയ മാതാവിന്‍റെ ഖബറിടം സന്ദർശിക്കാനുമാണ് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ അനുവാദത്തോടെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് മഅദനി കേരളത്തിൽ എത്തിയത്.

വീട്ടിലേക്കുള്ള യാത്രാമദ്ധ്യെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹത്തെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. വാർത്ത കേട്ടതു മുതൽ മഅദനിയുടെ മുഖ്യസഹായികളിൽ ഒരാളായ റജീബുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്നു. കുറച്ചൊരു ആശ്വാസമായപ്പോൾ റജീബ് അറിയിച്ചു. വന്നാൽ ദൂരെ നിന്നൊന്ന് കാണാൻ പറ്റുമോ എന്ന് തിരക്കി. റജീബിന്‍റെ മറുപടി മനമില്ലാ മനസ്സോടെയായിരുന്നു. എന്നാലും പോകാൻ തന്നെ തീരുമാനിച്ചു.

അൽപം ദൂരെയിരുന്നാണ് ഭരണകൂട ഭീകരതയുടെ ഇരയെ കണ്ടത്. ശരീരത്തെ ക്ഷീണം വരിഞ്ഞ് മുറുക്കിയിട്ടുണ്ട്. കണ്ണുകളിൽ ജ്വലിക്കുന്ന പ്രകാശത്തിളക്കത്തിന് ഒട്ടും കുറവു വന്നിട്ടില്ല. രക്തത്തിലെ ക്രിയാറ്റിന്‍റെ അളവ് അപകടകരമാംവിധം ഉയർന്നു നിൽക്കുകയാണ്. ഞാനെത്തിയ വിവരമറിഞ്ഞ മഅദനി സാഹിബ് എനിക്കഭിമുഖമായി ചെരിഞ്ഞ് കിടന്നു. ഏതാനും സമയം ഒന്നും മിണ്ടാതെ ഞങ്ങൾ മുഖാമുഖം നോക്കി. മൗനത്തിന് വിടചൊല്ലി ഞാനാണ് സംസാരത്തിന് തുടക്കമിട്ടത്. പറഞ്ഞതെല്ലാം അദ്ദേഹം സശ്രദ്ധം കേട്ടു. ഒന്നോ രണ്ടോ വാക്കുകളിൽ പ്രതികരിച്ചു. സലാം പറഞ്ഞ് അഭിവാദ്യം ചെയ്ത് മടങ്ങി.

അപ്പോൾ അവിടെയെത്തിയ മുൻ അഡീഷണൽ അഡ്വക്കറ്റ് ജനറൽ അഡ്വ. വി.കെ ബീരാൻ സാഹിബുമായും പി.ഡി.പി നേതാക്കളുമായും വേദനയും ആശങ്കയും പങ്കുവെച്ചു. അബ്ദുൽ നാസർ മഅദനി ബാംഗ്ലൂരിലെ വീട്ടുതടങ്കലിലേക്ക് ഉടൻ തിരിച്ചു പോകും. കോടതി നൽകിയ ദിവസങ്ങൾ കഴിഞ്ഞു. ബാപ്പയെ ഒരുനോക്കു കാണാനാകാത്ത വിഷമവും ഉമ്മയുടെ ഖബറിടം തൊട്ട് രണ്ടിറ്റ് കണ്ണീർ വാർത്ത് പ്രാർത്ഥിക്കാൻ കഴിയാത്ത മനോവേദനയും പേറിയാണ് നീതി നിഷേധത്തിന്‍റെ പ്രതീകമായ അദ്ദേഹം മടങ്ങുന്നത്.

വർഷങ്ങൾ നീണ്ട ജയിൽവാസം മഅദനിയുടെ മനസ്സിനെ തളർത്തിയിട്ടേയില്ല. കോയമ്പത്തൂർ കേസിൽ അദ്ദേഹത്തെ പൂർണ്ണമായും കോടതി കുറ്റവിമുക്തനാക്കി. കുടകിലെ ഗൂഢാലോചന കേസിലും സമാന വിധിയല്ലാതെ മറ്റൊന്നും വരാൻ ഇടയില്ല. അതുകൊണ്ടാകുമോ വിചാരണയുടെ അനന്തമായ ഈ നീളൽ!

ഒരു മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന ഹൃദയശൂന്യമായ ഏർപ്പാട് അത്യന്തം ഖേദകരമാണ്! മുഹമ്മദ് നബിയെ പ്രവാചകനായി അംഗീകരിച്ചതിന്‍റെ പേരിൽ ശത്രുക്കളുടെ ക്രൂരമർദ്ദനങ്ങൾക്ക് ഇരയായ യാസറിന്‍റെ മകൻ അമ്മാറിനോടും കുടുംബത്തോടും നബി തിരുമേനി വിളിച്ചു പറഞ്ഞ വാക്കുകൾ അവിടം മുഴുവൻ പ്രതിദ്ധ്വനിക്കുന്നത് പോലെ തോന്നി; "യാസിർ കുടുംബമേ ക്ഷമിക്കുക. നിങ്ങളുടെ വാഗ്ദത്ത സ്ഥലം സ്വർഗ്ഗമാണ്".

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MadaniKT Jaleel
News Summary - KT Jaleel visited Madani in hospital
Next Story