ലീഗ് നിലപാട് സ്വാഗതാർഹം, കോൺഗ്രസ് നിലപാട് ജനം പുച്ഛിച്ച് തള്ളും -കെ.ടി. ജലീൽ
text_fieldsമലപ്പുറം: സംസ്ഥാനത്തെ ഒമ്പത് വി.സിമാരോട് രാജി വെക്കണമെന്നാവശ്യപ്പെട്ട ഗവർണറുടെ നീക്കത്തോട് വിയോജിച്ച മുസ്ലിം ലീഗ് നിലപാട് സ്വാഗതാർഹമാണെന്ന് കെ.ടി. ജലീൽ എം.എൽ.എ. കോൺഗ്രസിന് ആർ.എസ്.എസ് വൽകരണത്തിൽ ശങ്കയില്ലാത്തത് സ്വാഭാവികമാണെന്നും തലയിൽ ആൾപ്പാർപ്പില്ലാത്ത കോൺഗ്രസ് നിലപാട് ജനം പുച്ഛിച്ച് തള്ളുമെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
ഒരു വി.സിയുടെ നിയമനത്തിലാണ് സുപ്രീംകോടതി വിധി എന്നിരിക്കെ മറ്റുള്ളവരുടെകൂടി രാജി ആവശ്യപ്പെടുന്നതിനുപിന്നിൽ വ്യക്തമായ രാഷ്ട്രീയലക്ഷ്യണ്ടെന്നും ഗവർണറുടെ നടപടി അതിരുകടന്നതാണെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം അഭിപ്രായപ്പെട്ടത്. അതേസമയം, സുപ്രീംകോടതി വിധിയിലേക്ക് നയിച്ച സാഹചര്യം സർക്കാർ ഗൗരവമായി കാണണമെന്നും വി.സി നിയമനങ്ങളിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന യു.ഡി.എഫിന്റെ നിരന്തരമായ ആരോപണം ശരിവെക്കുന്നതാണ് സുപ്രീംകോടതി വിധിയെന്നും സലാം ചൂണ്ടിക്കാട്ടിയിരുന്നു.
ഗവർണർ തെറ്റ് തിരുത്താൻ തയാറായതിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞത്. യു.ജി.സി മാനദണ്ഡങ്ങളും നടപടിക്രമങ്ങളും കാറ്റിൽപ്പറത്തി വൈസ് ചാൻസിലർമാരെ നിയമിച്ച സർക്കാർ നടപടിക്കുള്ള തിരിച്ചടിയാണ് ഗവർണറുടെ തീരുമാനം. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞ അവസ്ഥയിലാണ്. പൂർണ അനിശ്ചിതത്വമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്നത്. പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടത്താൻ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാൻസലർമാരാക്കിയത്. ഇക്കാര്യം പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴെല്ലാം സർക്കാറിന്‍റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നു. ഗവർണർ ചെയ്ത തെറ്റ് ഇപ്പോൾ തിരുത്താൻ തയാറായതിനെ സ്വാഗതം ചെയ്യുന്നു -വി.ഡി. സതീശൻ പറഞ്ഞു.
തീവ്ര ഹിന്ദുത്വത്തിന്റെ വക്താക്കളാകാൻ കോൺഗ്രസ്സ്, ബി.ജെ.പിയോട് മൽസരിക്കുകയാണെന്നും സതീശന്റെ പ്രസ്താവന ആ നിലക്ക് കണ്ടാൽ മതിയെന്നുമാണ് ജലീൽ പ്രതികരിച്ചത്. 'കോൺഗ്രസ്സിൻ്റെ 'ഭാരത് ജോഡോ യാത്ര' ബാനറുകളിൽ സവർക്കർ ഇടം നേടിയത് യാദൃശ്ചികമല്ല. കോൺഗ്രസ്സിന് ആർ.എസ്.എസ് വൽക്കരണത്തിൽ ശങ്കയില്ലാത്തത് സ്വാഭാവികം. അവർക്ക് ഹെഡ്ഗേവാറും ഗോൾവാൾക്കറും സവർക്കറും സ്വീകാര്യരാകുന്നതിൽ അൽഭുതമില്ല' -ജലീൽ പറഞ്ഞു.
ജലീലിന്റെ കുറിപ്പിന്റെ പൂർണരൂപം:
'ഗവർണറുടേത് കൈവിട്ട കളിയാണ്. ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിനെ കണ്ടശേഷമാണ് പ്രകടമായ ഭാവമാറ്റം അദ്ദേഹത്തിൽ കണ്ടു തുടങ്ങിയത്. സർവകലാശാലകളുടെ തലപ്പത്ത് ആർ.എസ്.എസ് അനുകൂലികളെ അവരോധിക്കാനാണ് ഈ നീക്കം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവി പുതപ്പിച്ച് പീതവൽക്കരിക്കാനുള്ള ശ്രമം എന്തുവില കൊടുത്തും ജനാധിപത്യ മാർഗ്ഗേണ പ്രതിരോധിക്കണം.
കോൺഗ്രസ്സിന് ആർ.എസ്.എസ് വൽക്കരണത്തിൽ ശങ്കയില്ലാത്തത് സ്വാഭാവികം. അവർക്ക് ഹെഡ്ഗേവാറും ഗോൾവാൾക്കറും സവർക്കറും സ്വീകാര്യരാകുന്നതിൽ അൽഭുതമില്ല. കോൺഗ്രസ്സിൻ്റെ 'ഭാരത് ജോഡോ യാത്ര' ബാനറുകളിൽ സവർക്കർ ഇടം നേടിയത് യാദൃശ്ചികമല്ല. തീവ്ര ഹിന്ദുത്വത്തിൻ്റെ വക്താക്കളാകാൻ കോൺഗ്രസ്സ്, ബി.ജെ.പിയോട് മൽസരിക്കുകയാണ്. പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവനയെ ആ നിലക്ക് കണ്ടാൽ മതി.
ഗവർണ്ണറുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളോട് വിയോജിച്ച മുസ്ലിം ലീഗ് നിലപാട് സ്വാഗതാർഹമാണ്. തലയിൽ ആൾപ്പാർപ്പില്ലാത്ത കോൺഗ്രസ്സ് നിലപാട് ജനം പുച്ഛിച്ച് തള്ളും.'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.