ജലീലിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും
text_fieldsകൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീലിനെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്തേക്കും.
തിങ്കളാഴ്ച നടന്നില്ലെങ്കിൽ ഈ ആഴ്ചതന്നെ മറ്റൊരു ദിവസമായിരിക്കും ചോദ്യം ചെയ്യൽ. സ്വർണക്കടത്തും നയതന്ത്ര മാർഗത്തിലൂടെ മതഗ്രന്ഥം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് മന്ത്രിയെ വെള്ളിയാഴ‍്ച കൊച്ചിയിൽ ഇ.ഡി ഉദ്യോഗസ്ഥർ രണ്ടര മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
മന്ത്രി നൽകിയ മറുപടികളും വിശദീകരണങ്ങളും വിശദമായി പരിശോധിക്കുകയും പൊരുത്തക്കേടുകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എഴുതി കൊണ്ടുവന്ന മറുപടികളാണ് മന്ത്രി അന്ന് നൽകിയതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. പ്രത്യേക ഉദ്യോഗസ്ഥസംഘമാണ് മന്ത്രിയുടെ മറുപടികൾ വിലയിരുത്തിയത്.
സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത്ത് തുടങ്ങിയവർ നൽകിയ മൊഴികളുമായി ഇവ ഒത്തുനോക്കുകയും ചെയ്തിരുന്നു. മതഗ്രന്ഥങ്ങൾ വിതരണം ചെയ്തത് തെറ്റാണെന്ന് തോന്നുന്നില്ലെന്നും ആവശ്യമെങ്കിൽ ഇവ തിരിച്ചയക്കാൻ തയാറാണെന്നും മന്ത്രി ഇ.ഡിയോട് വ്യക്തമാക്കി.
താൻ സമ്പന്നനല്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി തെൻറ ആസ്തി, ബാധ്യതകളെ കുറിച്ചും സംഘത്തോട് വിശദീകരിച്ചു. മറുപടികളിൽ തൃപ്തരല്ലാത്ത സംഘം കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും വിളിപ്പിക്കുന്നത്. അന്നത്തെ ചോദ്യം ചെയ്യലിനുശേഷം മലപ്പുറം വളാഞ്ചേരിയിലെ വീട്ടിലുണ്ടായിരുന്ന മന്ത്രി ഞായറാഴ്ച രാത്രി തിരുവനന്തപുരത്തെത്തി.
അനസിനെക്കുറിച്ചും അന്വേഷണം
കൊച്ചി: മന്ത്രി ജലീൽ ചോദ്യം ചെയ്യലിന് വിധേയനായതിനു പിന്നാലെ കുടുംബസുഹൃത്തും അരൂരിലെ വ്യവസായിയുമായ എം.എസ്. അനസിെൻറ പശ്ചാത്തലം കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകാൻ എറണാകുളത്തെത്തിയ മന്ത്രി ഔദ്യോഗികവാഹനം അനസിെൻറ വീട്ടിൽ നിർത്തി, അദ്ദേഹത്തിെൻറ കാറിലാണ് എൻഫോഴ്സ്മെൻറ് ഓഫിസിലെത്തിയത്.
ഫാർമസ്യൂട്ടിക്കൽ, സീഫുഡ് വ്യവസായം നടത്തുന്ന അനസിന് ഇടതുനേതാക്കളും മറ്റു രാഷ്ട്രീയ നേതാക്കളുമായും സൗഹൃദമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.