'കുഞ്ഞാലിക്കുട്ടി വായ് തുറക്കാത്ത ആദ്യ വാർത്തസമ്മേളനം'; പരിഹാസവുമായി ജലീൽ
text_fieldsകോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നേരെ പരിഹാസവുമായി മുൻ മന്ത്രി കെ.ടി. ജലീൽ. ലീഗിന്‍റെ ചരിത്രത്തിൽ കുഞ്ഞാലിക്കുട്ടി വായ് തുറക്കാത്ത ആദ്യ വാർത്തസമ്മേളനമാണ് ഇന്നത്തേതെന്നായിരുന്നു ജലീലിന്‍റെ പരിഹാസം. ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം നടന്ന വാർത്തസമ്മേളനം ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം.
'ലീഗിന്‍റെ ഇന്നത്തെ വാർത്താസമ്മേളനം വളരെ മാതൃകാപരമായിരുന്നു. ലീഗിന്‍റെ ചരിത്രത്തിൽ കുഞ്ഞാലിക്കുട്ടി വായ് തുറക്കാത്ത ആദ്യ വാർത്തസമ്മേളനമാണ് ഇത്. സാദിഖലി ശിഹാബ് തങ്ങൾക്ക് സ്വസ്ഥമായി കാര്യങ്ങൾ പറയാൻ പറ്റി. പി.എം.എ. സലാം സംസ്ഥാന ജനറൽ സെക്രട്ടറിയായതിന് ശേഷം നാലുവാക്ക് വാർത്തസമ്മേളനത്തിൽ പറയാൻ പറ്റി. ഇ.ടി. മുഹമ്മദ് ബഷീർ പറയാനുദ്ദേശിച്ചതൊക്കെ പറഞ്ഞു. വളരെ അച്ചടക്കത്തോടെയുള്ള വാർത്തസമ്മേളനമാണ് ഇന്ന് നടന്നത്. ഇതുതന്നെയാണ് ഞാൻ ഉദ്ദേശിച്ചത്' -ജലീൽ പറഞ്ഞു.
ലീഗിൽ ശുദ്ധികലശം നടത്തേണ്ടതായി വരും. കുഞ്ഞാലിക്കുട്ടിയുടെ ആധിപത്യം ലീഗിൽ അവസാനിക്കുകയാണ്. പാണക്കാട് കുടുംബത്തിന്‍റെ മേസ്തിരിപ്പണി ആരെയും ഏൽപ്പിച്ചിട്ടില്ലെന്നാണ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞത്. ഇത് കുഞ്ഞാലിക്കുട്ടിയെ കുറിച്ച് തന്നെയാണെന്നാണ് കരുതേണ്ടത്. എന്താണോ കേരളത്തിലെ ജനാധിപത്യ സമൂഹം ആഗ്രഹിച്ചത്, അതാണ് ഇന്നത്തെ ലീഗ് നേതൃയോഗത്തിൽ ഉണ്ടായതെന്നും ജലീൽ പറഞ്ഞു.
ഇന്നാണ് ലീഗ് ഉന്നതാധികാര സമിതി യോഗം ചേർന്നത്. വാർത്തസമ്മേളനത്തിനിടെ പാണക്കാട് മുഈനലി തങ്ങളെ അസഭ്യം പറഞ്ഞ പ്രവർത്തകൻ റാഫി പുതിയകടവിനെ സസ്പെൻഡ് ചെയ്തതായും മുഈനലിയുടെ എന്ത് തീരുമാനമെടുക്കണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും നേതാക്കൾ വ്യക്തമാക്കിയിരുന്നു. തങ്ങൾ കുടുംബത്തിന്‍റെ പാരമ്പര്യം മുഈനലി ലംഘിച്ചതായും വിവാദ വാർത്താസമ്മേളനത്തിൽ മുഈനലി പങ്കെടുത്തത് ഉചിതമായില്ലെന്നുമാണ് യോഗം വിലയിരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.