ബന്ധുനിയമനം: ലോകായുക്ത വിധിക്കെതിരെ മന്ത്രി കെ.ടി. ജലീൽ ഹൈകോടതിയിലേക്ക്
text_fieldsതിരുവനന്തപുരം: ബന്ധുനിയമനത്തിലെ ലോകായുക്ത വിധിക്കെതിരെ മന്ത്രി കെ.ടി. ജലീൽ ഹൈകോടതിയിലേക്ക്. ഇതിനായി നിയമവിദഗ്ധരുമായി പ്രാഥമിക ആലോചന നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹൈകോടതിയുടെ അവധിക്കാല ബെഞ്ചിന് മുമ്പാകെ സ്വന്തം നിലക്ക് ഹരജി നൽകാനാണ് ജലീലിന്റെ നീക്കം. അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണെമെന്ന് അപ്പീൽ ഹരജിയിൽ ആവശ്യപ്പെടും. അവധിക്ക് ശേഷം ഏപ്രിൽ 13നെ ഹൈകോടതിയുടെ പ്രവർത്തനം പുനരാരംഭിക്കൂ.
ബന്ധുനിയമനത്തിൽ മന്ത്രി കെ.ടി. ജലീൽ അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞ ലംഘനവും നടത്തിയെന്നാണ് വെള്ളിയാഴ്ച ലോകായുക്ത വിധിച്ചത്. ജലീൽ മന്ത്രിസ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് തോമസ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധിച്ചത്.
ബന്ധുവായ കെ.ടി. അദീബിനെ മന്ത്രി ജലീൽ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജരായി വഴിവിട്ട രീതിയിൽ നിയമിച്ചെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി വി.കെ. മുഹമ്മദ് ഷാഫി സമർപ്പിച്ച ഹരജിയിലാണ് നിർണായക വിധി പുറപ്പെടുവിച്ചത്. സംസ്ഥാന സർക്കാർ, മന്ത്രി കെ.ടി. ജലീൽ, ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി. അബ്ദുൽ വഹാബ്, മാനേജിങ് ഡയറക്ടർ എ. അക്ബർ, കെ.ടി. അദീബ് എന്നിവരായിരുന്നു ഹരജിയിലെ എതിർകക്ഷികൾ.
മന്ത്രിയെന്ന നിലയിൽ കെ.ടി. ജലീലിന്റെ പ്രവൃത്തി ന്യായീകരിക്കാനാവില്ലെന്ന് ലോകായുക്ത നിരീക്ഷിച്ചു. ജലീലിനെതിരെ മുഖ്യമന്ത്രി യുക്തമായ നടപടി സ്വീകരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. നിയമനം സംബന്ധിച്ച് വിവാദമുയർന്നതിനെ തുടർന്ന് അദീബ് നവംബർ 12ന് രാജിവെച്ചിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിലെ മാനേജർ പദവിയിലിരിക്കുമ്പോഴാണ് അദീബിനെ ഡെപ്യൂേട്ടഷനിൽ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജറായി നിയമിച്ചത്.
ഇൗ പദവിയിലേക്ക് അദീബ് ഉൾപ്പെടെ ഏഴ് അപേക്ഷകർ ഉണ്ടായിരുന്നെങ്കിലും 2016 ഒക്ടോബർ 26ന് നടന്ന ഇൻറർവ്യൂവിൽ മൂന്നുപേരേ പങ്കെടുത്തുള്ളൂ. അദീബിന് ബി.ടെക്കും പി.ജി.ഡി.ബി.എയും ആയിരുന്നു യോഗ്യത. അദീബായിരുന്നു അപേക്ഷകരിൽ യോഗ്യനായ ഏക വ്യക്തി എന്നായിരുന്നു ലോകായുക്തയിൽ മന്ത്രി നൽകിയ വിശദീകരണം. ഇത് തൃപ്തികരമല്ലെന്ന് ഉത്തരവിൽ പറയുന്നു. കേസിലെ വാദം േനരത്തേ പൂർത്തിയായെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ ആറിന് ശേഷമേ വിധി പ്രഖ്യാപിക്കാവൂവെന്ന് ജലീലിന്റെ അഭിഭാഷകൻ വിചാരണവേളയിൽ കോടതിയിൽ അഭ്യർഥിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച വിധിയുണ്ടായതെന്ന് അറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.