ബി.ജെ.പിയായി രൂപാന്തരപ്പെടുന്ന കോൺഗ്രസിന്‍റെ ജൈവ പരിണാമഗതിയിലെ സ്വഭാവമാറ്റം -കെ.ടി. കുഞ്ഞിക്കണ്ണൻ
text_fieldsകോഴിക്കോട്: എ.കെ.ജി സെന്‍ററിന് നേരെയുണ്ടായ ആക്രമണം ബി.ജെ.പിയായി രൂപാന്തരപ്പെടുന്ന കേരളത്തിലെ കോൺഗ്രസിന്‍റെ ജൈവ പരിണാമഗതിയിലെ സ്വഭാവമാറ്റമാണെന്ന് സി.പി.എം നേതാവ് കെ.ടി. കുഞ്ഞിക്കണ്ണൻ. അസമിലും ത്രിപുരയിലുമെല്ലാം സംഭവിച്ചത് പോലെയാണിത്. പ്രകോപനങ്ങൾ സൃഷ്ടിച്ച് കലാപങ്ങളുണ്ടാക്കുകയും ക്രമസമാധാനത്തകർച്ച പ്രശ്നമാക്കി കേന്ദ്രത്തിലെ ഹിന്ദുത്വസർക്കാറിന് ഇടപെടാൻ വഴിയൊരുക്കുക എന്ന തന്ത്രമാണവർ പരീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഘടിതമായി തൃണമൂൽ വഴി ബി.ജെ.പിയിലേക്ക് ചേക്കേറിയവരായിരുന്നു അസമിലെയും ത്രിപുരയിലെയും പി.സി.സി നേതാക്കൾ. അവരാണ് മുസ്ലിം വിരോധത്തിന്‍റെയും കമ്യൂണിസ്റ്റ് വിരോധത്തിന്‍റെയും അജണ്ടയിൽ നിന്ന് ഈ രണ്ടു സംസ്ഥാനങ്ങളിലും ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത്. ഇവിടുത്തെ കോൺഗ്രസുകാരും ആ വഴിക്കാണ് നീങ്ങുന്നത്.
സുധാകരൻ നേരത്തെ തന്നെ ആ രാഷ്ട്രീയലിംഗമാറ്റശസ്ത്രക്രിയക്ക് സന്നദ്ധത പ്രകടിപ്പിച്ചതാണ്. അതിന് ശേഷമാണല്ലോ സുധാകരൻ കെ.പി.പി.സി അധ്യക്ഷനായതും സതീശൻ പ്രതിപക്ഷ നേതാവായതും സംഘി ബാന്ധവത്തിനാവശ്യമായ സെമികേഡറിസം കോൺഗ്രസിന്‍റെ നയവും പരിപാടിയായി പ്രഖ്യാപിച്ച് പ്രയോഗത്തിൽ വരുത്തി കൊണ്ടിരിക്കുന്നതും.
ആർ.എസ്.എസ് അജണ്ടയിലാണ് സ്വപ്ന സുരേഷിന്‍റെ 164 മൊഴിയും വെളിപ്പെടുത്തലും അതേറ്റെടുത്തു കൊണ്ടുള്ള കോൺഗ്രസിന്‍റെ കലാപാസൂത്രണങ്ങളും നടന്നത്. ഒന്നും ക്ലിക്ക് ചെയ്യുന്നില്ലായെന്ന് വന്നതോടെ സി.പി.എമ്മിന്‍റെ സംസ്ഥാന കമ്മിറ്റി ഓഫിസിന് നേരെ തന്നെ ബോംബെറിഞ്ഞു പ്രകോപനം സൃഷ്ടിച്ച് കലാപം പടർത്താനുള്ള നീക്കമാണ്. എന്നാൽ അവരുടെ ആക്ഷൻ പ്ലാനിൽ വീഴുന്നവരല്ല കമ്യൂണിസ്റ്റുകാർ.
എ.കെ.ജിയുടെ സ്മരണയിൽ പ്രവർത്തിക്കുന്ന ഏറെ വൈകാരികത ഉദ്ദീപിക്കുന്ന പാർടി സംസ്ഥാന കമ്മിറ്റി ഓഫിസിന് നേരെയാണ് ആക്രമണമുണ്ടായത്. എന്നിട്ടും വിപ്ലവകരമായ സംയമനം പാലിച്ച് കൊണ്ട് ജനങ്ങളെ അണിനിരത്തി വലതുപക്ഷ ക്രിമിനൽരാഷ്ടീയത്തെ പ്രതിരോധിക്കാനാണ് സി.പി.എം സഖാക്കളോട് ആവർത്തിച്ച് ആവശ്യപ്പെട്ടത്.
ജനാധിപത്യപരമായ രാഷ്ട്രീയ സംസ്കാരത്തെ തകർക്കുന്ന സംഘി -യു.ഡി.എഫ് ഗൂഢാലോചനയെ ജനാധിപത്യ രാഷ്ട്രീയത്തിന്‍റെ ബഹുജനശക്തി കൊണ്ട് തന്നെ പ്രതിരോധിക്കുകയും പരാജയപ്പെടുത്തുകയും വേണം -സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ കെ.ടി. കുഞ്ഞിക്കണ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.