കെ.ടി.സിയുടെ വിയോഗം; നഷ്ടമായത് പകരംവെക്കാനില്ലാത്ത കർമയോഗിയെ
text_fieldsമുക്കം (കോഴിക്കോട്): കെ.ടി.സി ബീരാന്‍റെ നിര്യാണത്തിൽ ചേന്ദമംഗലൂരിന് നഷ്ടമായത് ദൃഢചിത്തതയിലൂടെ കർമം ധന്യമാക്കിയ വിപ്ലവകാരിയെ.
അറബി അധ്യാപകനായി സേവനം തുടങ്ങിയ അദ്ദേഹം കേരളത്തിൽ വേരോട്ടം കുറഞ്ഞ ഉർദു ഭാഷയുടെ പ്രചാരകനായിരുന്നു. യൂനാനിയെ കേരളത്തിന്റെ ചികിത്സ, വൈദ്യശാസ്ത്ര പഠനരംഗങ്ങളിൽ കരുപ്പിടിപ്പിക്കുന്നതിലും ബദ്ധശ്രദ്ധനായിരുന്നു. ഉർദു മതഭാഷയായി തെറ്റിദ്ധരിക്കപ്പെട്ട കാലത്ത് മലബാറിലെ വിവിധ സ്ഥലങ്ങളിൽ ഉർദു പഠനകേന്ദ്രങ്ങൾ ആരംഭിക്കുകയും അതുവഴി ജാതി, മത ഭേദമന്യേ നൂറുകണക്കിനാളുകളെ പഠിപ്പിക്കുകയും ചെയ്തു.
ഇവിടങ്ങളിൽനിന്ന് പഠിച്ചിറങ്ങിയ ഒട്ടേറെ പേർ വിവിധ തൊഴിൽമേഖലകളിലെത്തി. വിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞുനിന്ന പഴയ കാലത്ത് കെ.ടി.സി ഭാഷകൊണ്ട് മതേതരത്വം തീർക്കുകയായിരുന്നു. വടക്കേ ഇന്ത്യയിൽനിന്ന് വിദഗ്ധ ചികിത്സകരെ എത്തിച്ചാണ് യൂനാനിയെ നാടിന് പരിചയപ്പെടുത്തിയത്. സ്വന്തം മകനെ പുറത്ത് പറഞ്ഞയച്ച് പഠിപ്പിച്ച് കേരളത്തിലെ ആദ്യ യൂനാനി ബിരുദധാരിയും ചികിത്സകനുമാക്കിയ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം കേരളത്തിൽ ഒരു യൂനാനി പഠനകേന്ദ്രമായിരുന്നു.
ഇതിനായി അദ്ദേഹം പല വാതിലുകളും മുട്ടി. അവസാനം മർകസ് നോളജ് സിറ്റിയിൽ അത് യാഥാർഥ്യമായതിൽ കെ.ടി.സിക്ക് വലിയ പങ്കുണ്ട്. പെൺകുട്ടികളുടെ പഠനത്തിനായി മദ്റസത്തുൽ ബനാത്ത് പിറന്നതിന് പിന്നിലും കെ.ടി.സിയുണ്ടായിരുന്നു. 1954ൽ അബൂ നജീബ് എന്ന തൂലികാനാമത്തിൽ കെ.ടി.സി രചിച്ച 'സഹോദരി', 'അവളാണ് പെണ്ണ്' എന്നിവ പുരോഗമനചിന്തയുടെ അടയാളപ്പെടുത്തലുകളാണ്.
ആണ്ടുനേർച്ചക്ക് പിതാവ് അറുക്കാൻ കൊടുത്ത വീട്ടിലെ വളർത്തുമൃഗത്തെ കെട്ടഴിച്ചുവിട്ട് തുടങ്ങിയ പോരാട്ടം നാടിന്‍റെ പരിഷ്കരണത്തിന് നാന്ദി കുറിക്കുന്നതായിരുന്നു. എന്നെന്നും നിലനിൽക്കുന്ന ചില നന്മകളുണ്ടെന്ന് തിരിച്ചറിയുകയും അതിനായി പ്രയത്നിക്കുകയും ചെയ്ത വലിയ മനുഷ്യനെയാണ് നാടിന് നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.