സ്ത്രീകള്‍ക്കായി സ്ത്രീകള്‍ നടത്തുന്ന ഹോട്ടലുമായി കെ.ടി.ഡി.സി
text_fieldsതിരുവനന്തപുരം: സ്ത്രീകള്‍ക്കായി സ്ത്രീകള്‍ നടത്തുന്ന ഹോട്ടല്‍ പദ്ധതിയുമായി സംസ്ഥാന വിനോദ സഞ്ചാര വികസന കോര്‍പറേഷന്‍ (കെടിഡിസി). തമ്പാനൂര്‍ കെ.ടി.ഡി.എഫ്.സി കോംപ്ലക്സിലെ 'ഹോസ്റ്റസ്' എന്ന പേരിലുള്ള ഹോട്ടല്‍ പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബുധനാഴ്ച നിര്‍വ്വഹിക്കും. ആറു മാസത്തിനുള്ളില്‍ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കും.
ലോകോത്തര നിലവാരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന ഹോട്ടലില്‍ 22 മുറികളും ഒരേസമയം 28 പേര്‍ക്കുപയോഗിക്കാവുന്ന രണ്ടു ഡോര്‍മിറ്ററികളും സജ്ജീകരിക്കും. ഒരു മുറിക്ക് പ്രതിദിനം1500 രൂപയും ഡോര്‍മിറ്ററിക്ക് 5 മണിക്കൂറിന് 500 രൂപയുമാണ് വാടക. ഇവര്‍ക്ക് പ്രഭാത ഭക്ഷണം സൗജന്യമായിരിക്കും.
തലസ്ഥാന നഗരിയില്‍ എത്തിച്ചേരുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി നിര്‍ഭയം താമസിക്കാന്‍ 'ഹോസ്റ്റസ്' പര്യാപ്തമാകുമെന്ന് കെ.ടി.ഡി.സി എം.ഡി രാഹുല്‍. ആര്‍ പറഞ്ഞു. അസമയത്ത് തമ്പാനൂര്‍ ബസ് ടെര്‍മിനലിലും റെയില്‍വെ സ്റ്റേഷനിലും ഒറ്റയ്ക്കെത്തുന്ന സ്ത്രീകള്‍ക്ക് ഏതാനും ചുവടുകള്‍ വച്ചാല്‍ ഹോസ്റ്റസിൽ എത്താനാവുമെന്നതുകൊണ്ടുതന്നെ രാത്രി സഞ്ചാരം വേണ്ടിവരുന്നില്ല. എത്ര വൈകിയും തലസ്ഥാനത്തെത്തുന്ന സ്ത്രീകള്‍ക്ക് താമസത്തിനും നല്ല ഭക്ഷണത്തിനും ആശ്രയിക്കാവുന്ന ഇടമായി ഹോസ്റ്റസ് മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോക്കര്‍ സൗകര്യം, ചെക്ക് ഇന്‍- ചെക്ക് ഔട്ട് ഉള്‍പ്പെടെ നവീന സാങ്കേതികവിദ്യയിലൂന്നിയ അത്യാധുനികസൗകര്യങ്ങള്‍, ലോണ്‍ഡ്രി, ഫിറ്റ്നസ്, മൈക്രോവേവ് ഓവന്‍ സൗകര്യങ്ങള്‍ എന്നിവ ലഭ്യമാകുന്ന ഹോട്ടലില്‍ സ്ത്രീകള്‍ മാത്രമായിരിക്കും ജീവനക്കാര്‍. രാജ്യത്ത് ഇതാദ്യമായാണ് സര്‍ക്കാര്‍തലത്തില്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഹോട്ടല്‍ സംരംഭം നടപ്പിലാക്കുന്നതെന്ന് കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍ പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് 4.30ന് കെ.ടി.ഡി.എഫ്.സി കോംപ്ലക്സില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ, ടൂറിസം-സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, വാര്‍ഡ് കൗണ്‍സിലര്‍ എം.വി. ജയലക്ഷ്മി, കെ.ടി.ഡി.സി എം.ഡി രാഹുല്‍. ആര്‍ എന്നിവര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.